പൂഴിക്കടകൻ വരെ എടുത്തിട്ടും നടക്കുന്നില്ല; നടി മലയാളമേ പറഞ്ഞിട്ടില്ല; എനിക്ക് പറ്റില്ലെന്ന് പറഞ്ഞു; ദേവി
2016 ൽ റെക്കോഡ് വിജയം സൃഷ്ടിക്കാൻ കഴിഞ്ഞ സിനിമയാണ് പുലിമുരുഖൻ. മോഹൻലാൽ ആരാധകർ ഇത്രമാത്രം ആഘോഷമാക്കിയ മറ്റൊരു സിനിമ അടുത്ത കാലത്തൊന്നും വന്നിട്ടില്ല. വൈശാഖ് സംവിധാനം ചെയ്ത സിനിമയിലെ മോഹൻലാലിന്റെ സംഘട്ടന രംഗങ്ങൾ ഏറെ ശ്രദ്ധ നേടി. കമാലിനി മുഖർജിയാണ് പുലിമുരുകനിൽ നായികാ വേഷം ചെയ്തത്. കമാലിനിക്ക് ശബ്ദം നൽകിയത് പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് ദേവി എസ് ആണ്. കമാലിനി അവതരിപ്പിച്ച മൈന കഥാപാത്രത്തിന് പൂർണത ലഭിച്ചതിൽ വലിയൊരു പങ്കുവഹിച്ചത് ദേവിയുടെ ശബ്ദമാണ്.
എന്നാൽ കാമലിനി മുഖർജിക്ക് വേണ്ടി ഡബ് ചെയ്യുക ദേവിക്ക് എളുപ്പമായിരുന്നില്ല. ഇതേക്കുറിച്ച് ദേവി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു സീൻ കണ്ടപ്പോൾ തന്നെ ഇതെങ്ങനെ ഡബ് ചെയ്യുമെന്ന ഐഡിയ എനിക്ക് കിട്ടുന്നില്ല. കാരണം മലയാളമേ അവർ പറഞ്ഞിട്ടില്ല. പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല കൗണ്ടർ ഡയലോഗ് കേൾക്കുമ്പോൾ എന്താണിവർ പറയുന്നതെന്ന് മനസിലാകുന്നില്ല.

പല സ്ഥലത്തും എന്തോ പറയുന്നു. ഇത് സിങ്ക് ചെയ്യാൻ എത്ര ശ്രമിച്ചിട്ടും നടന്നില്ല. സിനിമയിൽ പറയുന്നത് പോലെ പൂഴിക്കടകൻ വരെ എടുത്തിട്ടും നടക്കുന്നില്ല. ടെക്നീഷ്യൻ അവിടെയും ഇവിടെയുമെല്ലാം കട്ട് ചെയ്തു. ടെക്നോളജിയുടെ എല്ലാ ഉപയോഗവും വരുത്തുന്നു. എന്നിട്ടും ശരിയായില്ല. ഒരു പേപ്പറിന്റെ പുറത്ത് വേറൊരു പേപ്പർ വെക്കുന്നത് പോലെ വെറുതെ പറഞ്ഞ് വെച്ച് പോന്നു.
ഒട്ടും തൃപ്തയല്ലാതെയാണ് തിരിച്ചിറങ്ങുന്നത്. എനിക്ക് തന്നെ അറിയാൻ ഞാൻ ചെയ്തത് ശരിയായില്ലെന്ന്. ഇതിനപ്പുറം എനിക്കൊന്നും ചെയ്യാനില്ലെന്നും എനിക്കറിയാം. എന്നെക്കൊണ്ട് പറ്റുന്നതിന്റെ പരാമവധി അവിടെ ചെയ്തു. വേറൊരു ആർട്ടിസ്റ്റ് വന്നാൽ ചിലപ്പോൾ കുറച്ച് കൂടെ നന്നാവുമായിരിക്കും. തിരിച്ച് വന്ന് കുറച്ച് ദിവസം കഴിഞ്ഞപ്പോൾ പിന്നെയും സിനിമയുടെ ആളുകൾ എന്നെ ഫോൺ ചെയ്ത് സീനുകൾ ആഡ് ചെയ്തിട്ടുണ്ട്, കുറച്ച് സീനുകൾ റീ ഡബ്ബ് ചെയ്യണമെന്നും പറഞ്ഞു. നിങ്ങൾ വേറെ ആരെയെങ്കിലും വെച്ച് ഒന്ന് നോക്ക്.

എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നത് മുഴുവൻ ചെയ്തു. റീ ഡബ് ചെയ്തിട്ട് ഒന്നും ചെയ്യാനില്ലെന്ന് ഞാൻ പറഞ്ഞു. നോക്കാം, വാ എന്ന് പറഞ്ഞു. ഞാനും വൈശാഖേട്ടനും ടെക്നീഷ്യനും അസോസിയേറ്റുമെല്ലാം ചേർന്ന് വലിയൊരു പരിശ്രമ ഫലമായി ലിപ് മൂവ്മെന്റ് അനുസരിച്ച് കുറേ വാക്കുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി. ആ സിനിമ ആദ്യം മുതൽ അവസാനം വരെ വീണ്ടും ഡബ് ചെയ്തു.
എന്നിട്ടും താൻ തൃപ്തയല്ലെന്നും ദേവി തുറന്ന് പറഞ്ഞു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് ദേവി ഇക്കാര്യങ്ങൾ പങ്കുവെച്ചത്. കൊൽക്കത്തക്കാരിയാണ് കമാലിനി മുഥർജി. പുലിമുരുകന് മുമ്പ് നത്തോലി ഒരു ചെറിയ മീനല്ല, കുട്ടി സ്രാങ്ക് എന്നീ മലയാള സിനിമകളിൽ കമാലിനി മുഖർജി അഭിനയിച്ചിട്ടുണ്ട്. പുലിമുരുകന് ശേഷം കമാലിനിയുടെ ഒരു സിനിമയും പുറത്തിറങ്ങിയിട്ടില്ല.


Click it and Unblock the Notifications











