ദുല്‍ഖറിന്റെ ഒകെ കണ്‍മണി പുറത്തിറങ്ങി നാല് വര്‍ഷങ്ങള്‍! മണിരത്‌നം മാജിക്ക് കണ്ട ആരാധകരുടെ ഇഷ്ടചിത്രം
ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായി മാറിയ ചിത്രമായിരുന്നു ഒകെ കണ്‍മണി. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍നിന്നും വലിയ വിജയം തന്നെയായിരുന്നു നേടിയിരുന്നത്. വായെ മൂടി പേസവും ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറിയ ദുല്‍ഖറിന്റെ രണ്ടാമത്തെ തമിഴ് സിനിമ കൂടിയായിരുന്നു ഒകെ കണ്‍മണി.
മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നം തന്നെ നിര്‍മ്മിച്ച ചിത്രം മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു. 2015 എപ്രില്‍ 17നായിരുന്നു ഒകെ കണ്‍മണി പുറത്തിറങ്ങിയിരുന്നത്. സിനിമ ഇറങ്ങി നാല് വര്‍ഷങ്ങള്‍ ആവുകയാണ്. ഒകെ കണ്‍മണിയെ ഓര്‍ത്ത് സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാനും ഛായാഗ്രാഹകന്‍ പിസി ശ്രീറാമും ട്വിറ്ററില്‍ എത്തിയിരുന്നു.

ഒകെ കണ്‍മണി
മണിരത്‌നത്തിന്റെ പതിവ് സിനിമകളില്‍ നിന്നും മാറി സഞ്ചരിച്ച ഒരു ചിത്രം കൂടിയായിരുന്നു ഒകെ കണ്‍മണി. ഒ കാതല്‍ കണ്‍മണി എന്ന പേരില്‍ തമിഴില്‍ പുറത്തിറങ്ങിയ ചിത്രം ഒകെ ബംഗാരം എന്ന ടൈറ്റിലിലാണ് തെലുങ്കില്‍ ഇറങ്ങിയിരുന്നത്. ദുല്‍ഖര്‍ അവതരിപ്പിച്ച ആദിത്യ വരദരാജനും നിത്യ അവതരിപ്പിച്ച താരയും ആയിരുന്നു സിനിമയില്‍ നിറഞ്ഞുനിന്നത്. ഇരുവരുടെയും പ്രകടനങ്ങള്‍ തന്നെയായിരുന്നു സിനിമയുടെ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്.

ആദിയും താരയും
ഉസ്താദ് ഹോട്ടല്‍,100ഡേയ്‌സ് ഓഫ് ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖറും നിത്യയും ഒന്നിച്ചഭിനയിച്ച സിനിമ കൂടിയായിരുന്നു ഒകെ കണ്‍മണി. മുംബൈയില്‍ കംപ്യൂട്ടര്‍ ഗെയിമുകള്‍ സൃഷ്ടിക്കുന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന ആദിയും ആര്‍ക്കി ടെക്ക്റ്റായ താരയുടെയും കഥയാണ് ഒകെ കണ്‍മണി പറഞ്ഞത്. വിവാഹം എന്ന സമ്പ്രദായത്തോട് എതിര്‍പ്പുളളവരായ ഇവര്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലൂടെ മുന്നോട്ട് പോവുന്നു. ഇവരുടെ ജീവിതത്തിലെ സന്തോഷങ്ങളും കുസൃതികളും ദുഖങ്ങളുമൊക്കയായിരുന്നു ചിത്രത്തില്‍ കാണിച്ചിരുന്നത്.

മണിരത്‌നം-റഹ്മാന്‍ കൂട്ടുകെട്ട്
ദുല്‍ഖറിന്റെയും നിത്യയുടെയും പ്രകടനങ്ങള്‍ക്കു പുറമെ ഏആര്‍ റഹ്മാന്‍ ഒരുക്കിയ പാട്ടുകളും ചിത്രത്തിന്റെതായി ശ്രദ്ധേയമായിരുന്നു. ഒമ്പത് പാട്ടുകളായിരുന്നു സിനിമയ്ക്ക് വേണ്ടി ഏആര്‍ റഹ്മാന്‍ ഒരുക്കിയിരുന്നത്. മണിരത്‌നം-റഹ്മാന്‍ കൂട്ടുകെട്ടില്‍ ഒരിടവേളയ്ക്കു ശേഷം വന്ന ഹിറ്റ് ചിത്രം കൂടിയായിരുന്നു ഒകെ കണ്‍മണി. ഒപ്പം പിസി ശ്രീറാമിന്റെ ഛായാഗ്രഹണവും സിനിമയില്‍ മികച്ചുനിന്നിരുന്നു.

ദുല്‍ഖറിനും നിത്യയ്ക്കു പുറമെ
സംവിധാനത്തിനു പുറമെ ഒകെ കണ്‍മണിയുടെ തിരക്കഥയും നിര്‍മ്മാണവും എല്ലാം നിര്‍വ്വഹിച്ചിരുന്നത് മണിരത്‌നം തന്നെയായിരുന്നു. മണിരത്‌നത്തിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായിട്ടാണ് ഒകെ കണ്‍മണി അറിയപ്പെടുന്നത്. ദുല്‍ഖറിനും നിത്യയ്ക്കു പുറമെ പ്രകാശ് രാജ്,ലീലാ സാംസണ്‍ തുടങ്ങിയ താരങ്ങളും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ചിത്രത്തില്‍ പ്രാധാന്യമുളള വേഷങ്ങളായിരുന്നു ഇരുവരും ചെയ്തിരുന്നത്.

യുവത്വത്തിന്റെ ആഘോഷമായിട്ടാണ്
യുവത്വത്തിന്റെ ആഘോഷമായിട്ടാണ് ഒകെ കണ്‍മണി പുറത്തിറങ്ങിയിരുന്നത്. സിനിമ ഇറങ്ങിയ സമയം യുവാക്കള്‍ക്കിടയില്‍ ചിത്രം തരംഗമായി മാറിയിരുന്നു. തമിഴ്‌നാട്ടിനു പുറമെ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമെല്ലാം തന്നെ സിനിമയ്ക്ക് മികച്ച സ്വീകാര്യത തന്നെ ലഭിച്ചു. സിനിമ പിന്നീട് ബോളിവുഡില്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഒകെ ജാനു എന്ന പേരിലായിരുന്നു റീമേക്ക് ചിത്രം പുറത്തിറങ്ങിയിരുന്നത്.


Click it and Unblock the Notifications











