'ദേവയാനിക്ക് ഡബ് ചെയ്യാൻ വിളിച്ചപ്പോഴുണ്ടായ അനുഭവം; ആരാണ് പിന്നിലെന്ന് അറിഞ്ഞെങ്കിലും വഴക്കിന് പോയില്ല'
ഡബ്ബിംഗ് രംഗത്ത് തന്റെതായ സ്ഥാനം നേടിയെടുത്ത കലാകാരിയാണ് ശ്രീജ രവി. ഒരു കാലഘട്ടത്തിൽ മലയാളത്തിലും തമിഴിലും നായികമാർക്ക് ശബ്ദം നൽകിയത് ശ്രീജയാണ്. കാവ്യ മാധവൻ, ശാലിനി, റോമ തുടങ്ങിയവർക്കെല്ലാം ശ്രീജ ശബ്ദം നൽകി. ഇന്ന് അഭിനയത്തിലും ശ്രീജ രവി സജീവമായിക്കൊണ്ടിരിക്കുകയാണ്. ശ്രീജ രവിയുടെ മകൾ രവീണ നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ്. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ ഡബ്ബിംഗ് അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ശ്രീജയും രവീണയും.
രണ്ടായിരത്തോളം സിനിമകൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. എങ്കിലും ഒരു പടത്തിലെങ്കിലും മുഖം കാണിച്ചാൽ അത് അംഗീകരിക്കപ്പെടും. ഓൺസ്ക്രീനിൽ വരുന്നതിലും ഓഫ്സ്ക്രീനിൽ വർക്ക് ചെയ്യുന്നതിലും ഒരുപാട് വ്യത്യാസമുണ്ട്. നിരവധി തവണ അത് ഫീൽ ചെയ്തിട്ടുണ്ട്. ഡബ് ചെയ്ത സിനിമ തിയറ്ററിൽ കാണുമ്പോൾ അടുത്തിരിക്കുന്നവർ നായികയെ വാഴ്ത്തും. ആ ശബ്ദം എന്റേതാണെന്ന് ഇവർക്ക് മനസിലാകുന്നില്ലല്ലോ എന്ന് തോന്നിയിട്ടുണ്ടെന്നും ശ്രീജ രവി വ്യക്തമാക്കി.
ശാലിനി, കാവ്യ, ശ്യാമിലി തുടങ്ങിയവർക്കെല്ലാം ബാലതാരമായിരിക്കുമ്പോൾ ഡബ് ചെയ്തിട്ടുണ്ട്. അവർ നായികയായപ്പോഴും ഞാൻ ഈ ഫീൽഡിൽ ഉള്ളതിൽ സന്തോഷമുണ്ട്. ബേബി ശ്യാമിലിക്ക് മൂന്ന് വയസുള്ളപ്പോൾ ഡബ് ചെയ്യുമ്പോൾ എനിക്ക് ഇരുപത്തിമൂന്നോ ഇരുപത്തി നാലോ വയസാണ്. ഒരുപാട് പരിശ്രമിച്ചാണ് അന്ന് കുട്ടികളുടെ ശബ്ദത്തിൽ സംസാരിച്ചതെന്നും ശ്രീജ പറഞ്ഞു.
കുട്ടികൾക്ക് ഡബ്ബ് ചെയ്യുമ്പോഴല്ലാതെ നായികമാർക്ക് ഡബ് ചെയ്യുമ്പോൾ ശബ്ദം മാറ്റിയിട്ടില്ല. കഥാപാത്രത്തെയും അഭിനയത്തെയും ഉൾക്കൊള്ളുമ്പോൾ ഓരോ നായികമാർക്കും വ്യത്യസ്ത ശബ്ദമാണെന്ന് പ്രേക്ഷകർക്ക് തോന്നുകയാണെന്ന് ശ്രീജ വ്യക്തമാക്കി. കാതല്ക്ക് മരിയാദെയിൽ ശാലിനി വളരെ സോഫ്റ്റായാണ് സംസാരിച്ചത്. ശാലിനി സംസാരിച്ച ട്രാക്ക് കേൾക്കും. ആ മോഡുലേഷനിലേക്ക് പോകും. കഥാപാത്രത്തിലേക്ക് ഇറങ്ങുമ്പോൾ ശബ്ദം മാറും.

