ദുല്‍ഖര്‍ കൂട്ടുകാരന് കൊടുത്ത സമ്മാനമാണോ? ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മൂന്ന് നായികമാര്‍!
Recommended Video
ബോളിവുഡിലടക്കം അരങ്ങേറ്റം നടത്തിയിരിക്കുന്ന നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണത്തിലേക്ക് കൂടി ചുവടുമാറുകയാണ്. അടുത്തിടെയാണ് ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ നടന്നത്. ചിത്രത്തിലൂടെ നിരവധി പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജേക്കബ് ഗ്രിഗറിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികമാരുടെ കാര്യമാണ് ശ്രദ്ധേയം. ചിത്രത്തില്‍ മൂന്നോളം നായികമാരുണ്ടെന്നാണ് സൂചന. അനുപമ പരമേശ്വരന്‍, നിഖില വിമല്‍, അനു സിത്താര എന്നിവരെയാണ് ദുല്‍ഖറിന്റെ ചിത്രത്തിലെ നായികമാരായി പരിഗണിക്കുന്നത്. ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലൂടെ അനുപമയും ദുല്‍ഖറും നേരത്തെ ഒന്നിച്ചിരുന്നു. കഴിഞ്ഞ മാസം റിലീസിനെത്തിയ ഒരു യമണ്ടന്‍ പ്രേമകഥയില്‍ ദുല്‍ഖറും നിഖിലയും ഒന്നിച്ചിരുന്നു.

നിര്‍മാണത്തിനൊപ്പം സിനിമയില്‍ ദുല്‍ഖര്‍ ഒരു അതിഥി വേഷത്തില്‍ എത്താന്‍ സാധ്യതയുള്ളതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്. ഏറെ കാലമായി സിനിമയിലും പുറത്തും അടുത്ത് സൗഹൃദം സൂക്ഷിക്കുന്നവരാണ് ദുല്‍ഖറും ഗ്രിഗറിയും. എബിസിഡി, 100 ഡേയ്‌സ് ഓഫ് ലവ്, ജോമോന്റെ സുവിശേഷങ്ങള്‍, പറവ എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചിരുന്നു.
നിലവില്‍ ആലുവയില്‍ നിന്നുമാണ് സിനിമയുടെ ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കുന്നത്. സജദ് കാക്കു ആണ് ഛായാഗ്രഹണം, ശ്രീഹരി കെ നായര്‍ സംഗീതം കൈകാര്യം ചെയ്യും. ദുല്‍ഖര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ടൈറ്റില്‍ ഉടന്‍ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രീകരണം വേഗം പൂര്‍ത്തിയായ ഉടന്‍ ഈ വര്‍ഷം തന്നെ റിലീസ് ചെയ്യാനുള്ള സാധ്യതയുമുണ്ട്.


Click it and Unblock the Notifications