മലയാളത്തില്‍ സിനിമകള്‍ കുറച്ചു! വീട്ടുകാര്‍ പരാതിപ്പെടാറുളള ആ കാര്യത്തെക്കുറിച്ച് ദുല്‍ഖര്‍
മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങിയിട്ടുളള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. നടന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ദുല്‍ഖറിന്റെ എറ്റവും പുതിയ ബോളിവുഡ് ചിത്രമായ ദി സോയ ഫാക്ടര്‍ സെപ്റ്റംബര്‍ 20നാണ് റിലീസ് ചെയ്യുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് നടനുളളത്.

അടുത്തിടെ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ബോളിവുഡിലോ മറ്റു ഭാഷകളിലോ സിനിമകള്‍ തിരഞ്ഞെടുക്കപ്പോള്‍ കുടുംബം എന്താണ് പറയാറുളളതെന്നായിരുന്നു ദുല്‍ഖറിനോട് അവതാരിക ചോദിച്ചത്. ഇതിനുളള മറുപടിയായി അവര്‍ക്ക് എപ്പോഴും താന്‍ ചെയ്യുന്ന കാര്യത്തെക്കുറിച്ച് ആകാംക്ഷയുണ്ടാവാറുണ്ടെന്ന് ദുല്‍ഖര്‍ പറയുന്നു.

അവരുടെ പരാതി എന്തെന്ന് വെച്ചാല്‍ ഞാന്‍ മലയാളത്തില്‍ വളരെ കുറച്ച് സിനിമകള്‍ മാത്രമേ ചെയ്യുന്നുളളു എന്നതാണ്. ഞാന്‍ കൂടുതല്‍ സിനിമകള്‍ ഇവിടെ ചെയ്യണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. എപ്പോഴും മനസില്‍ വെക്കേണ്ട കാര്യം ഇതായിരിക്കണമെന്നാണ് പറയാറുളളത്. അല്ലാത്തപക്ഷം, വ്യത്യസ്ത വ്യവസായങ്ങളില്‍ എന്നെ കാണുകയും അവിടെ അംഗീകരിക്കപ്പെടുകയും ചെയ്യുന്നതില്‍ അവര്‍ എപ്പോഴും സന്തുഷ്ടരാണ്.

അവര്‍ക്ക് അഭിമാനം തോന്നാറുണ്ട്. ഇത് അതിശയകരമാണ്. ഈ യാത്രയുടെ എല്ലാ ദിവസവും ഞാന്‍ സ്‌നേഹിക്കുന്നു. അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ തുറന്നുപറഞ്ഞു. അതേസമയം കര്‍വാന്‍ എന്ന ചിത്രത്തിന് ശേഷമാണ് ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും ബോളിവുഡിലേക്ക് എത്തുന്നത്. അനുജ ചൗഹാന്‍ എഴുതിയ സോയ ഫാക്ടര്‍ എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കികൊണ്ടാണ് സിനിമ എടുത്തിരിക്കുന്നത്.

അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്ത ചിത്രത്തില്‍ സോനം കപൂറാണ് ദുല്‍ഖറിനൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നത്. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിനും പാട്ടുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യത സമൂഹമാധ്യമങ്ങളില്‍ ല്ഭിച്ചിരുന്നു. ക്രിക്കറ്റ് താരമായിട്ടാണ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ചിരിക്കുന്നത്. കരിയറില്‍ ആദ്യമായിട്ടാണ് നടന്‍ ഇത്തരമൊരു വേഷത്തില്‍ എത്തുന്നുണ്ട്.

കര്‍വാന്റെ സമയത്ത് തന്നെയാണ് ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രം പ്രഖ്യാപിച്ചിരുന്നത്. അതേസമയം മലയാളത്തില്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പാണ് ദുല്‍ഖര്‍ സല്‍മാന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സെക്കന്റ് ഷോ എന്ന തന്റെ ആദ്യ ചിത്രം കഴിഞ്ഞ് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സംവിധായകനൊപ്പം ദുല്‍ഖര്‍ ഒന്നിക്കുന്നത്. സണ്ണി വെയ്ന്‍,ഷൈന്‍ ടോം ചാക്കോ, ഇന്ദ്രജിത്ത് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കികൊണ്ടാണ് കുറുപ്പ് ഒരുക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍ എത്തുന്നത്. നടന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രം ആരാധകരും സിനിമാ പ്രേമികളും വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. അടുത്തിടെയാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നത്. കുറുപ്പിന്റെതായി പുറത്തുവിട്ട പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു.


Click it and Unblock the Notifications











