അമാല്‍ സൂഫിയ സുരേഷ് ഗോപിയെ വിളിച്ചിരുന്നുവെന്ന് ദുല്‍ഖര്‍! അച്ഛന് സന്തോഷമായെന്ന് കല്യാണിയും!
കാത്തിരിപ്പിനൊടുവിലായി തിയേറ്ററുകളിലേക്കെത്തിയ വരനെ ആവശ്യമുണ്ട് വിജയകരമായി മുന്നേറുകയാണ്. നിരവധി പ്രത്യേകതകളുമായാണ് ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. സത്യന്‍ അന്തിക്കാടിന്‍രെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ആദ്യ സിനിമ, ദുല്‍ഖര്‍ സല്‍മാന്‍രെ നിര്‍മ്മാണം. കല്യാണി പ്രിയദര്‍ശന്റെ ആദ്യ മലയാള സിനിമ, ഇടവേള അവസാനിപ്പിച്ച് സുരേഷ് ഗോപിയും ശോഭനയും തിരിച്ചെത്തിയ സിനിമ. നിറഞ്ഞ മനസ്സോടെയാണ് സിനിമാലോകവും പ്രേക്ഷകരും ഇവരെ സ്വീകരിച്ചത്. ഈ സന്തോഷം പങ്കുവെക്കാനായി സംവിധായകനും താരങ്ങളുമൊക്കെ എത്തിയിരുന്നു. അനൂപ് സത്യന്‍, കല്യാണി പ്രിയദര്‍ശന്‍, മേജര്‍ രവി, ജോണി ആന്റണി, അല്‍ഫോണ്‍സ് തുടങ്ങിയവരായിരുന്നു പ്രസ് മീറ്റില്‍ പങ്കെടുത്തത്.
ഈ സിനിമയെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്‍മാനായിരുന്നു സംസാരം തുടങ്ങിയത്. പൊതുവെ റിലീസിന് ശേഷം പത്രസമ്മേളനവുമായെത്തുന്ന പതിവില്ല തനിക്കെന്നും ഇത്തവണ അതീവ സന്തോഷത്തോടെയാണ് നിങ്ങള്‍ക്ക് മുന്നിലിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്റ്റൈലിഷ് ലുക്കിലായിരുന്നു താരമെത്തിയത്. കുറുപ്പിലെ പുതിയ ലുക്കാണോ ഇതെന്നുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട അനുഭവങ്ങളെക്കുറിച്ചായിരുന്നു എല്ലാവരും സംസാരിച്ചത്. നസ്രിയയില്‍ നിന്നും കല്യാണിയിലേക്ക് എത്തിയതും, ശോഭനയ്ക്കും ദുല്‍ഖറിനും സുരേഷ് ഗോപിക്കുമൊപ്പമെല്ലാം പ്രവര്‍ത്തിച്ചതിനെക്കുറിച്ചുമായിരുന്നു അനൂപ് പറഞ്ഞത്. തങ്ങളുടെ അനുഭവത്തെക്കുറിച്ചായിരുന്നു കല്യാണിയും ദുല്‍ഖറും പറഞ്ഞത്.

കല്യാണിയോട് പ്രിയദര്‍ശന്‍ പറഞ്ഞത്
അച്ഛൻ സിനിമ കണ്ടിട്ടില്ലെന്ന് കല്യാണി പറയുന്നു. സിനിമ കണ്ട ആളുകൾ ഒരുപാട് മെസേജുകൾ അച്ഛന് അയച്ചിരുന്നതായും കല്യാണി പറഞ്ഞു. ആ മെസേജുകളൊക്കെ വായിച്ച ശേഷം അച്ഛൻ ആദ്യമായി തനിക്കൊരു മെസേജ് തിരിച്ച് അയച്ചെന്നും അതിൽ ‘ഐ ആം പ്രൗഡ് ഓഫ് യു' എന്നാണ് എഴുതിയിരുന്നുതെന്നും കല്യാണി പറഞ്ഞു. മലയാളത്തിലേക്കുള്ള തന്‍റെ വരവില്‍ സന്തുഷ്ടയാണ് ഈ താരപുത്രി. മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ട്.

അച്ഛന് ഏറെ ഇഷ്ടമായത്
ഈ സിനിമയുടെ സ്ക്രിപറ്റ് തന്നെ കാണിക്കാതിരുന്നത് നന്നായി എന്നായിരുന്നു അച്ഛൻ പറഞ്ഞതെന്ന് അനൂപ് സത്യൻ പറഞ്ഞിരുന്നു. ‘അച്ഛന്റെ ശൈലിയിലുള്ള സിനിമ അല്ലായിരുന്നു ഇത്. അച്ഛന് നല്ല ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ സിനിമ അച്ഛന് ഒരുപാട് ഇഷ്ടമായി. കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന പ്രമേയമായതിനാൽ അച്ഛന്റെ പ്രേക്ഷകരും ഹാപ്പിയായി എന്നതാണ് മറ്റൊരു സന്തോഷം. കല്യാണിയുടെ പ്രകടനമാണ് അച്ഛനേറെ ഇഷ്ടമായതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മമ്മൂട്ടിയുടെ മെസ്സേജ്
മമ്മൂട്ടി സാർ സിനിമ കണ്ട് സുരേഷ് ഗോപിക്ക് മെസേജ് അയച്ചതായി അനൂപ് സത്യൻ പറഞ്ഞു. ‘ശോഭന, സുരേഷ് ഗോപി എന്നിവരെ തിരിച്ചുകൊണ്ടുവരുമ്പോൾ പ്രേക്ഷകരും ഹാപ്പിയാകണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അവരെ കാണുമ്പോൾ തിയറ്ററിൽ നിന്നുയരുന്ന ആരവം കാണുമ്പോൾ സന്തോഷം തോന്നുന്നു. ഇത്രയും നാൾ ഇവർ എവിടെയായിരുന്നുവെന്ന് എന്നോട് തന്നെ ഒരുപാട് പേർ ചോദിച്ചിരുന്നുവെന്നും അനൂപ് പറയുന്നു. അമാല്‍ സുരേഷ് ഗോപിയെ വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്ന് ദുല്‍ഖറും പറഞ്ഞിരുന്നു.

ഒന്നര വര്‍ഷത്തിന് ശേഷം
ഇവർ രണ്ട് പേരും ഇല്ലായിരുന്നുവെങ്കിൽ ഈ സിനിമ ഞാൻ മലയാളത്തിൽ ചെയ്യുമായിരുന്നില്ലെന്നും അനൂപ് സത്യന്‍ പറഞ്ഞിരുന്നു. ഇവരെ കാത്തിരുന്ന് ഒന്നര വർഷത്തിനു ശേഷമാണ് ഈ സിനിമ തുടങ്ങുന്നത്. അതിന്റെയൊരു പ്രത്യേക സന്തോഷമുണ്ട്. സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോൾ അവരും ഹാപ്പിയാണ്. ഈ ചിത്രത്തില്‍ അഭിനയിക്കണമെന്നായിരുന്നു ആദ്യം ദുല്‍ഖര്‍ പറഞ്ഞത്. പിന്നീട് കഥ കേട്ടതിന് ശേഷമാണ് താന്‍ അഭിനയിക്കുകയാണെന്ന് പറഞ്ഞത്. അതോടെ കഥയില്‍ തിരുത്ത് വരുത്തുകയായിരുന്നു.


Click it and Unblock the Notifications











