മദ്രാസിലേക്ക് പറന്നു പോയി ചുള്ളിക്കമ്പു കൊത്തിക്കൊണ്ട് വരും പോലെ പണം കൊണ്ടുവരും! വേദന പങ്കുവെച്ച് ഭാഗ്യലക്ഷ്മി
നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് ശബ്ദം പകര്‍ന്ന കലാകാരിയാണ് ഭാഗ്യലക്ഷ്മി. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നതിലുപരി ബിഗ് ബോസ് താരം കൂടിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള ഭാഗ്യലക്ഷ്മി തന്റെ വിശേഷങ്ങളും ജോലിയെ കുറിച്ചുമൊക്കെ സംസാരിക്കാറുണ്ട്.
എന്നാല്‍ തനിക്കുണ്ടായ വലിയൊരു നഷ്ടത്തിന്റെ വേദന പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു വീഡിയോ ആണ് ഭാഗ്യലക്ഷ്മി പോസ്റ്റ് ചെയ്തത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്വന്തം അധ്വാനത്തിലൂടെ പണികഴിപ്പിച്ച വീട്ടിലേക്ക് കയറി താമസിക്കുമ്പോള്‍ എടുത്ത ചിത്രങ്ങളും ആ വീട്ടിലെ നല്ല ഓര്‍മ്മകളെല്ലാം കോര്‍ത്തിണക്കിയൊരു വീഡിയോ ആയിരുന്നു ഭാഗ്യലക്ഷ്മി പോസ്റ്റ് ചെയ്തത്.

മാത്രമല്ല അത്രയും ആശിച്ചു മോഹിച്ച് പണികഴിപ്പിച്ച വീട് വില്‍ക്കേണ്ടി വരികയും അത് വാങ്ങിയവര്‍ പൊളിക്കുന്നത് കാണേണ്ടി വന്നു എന്നുമാണ് ഭാഗ്യലക്ഷ്മി ഇപ്പോള്‍ പറയുന്നത്. സ്വന്തമായൊരു വീട് പണിയുന്നതിന് വേണ്ടി എടുത്ത അധ്വാനവും ആ വീട്ടില്‍ നിന്ന് ഇറങ്ങി പോരേണ്ടി വന്നതിനെ കുറിച്ചുമൊക്കെ നടി പറയുന്നു.
തിരുവനന്തപുരത്തുള്ള സ്വരം എന്ന പേരിട്ടിരുന്ന വീടിന്റെ രണ്ട് കാലഘട്ടത്തിലെ അവസ്ഥകളും താരം കാണിച്ചിരിക്കുകയാണ്. ഭാഗ്യലക്ഷ്മിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം...
'1985 ല്‍ തിരുവനന്തപുരത്തേക്ക് വിവാഹം കഴിഞ്ഞെത്തുമ്പോള്‍ ഒരു ഒറ്റ മുറിയിലേക്ക് ആയിരുന്നു ഞാന്‍ കയറി ചെന്നത്. അന്ന് മനസ്സില്‍ തോന്നിയ ഒരു സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട്. അങ്ങനെ എന്റെ ശബ്ദം കൊണ്ട് അധ്വാനിച്ച് ഞാനൊരു വീട് പണി തുടങ്ങി. സ്വരം എന്ന് പേരുമിട്ടു.
ആ വീട്ടില്‍ താമസിച്ചു തുടങ്ങിയപ്പോള്‍ എന്തോ ഈ വീട്ടില്‍ ഞാന്‍ അധികകാലം താമസിക്കില്ല എന്നൊരു തോന്നല്‍ എന്റെ ഉള്ളില്‍ വന്നു കൊണ്ടേയിരുന്നു. 2000ല്‍ ഞാന്‍ അവിടെ നിന്നു പടിയിറങ്ങി. പിന്നീട് 2020ല്‍ വീണ്ടും ഞാനങ്ങോട്ട് കയറി ചെന്നപ്പോള്‍ എനിക്കെന്തോ ആ വീട്ടില്‍ താമസിക്കാന്‍ തോന്നിയില്ല. എനിക്ക് മാത്രമല്ല എന്റെ മക്കള്‍ക്കും തോന്നിയില്ല.

അങ്ങനെ ഞങ്ങള്‍ ആ വീട് ഉപേക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. വീട് സ്വന്തമാക്കിയ ആള്‍ അത് പൊളിക്കുന്നത് കണ്ടപ്പോള്‍ മനസ്സിനുള്ളില്‍ എവിടെയോ ഒരു വിങ്ങല്‍ പോലെ. അങ്ങനെ സ്വരം കൊണ്ട് പണിത ഈ വീട് ഇതാ നിലംപതിച്ചിരിക്കുന്നു.
കിളി കൂട് കൂട്ടുന്ന പോലെയാണ് അന്ന് ഞാന്‍ ഈ വീട് വെച്ചത്. മദ്രാസിലേക്ക് പറന്നു പോയി ഒരു ചുള്ളിക്കമ്പു കൊത്തിക്കൊണ്ട് വരും പോലെ പണവും കൊണ്ടുവരും. വീണ്ടും പോകും വരും. ഒടുവില്‍ താമസമായപ്പോഴോ സമാധാനമില്ല. പിന്നെ ഒട്ടും ആലോചിച്ചില്ല. സ്‌നേഹമില്ലാത്തിടത്ത്, സമാധാനമില്ലാത്തിടത്ത് ഒരു നിമിഷം പോലും നില്‍ക്കരുത്. ഉപേക്ഷിക്കണം. അതെത്ര വിലപിടിപ്പുള്ളതായാലും. സമാധാനമാണ് ഒരു മനുഷ്യന് സന്തോഷം തരുന്നത്'. എന്നും ഭാഗ്യലക്ഷ്മി പറയുന്നു.
വളരെ ചെറിയ പ്രായത്തില്‍ കരിയര്‍ തുടങ്ങിയ ആളാണ് ഭാഗ്യലക്ഷ്മി. വീട്ടിലെ ദുരിതങ്ങളില്‍ നിന്നും കഠിനമായി അധ്വാനിച്ചിട്ടാണ് നടി ഇന്നത്തെ നിലയിലേക്ക് വളര്‍ന്നത്. 1975 ല്‍ പുറത്തിറങ്ങിയ അപരാധി എന്ന ചിത്രത്തില്‍ ശബ്ദം നല്‍കിയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. അവിടുന്നിങ്ങോട്ട് ശോഭന, ഉര്‍വശി, എന്നിങ്ങനെ മലയാളത്തിലെയും മറ്റ് ഭാഷകളിലെയും നടിമാര്‍ക്ക് ശബ്ദം കൊടുത്തു.


Click it and Unblock the Notifications











