വല്യുപ്പയുടേയും വാപ്പയുടേയും വണ്ടിഭ്രാന്ത് മറിയത്തിനും, സൂപ്പർ ബൈക്കിൽ ദുൽഖറും മകളും, 369 ഗാരേജിന്റെ അവകാശി
നടൻ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിലാണ് സിനിമയിലേക്ക് എത്തിയതെങ്കിലും പാൻ ഇന്ത്യൻ ലെവലിൽ ആരാധകരുള്ള താരമായും അഭിനേതാവായും ദുൽഖർ സൽമാൻ മാറിയത് സ്വന്തം പ്രയത്നം ഒന്നുകൊണ്ട് മാത്രമാണ്. മമ്മൂട്ടിയുടെ മകൻ എന്ന ലേബലുണ്ടായിരുന്നതിനാൽ സെക്കന്റ് ഷോ ഷൂട്ടിങ് സമയത്തും സിനിമയുടെ റിലീസ് സമയത്തും വലിയൊരു ഭയം ദുൽഖറിനെ അലട്ടിയിരുന്നു.
എന്നാൽ സെക്കന്റ് ഷോയ്ക്കുശേഷം സിനിമ തന്നെയാണ് തന്റേയും വഴിയെന്ന് മനസിലാക്കി അഭിനയം തുടരാൻ നടൻ തീരുമാനിക്കുകയായിരുന്നു. മമ്മൂട്ടിയെപ്പോലെ തന്നെ ദുൽഖറും ഒരു ഫാമിലിമാനാണ്. സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവഴിക്കുന്നതിനേക്കാൾ കുടുംബത്തിനോടൊപ്പം സമയം ചിലവഴിക്കുന്നതിലാണ് ദുൽഖറിനും സന്തോഷം. സിനിമയിൽ അരങ്ങേറും മുമ്പായിരുന്നു നടന്റെ വിവാഹം.

ഭാര്യ അമാൽ ദുൽഖറിന് എല്ലാവിധ പിന്തുണയും നൽകി ഒപ്പമുണ്ട്. സിനിമയും അഭിനയവും പോലെ തന്നെ ദുൽഖറിനെ ഏറെ പ്രിയപ്പെട്ട ഒന്നാണ് വാഹനങ്ങൾ. മമ്മൂട്ടിയും വാഹനങ്ങളോട് കമ്പമുള്ളയാണ്. എഴുപത്തിനാല് വയസിലും ഡ്രൈവിങ്ങിനോടുള്ള മമ്മൂട്ടിയുടെ ഭ്രമത്തിന് കുറവ് വന്നിട്ടില്ല. എക്സ്ക്ലൂസീവ് ലക്ഷ്വറി വാഹനങ്ങളുടെ വലിയൊരു ശേഖരം തന്നെ മെഗസ്റ്റാറിന്റെ ഫാമിലിക്കുണ്ട്. ഇപ്പോഴിതാ മെഗാസ്റ്റാർ കുടുംബത്തിൽ പുതിയൊരു റൈഡർ ജനിച്ചിരിക്കുകയാണ്.
അത് മറ്റാരുമല്ല ദുൽഖറിന്റെ ഏക മകൾ മറിയം അമീറ സൽമാനാണ്. സൂപ്പർ ബൈക്കും കാറുകളും കുഞ്ഞ് മറിയത്തിനും ഹരമാണെന്നത് കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ പ്രചരിച്ച ഒരു വൈറൽ ഫോട്ടോയിൽ നിന്ന് വ്യക്തമാണ്. ദുല്‍ഖറിന് നിക്ഷേപമുള്ള അള്‍ട്രാവയലറ്റിന്റെ F77 ഇലക്ട്രിക് സൂപ്പർ ബൈക്കിൽ ദുൽഖറിനൊപ്പം മറിയം ഇരിക്കുന്നതായിരുന്നു ഫോട്ടോ.
കറുപ്പ് നിറത്തിലുള്ള ട്രൗസറും ഓവർ സൈസ്ഡ് ഷർട്ടും തൊപ്പിയുമായിരുന്നു ദുൽഖറിന്റെ വേഷം. പിങ്ക് ലെഗിൻസും ബ്ലൂ കളറിലുള്ള ടീ ഷർട്ടുമായിരുന്നു കുഞ്ഞ് മറിയത്തിന്റെ വേഷം. ബൈക്കിന്റെ ഹാന്റിലിൽ ആവേശത്തോടെ പിടിച്ച് സൂപ്പർ ബൈക്കിന്റെ ഭംഗി ആസ്വദിക്കുകയാണ് മറിയം ഫോട്ടോ വൈറലായതോടെ വല്യുപ്പയുടേയും വാപ്പയുടേയും വണ്ടിഭ്രാന്ത് മറിയത്തിന്റെ മുഖത്തും വ്യക്തമാണെന്നായിരുന്നു കമന്റുകൾ.
369 ഗ്യാരേജിന്റെ അവകാശി മറിയമായതിൽ സന്തോഷിക്കുന്നുവെന്നും കമന്റുകളുണ്ട്. മമ്മൂട്ടിയുടെ വാഹനങ്ങളുടെ നമ്പര്‍ എല്ലാം തന്നെ 369 എന്ന നമ്പറിൽ അവസാനിക്കുന്നതാണ്. തമിഴ്‌നാട് രജിസ്ട്രേഷനുള്ള ദുൽഖറിന്റെ പുതിയ ബൈക്കിന്റെ നമ്പറും 369 തന്നെയാണ്. ദുൽഖറിന്റെ പുതിയ ഹൈ-എൻഡ് ഇലക്ട്രിക് സൂപ്പർ ബൈക്കിന്റെ വില മൂന്ന് മുതൽ നാല് ലക്ഷം രൂപ വരെയാണ്. ആദ്യമായാണ് സൂപ്പർ ബൈക്കിലിരിക്കുന്ന മറിയത്തിന്റെ ഒരു ഫോട്ടോ പുറത്ത് വരുന്നത്.