എന്റെ ഡബ്ബിംഗ് നല്ലതാണെന്ന് ശാലിനിയും ദേവയാനിയുമെല്ലാം പറഞ്ഞിട്ടുണ്ട്. പക്ഷെ ഇവർക്കെല്ലാം ഡബ് ചെയ്തത് തനാണെന്ന് പലർക്കും അറിയില്ലെന്നും ശ്രീജ ചൂണ്ടിക്കാട്ടി. ഡബ്ബിംഗ് മേഖലയിലും പൊളിറ്റിക്സും മത്സരവും ഉണ്ടെന്ന് ശ്രീജ വ്യക്തമാക്കി. ദേവയാനിക്ക് കാതൽ കോട്ടെ എന്ന സിനിമ മുതൽ തുടർച്ചയായി ഞാനാണ് ഡബ് ചെയ്തിരുന്നത്. ഒരു സൂപ്പർഹിറ്റായ സിനിമയ്ക്ക് ദേവയാനി എന്നെ വിളിച്ചു.
നാട്ടിലുണ്ടോ, ഇങ്ങനെയൊരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, നിങ്ങൾ ശബ്ദം നൽകണമെന്ന് പറഞ്ഞു. ഞാൻ ഓക്കെ പറഞ്ഞു. കമ്പനിയിൽ നിന്നും കോൾ വന്നു. അന്ന് പ്രൊഡക്ഷനിൽ നിന്നും വണ്ടി അയക്കും. ഞാൻ കാത്തിരുന്നു. വിളിച്ച് ചോദിച്ചപ്പോൾ എഡിറ്റ് കഴിഞ്ഞിട്ടില്ല, രണ്ട് റീൽ വരാനുണ്ട്. അത് കഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞു. മൂന്ന് നാല് ദിവസമായിട്ടും കോളില്ല. ഞാൻ മറന്നു. പിന്നീട് മറ്റൊരാൾ ആ സിനിമ ഡബ് ചെയ്തെന്ന് ഞാനറിഞ്ഞു.

അതിന് പിന്നിൽ ആരാണെന്ന് എനിക്കറിയാം. പക്ഷെ ഞങ്ങൾ വഴക്കിനൊന്നും പോയില്ലെന്ന് ശ്രീജ പറഞ്ഞു. സമാന അനുഭവം തനിക്കുമുണ്ടായിട്ടുണ്ടെന്ന് രവീണയും വ്യക്തമാക്കി. എമി ജാക്സന് ഡബ് ചെയ്യാൻ വിളിച്ചെങ്കിലും പിന്നീട് തന്നെ മാറ്റിയെന്ന് രവീണ തുറന്ന് പറഞ്ഞു. ഇപ്പോൾ മത്സരം കൂടുതലാണ്. നായികമാർക്ക് ശബ്ദം നൽകാൻ ഒരുപാട് പേരുണ്ട്. റിലീസ് വരെയും നമ്മുടെ ശബ്ദം ഉണ്ടോയെന്ന് അറിയില്ല. ഇതിനിടയിൽ എന്ത് വേണമെങ്കിലും നടക്കാമെന്നും രവീണ ചൂണ്ടിക്കാട്ടി.
അമ്മ വളരെ ഡെഡിക്കേറ്റഡ് ആണ്. ഡയറക്ടർമാർ ഓക്കെ പറഞ്ഞാലും അമ്മ പത്ത് മോഡുലേഷനിൽ ഡബ്ബ് ചെയ്യും. അമ്മയ്ക്ക് വളരെ ക്ഷമയുണ്ട്. ഒരു ദിവസം കൊണ്ട് അമ്മ ഒരു സിനിമ ഡബ് ചെയ്ത് തീർക്കാറുണ്ടെന്ന് രവീണ പറയുന്നു. ഇതേക്കുറിച്ച് ശ്രീജയും സംസാരിച്ചു. രാവിലെ പത്ത് മണിക്ക് തുടങ്ങിയാൽ ചിലർ രണ്ട് മണിക്കൂർ കഴിഞ്ഞ് ബ്രേക്ക് എടുക്കും. എനിക്കത് ഇഷ്ടമല്ല. തുടങ്ങിയാൽ ഒരേ ഒഴുക്കിൽ പോകണം. കഥാപാത്രത്തിൽ ഇൻവോൾവ് ചെയ്യാം. അതിനിടയിൽ ഗ്യാപ്പ് എടുത്താൻ ആ ഡബ്ബിംഗിലെ ഒഴുക്ക് പോകുമെന്ന് ശ്രീജ വ്യക്തമാക്കി.


Click it and Unblock the Notifications











