വിവാഹം എന്തുകൊണ്ട് നേരത്തെ, ഭാര്യയുണ്ടെന്ന് അറിഞ്ഞപ്പോൾ എന്റെ ഹൃദയം തകർന്നു; ബോളിവുഡ് ആരാധികമാർ
മലയാളത്തിൽ നിന്നും മറ്റ് ഭാഷകളിലേക്ക് കടന്ന് ശ്രദ്ധ നേടിയ നടൻമാരുണ്ടെങ്കിലും തുടരെ സിനിമകൾ അന്യഭാഷകളിൽ ചെയ്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞത് ദുൽഖർ സൽമാനാണ്. മലയാളത്തിൽ ഇപ്പോൾ പഴയത് പോലെ സജീവമല്ലെങ്കിലും തെലുങ്കിൽ നിന്നും ഹിന്ദിയിൽ നിന്നും മികച്ച അവസരങ്ങൾ താരത്തെ തേടിയെത്തുന്നു. ഒടുവിൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മികച്ച വിജയം നേടി. ഇക്കാലയളവിനിടെ ദുൽഖർ ഉണ്ടാക്കിയ ആരാധക വൃന്ദവും ചെറുതല്ല. മലയാളത്തിൽ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിലാണ് ദുൽഖർ തുടക്ക കാലത്ത് ശ്രദ്ധിക്കപ്പെട്ടതെങ്കിലും മറ്റ് ഭാഷകളിൽ ദുൽഖർ സ്വന്തമായുണ്ടാക്കിയ ജനപ്രീതിയാണ്.
സ്ത്രീ ആരാധകരുടെ വലിയൊരു നിര തന്നെ ദുൽഖറിനുണ്ട്. ചോക്ലേറ്റ് നായകനാണ് തമിഴിലും തെലുങ്കിലും ഹിന്ദിയിലും ദുൽഖർ. കഴിഞ്ഞ ദിവസം റെഡ്ഡിറ്റിൽ നടന്ന ചർച്ച ഇതിനുദാഹരണമാണ്. 13ാം വിവാഹ വാർഷിക ദിനത്തിൽ ഭാര്യ അമാലിനൊപ്പം സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചതായിരുന്നു ദുൽഖർ. ഈ പോസ്റ്റാണ് നടന്റെ ബോളിവുഡ് ആരാധകർ ചർച്ചയാക്കിയത്.

ദുൽഖർ താനേറെ ഇഷ്ടപ്പെട്ട നടനായിരുന്നു എന്നാണ് ഒരു ആരാധിക കുറിച്ചത്. 'സോയ ഫാക്ടർ കണ്ട ശേഷം ദുൽഖറിനോട് എനിക്ക് വലിയ ക്രഷ് തോന്നി. പിറ്റേ ദിവസം സ്കൂളിൽ പോയപ്പോൾ എന്റെ മലയാളി സുഹൃത്തിനോട് ഇക്കാര്യം ഞാൻ പറഞ്ഞു. നടൻ വിവാഹിതനാണെന്ന് അവളെന്നോട് പറഞ്ഞു. എന്റെ ഹൃദയം തകർന്നു. ഒരു സെെക്കോയെ പോലെ ഒരാഴ്ച ഞാൻ ദുഖിതയായിരുന്നു. എനിക്ക് 16 വയസായിരുന്നു ജഡ്ജ് ചെയ്യരുത്. ഞാൻ അദ്ദേഹത്തെ ഭാര്യയെക്കുറിച്ച് ഗൂഗിൾ ചെയ്തു. അവൾ വളരെ സുന്ദരിയാണ്,' റെഡിറ്റിൽ വന്ന കമന്റിങ്ങനെ.
കരിയർ തുടങ്ങുന്നതിന് മുമ്പേ ദുൽഖറിന്റെ വിവാഹം പിതാവ് നടത്തിയതാണ്. സിനിമാ രംഗത്ത് നിന്ന് മരുമകൾ വേണ്ടാത്തത് കൊണ്ടാണതെന്നാണ് ഈ കമന്റിന് മറ്റൊരാൾ നൽകിയ മറുപടി. ഇത്ര ഭംഗിയുള്ള ഭാര്യയെ ലഭിച്ചതിൽ ദുൽഖർ ഭാഗ്യവാനാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. ദുൽഖറിനെ പോലെ സുമുഖനായ ഭർത്താവിനെ ലഭിച്ചതിൽ അമാലാണ് ഭാഗ്യവതിയെന്നും കമന്റുകളുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ദുൽഖറിന്റെയും അമാലിന്റെയും 13ാം വിവാഹ വാർഷിക ദിനം. . 25ാം വയസിലാണ് ദുൽഖർ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. അന്ന് ദുൽഖർ നടനായിട്ടില്ല. ഒരേ സ്കൂളിൽ പഠിച്ചവരാണ് ഇവർ. ദുൽഖറിനേക്കാൾ അഞ്ച് വയസ് കുറവാണ് അമാലിന്. ഏറെക്കാലത്തിന് ശേഷം വീണ്ടും കണ്ടപ്പോഴാണ് പരസ്പരം അടുക്കുന്നത്. 2011 ഡിസംബർ 22 നായിരുന്നു വിവാഹം. ഭാര്യക്കും മകൾ മറിയക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് ദുൽഖർ സൽമാൻ. താരത്തിന്റെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ദുൽഖറിന്റെ വരും സിനിമകളിൽ ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്.


Click it and Unblock the Notifications