അതുകൊണ്ട് തന്നെ മമ്മൂട്ടി ആരാധകരും അത് ആഘോഷിച്ചു. കുട്ടിക്കാലം മുതൽ ദുൽഖർ ഒരു വാഹനപ്രേമിയാണെന്ന് പലപ്പോഴും മമ്മൂട്ടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അത് തന്നെയാവും മറിയത്തിനും ഇപ്പോൾ പകർന്ന് കിട്ടിയിരിക്കുന്നത്. മിനിയേച്ചർ കാറുകളുടെ ശേഖരമായിരുന്നു കുട്ടിക്കാലത്തുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ സ്വപ്ന വാഹനങ്ങളുടെ വലിയൊരു ശേഖരമാണ് ദുൽഖറിനുള്ളത്. വാഹനത്തോടുള്ള മമ്മൂട്ടിയുടെ പ്രണയത്തിന് ഇപ്പോഴും കുറവ് വന്നിട്ടില്ല.
ഡ്രൈവറുണ്ടെങ്കിലും ഭൂരിഭാഗം യാത്രകളിലും സ്റ്റിയറിങ് മമ്മൂട്ടിയുടെ കയ്യിൽ തന്നെയാകും. പോർഷേ 911 കരേര എസ്, ഓഡി ക്യു7, മെഴ്‌സിഡസ് ബെൻസ് എസ്എൽഎസ് എഎംജി, റേഞ്ച് റോവർ വോഗ്, ബിഎംഡബ്യൂ എം3 കൺവേർട്ടിബിൾ, ഫെരാരി 458 സ്പൈഡർ, പാനമേറ, മിനി കൂപ്പർ തുടങ്ങിയ ആഢംബര വാഹനങ്ങളാണ് സൂപ്പർ ബൈക്കുകൾക്ക് പുറമെ മെഗാ ഫാമിലിക്ക് സ്വന്തമായി ഉള്ളത്.


Click it and Unblock the Notifications