മമ്മൂട്ടിയുടെ പ്ലേ ഹൗസിന് പേരിട്ടത് ദുല്‍ഖര്‍! ലോഗോ ഡിസൈന്‍ സുറുമി! വെളിപ്പെടുത്തലുമായി താരപുത്രന്!
യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് ദുല്‍ഖര്‍ സല്മാന്. എല്ലാതരത്തിലുമുള്ള കഥാപാത്രവും തനിക്ക് വഴങ്ങുമെന്ന് വ്യക്തമാക്കി മുന്നേറുകയാണ് താരം. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു താരപുത്രന് അരങ്ങേറിയത്. ഇടയ്ക്ക് സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളെയായിരുന്നു ലഭിച്ചിരുന്നതെങ്കിലും പിന്നീട് താരം ട്രാക്ക് മാറ്റുകയായിരുന്നു. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. വിവിധ ഭാഷകളിലായി അഭിനയിച്ചപ്പോഴാണ് സ്വന്തം ഭാഷയിലേക്ക് മാറിനില്‍ക്കാമെന്ന് തോന്നിയത്. ഇവിടെ എപ്പോഴും തന്രെ സാന്നിധ്യമുണ്ടാവണമെന്നും കരുതിയിരുന്നു. നല്ല സിനിമകളുടെ ഭാഗമാവാനാണ് താല്പര്യമെന്നും അദ്ദേഹം പറയുന്നു.
വരനെ ആവശ്യമുണ്ട് നിര്‍മ്മിച്ചത് ദുല്‍ഖര്‍ സല്‍മാനായിരുന്നു. കുറുപ്പ്, മണിയറയിലെ അശോകന് ഈ സനിമകളും വേ ഫെയറര്‍ ഫിലിംസാണ് നിര്‍മ്മിക്കുന്നത്. മണിയറയിലെ അശോകനാണ് ആദ്യം പ്ളാൻ ചെയ്തത്. എല്ലാം ശരിയായി വരാൻ കുറച്ച് സമയമെടുത്തു. അതുപോലെ കുറുപ്പിനെ കുറിച്ച് ഞാനും സംവിധായകൻ ശ്രീനാഥും സംസാരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി. എല്ലാം റെഡിയായി വന്നപ്പോൾ നമ്മുടെ ബാനറിൽ തന്നെ ചെയ്യേണ്ടി വന്നു. എല്ലാം യാദൃച്ഛികമായി സംഭവിച്ചതാണെന്നും അദ്ദേഹം പറയുന്നു.

നിര്മ്മാണക്കന്പനിക്ക് പേരിട്ടതിനെക്കുറിച്ചും ദുല്‍ഖര്‍ പറഞ്ഞിരുന്നു. യാത്ര ഇഷ്ടമായതുകൊണ്ടാണ് ആ പേര്. ട്രാവലർ എന്നാണ് അതിന്റെ അർത്ഥം. പ്ളേ ഹൗസ് എന്ന ബാനറിനും പേരിട്ടത് ഞാനാണ്. സഹോദരിയാണ് അതിന്റെ ലോഗോ ചെയ്തത്. നല്ല സിനിമകള്‍ വന്നാല്‍ സ്വന്തമായി നിര്‍മ്മിക്കും. കഥകള്‍ കേള്‍ക്കാനായൊരു ടീമുണ്ട്. താനും അതില്‍ ഇടപെടാറുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു. പ്ളേ ഹൗസ് ശരിക്കും എന്റെ ബാനറല്ല. അത് ഞാൻ വരുന്നതിന് മുമ്പേയുള്ളതാണ്. എനിക്ക് എന്റേതായ ഒരു ടീം ഉണ്ടാക്കണം എന്നുണ്ടായിരുന്നു. വേഫെയറർ ഫിലിംസ് സ്വതന്ത്രമായി നടക്കുന്നൊരു കമ്പനിയായി മാറണമെന്നുണ്ട്. ഒരു ശ്രമമാണ്.
സെക്കൻഡ് ഷോ ചെയ്യുമ്പോഴേ ശ്രീനാഥ് കുറുപ്പിന്റെ കാര്യം പറയുമായിരുന്നു. അന്ന് ഞാൻ അതിനെക്കുറിച്ച ചിന്തിച്ചില്ല. ആദ്യ സിനിമയിൽ അഭിനയിക്കുന്ന സമയമല്ലേ. പക്ഷേ, എന്ത് ചർച്ച നടന്നാലും അത് കുറുപ്പിലേക്ക് വരും. പിന്നീട് വന്ന തിരക്കഥയും ട്രീറ്റ്മെന്റുമെല്ലാം ഞങ്ങൾക്ക് ഇഷ്ടമായി. സുകുമാരക്കുറുപ്പിനെ കുറിച്ച് നേരത്തേയും ചില സിനിമകൾ വന്നിട്ടുണ്ട്. അവയിൽ നിന്നും വ്യത്യസ്തമായി അയാളുടെ ഭൂതകാലത്തെ പറ്റി ആളുകൾക്ക് അറിയാത്ത ചില വിശദാംശങ്ങൾ ഈ സിനിമ പറയുന്നുണ്ടെന്നും ദുല്‍ഖര്‍ സല്മാന് പറയുന്നു.


Click it and Unblock the Notifications