'മമ്മൂട്ടി ഒരിക്കലും അധികം അടുക്കില്ല... സ്ത്രീകളുടെ അടുത്ത് കുറച്ച് അകലം പാലിച്ച് നിൽക്കും'; ഭാഗ്യലക്ഷ്മി!
സിനിമാമേഖലയിൽ പ്രഗത്ഭയായ ഡബ്ബിങ് ആർട്ടിസ്റ്റാണ് അഭിനേത്രി കൂടിയായ ഭാഗ്യലക്ഷ്മി. മലയാളത്തിലേയും അന്യഭാഷാ ചിത്രത്തിലേയുമൊക്കെ ഒട്ടേറെ നടിമാർക്ക് ശബ്ദമായത് ഭാഗ്യലക്ഷ്മിയാണ്. ഭാഗ്യലക്ഷ്മിയെ മലയാളികൾ കൂടുതൽ അടുത്തറിഞ്ഞത് താരം ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായി എത്തിയശേഷമായിരുന്നു. അധികകാലം ബിഗ് ബോസിൽ നിൽക്കാൻ സാധിച്ചില്ലെങ്കിലും ഹേറ്റേഴ്സിനെ ആരാധകരാക്കി മാറ്റാൻ കുറഞ്ഞ കാലയളവിൽ ഭാഗ്യലക്ഷ്മിക്ക് കഴിഞ്ഞിരുന്നു.
ഡബ്ബിങ് ആർട്ടിസ്റ്റും അഭിനേത്രിയുമെല്ലാമാണെങ്കിലും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ ഇടപെട്ട് തന്റേതായ അഭിപ്രായം പറയാൻ ഭാഗ്യലക്ഷ്മി മടി കാണിക്കാറില്ല. കഴിഞ്ഞ ദിവസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ ഭാഗ്യലക്ഷ്മി പ്രതികരിച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാള സിനിമയിൽ മാത്രമല്ല എല്ലാ മേഖലകളിലും ശുദ്ധികലശം അനിവാര്യമാണെന്നും ഓരോ മേഖലയിലും ഇത്തരത്തിലുള്ള കമ്മിറ്റികൾ രൂപീകരിച്ചാൽ ഇതിന്റെ ഇരട്ടി വെളിപ്പെടുത്തലുകളുമായി സ്ത്രീകൾ രംഗത്തെത്തുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നശേഷം ജനങ്ങൾ ആരാധിച്ചിരുന്ന പല പ്രമുഖ താരങ്ങളുടെ പേരുകളും ഗുരുതര ആരോപണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ജയസൂര്യയുടെ പേരിൽ വെളിപ്പെടുത്തലുകൾ വന്നപ്പോൾ സിനിമാപ്രേമികളെല്ലാം ഞെട്ടലോടെയാണ് അത് കേട്ടത്.
ഫാമിലി മാൻ, ജെന്റിൽമാൻ ടാഗുകൾ ജനങ്ങൾ നൽകിയിരുന്ന നടന്മാരിൽ ഒരാളായിരുന്നു ജയസൂര്യ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പുറത്ത് വിടാത്ത പേജുകൾ കൂടി പുറത്ത് വന്നാൽ കൂടുതൽ വിഗ്രഹങ്ങൾ ഉടയുമെന്നാണ് സിനിമാപ്രേമികൾ തമാശയായി കുറിക്കുന്നത്. എന്നാൽ ഒരു വിഭാഗം ആളുകൾ നടൻ മമ്മൂട്ടിയുടെ പേരിൽ ഒരിക്കലും ഇത്തരം ആരോപണങ്ങൾ ഉണ്ടാവില്ലെന്ന് സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെയും മറ്റും സമർത്ഥിക്കുന്നുണ്ട്.
അത്തരത്തിൽ മമ്മൂട്ടിക്ക് ക്ലീൻ ഇമേജാണെന്ന് ഉറപ്പിച്ച് പറയുന്നതിന്റെ ഭാഗമായി ആരാധകർ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. നടി ഭാഗ്യലക്ഷ്മി വർഷങ്ങൾക്ക് മുമ്പ് എസിവി ചാനലിന് നൽകിയ അഭിമുഖമാണത്. മമ്മൂട്ടിയോട് അധികം സൗഹൃദം പുലർത്താൻ തോന്നാതിരുന്നതിനെ കുറിച്ചാണ് വൈറൽ വീഡിയോയിൽ ഭാഗ്യലക്ഷ്മി പറയുന്നത്. എന്റെ സിനിമാ ജീവിതത്തിൽ ഞാൻ കണ്ടൊരു മമ്മൂട്ടി എന്നൊരു വ്യക്തി ഒരിക്കലും അധികം അങ്ങനെ അടുക്കില്ല.
പ്രത്യേകിച്ച് സ്ത്രീകളുടെ അടുത്ത് കുറച്ച് അകലം പാലിച്ച് നിൽക്കും. എന്തൊ അത് പുള്ളിയുടെ ഒരു നേച്ചറാണ്. ഇവരുടെ അടുത്തൊക്കെ എന്തിനാണ് അധികം അടുക്കാൻ പോകുന്നത് എന്നൊരു തോന്നലായിരിക്കാം. അടുക്കില്ല. ഡബ്ബിങ് തിയേറ്ററിൽ വന്നാൽ പോലും അങ്ങനെ സംസാരിക്കാറില്ല. അതുകൊണ്ട് നമുക്ക് അങ്ങനെ വ്യക്തിപരമായി ഒരിഷ്ടം പോലും അദ്ദേഹത്തോട് തോന്നാറില്ല. ആവശ്യമില്ലെന്ന മട്ടിലാണ് അദ്ദേഹം. നമുക്കും ആവശ്യമില്ല.

അങ്ങനൊരു അകൽച്ച എപ്പോഴും ഈ നടനിൽ എനിക്കുണ്ടായിരുന്നു. തൊണ്ണൂറിൽ അദ്ദേഹത്തിന്റെ ഒരുപാട് നല്ല സിനിമകൾ വന്നിട്ടുണ്ട്. ലൗഡ് സ്പീക്കർ, അരയന്നങ്ങളുടെ വീട്, വല്യേട്ടൻ, രാപ്പകൽ, കാഴ്ച, കറുത്തപക്ഷി, കഥപറയുമ്പോൾ, രാജമാണിക്യം, പാലേരിമാണിക്യം, പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ് വരെ... ഇപ്പോൾ ഈ ഇടക്കാലത്ത് എത്തി നിൽക്കുമ്പോൾ നമ്മുടെ ഉള്ളിലേക്ക് ഇങ്ങനെ കേറി കേറി വരികയാണ് എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.
വീഡിയോ വൈറലായതോടെ മമ്മൂട്ടി ആരാധകർ കമന്റുകളുമായി എത്തി. നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജയസൂര്യയെ കൂടാതെ ലൈംഗീക ആരോപണങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളത് മുകേഷ്, സിദ്ദീഖ്, ഇടവേള ബാബു, മണിയൻപിള്ള രാജു, ബാബുരാജ്, രഞ്ജിത്ത് തുടങ്ങിയ പ്രമുഖരാണ്. അമ്മ സംഘടനയുടെ നേതൃസ്ഥാനത്ത് ഇരിക്കുന്നവരുടെ പേരിൽ തന്നെ ആരോപണങ്ങൾ ഉയർന്നതിൽ കഴിഞ്ഞ ദിവസം അമ്മയിൽ കൂട്ടരാജി നടന്നിരുന്നു.
സംഘടനയുടെ കെട്ടുറപ്പ് നിലനിർത്തുക അത്യാവശ്യമെന്ന് വന്നതോടെയാണ് ഒരു ധാർമിക കാര്യമെന്ന നിലയിൽക്കൂടി രാജിക്കാര്യത്തിലേക്ക് കടക്കാമെന്ന് നേതൃത്വം തീരുമാനിച്ചത്. മമ്മൂട്ടിയുമായി സംസാരിച്ച ശേഷം പ്രസിഡന്റ് മോഹൻലാൽ തന്നെയാണ് ഇക്കാര്യം ആദ്യം അവതരിപ്പിച്ചത്.


Click it and Unblock the Notifications