'എന്റെ മകൾ അല്ലു അർജുന്റെ വലിയ ആരാധിക... ആ ചോദ്യം കേട്ടപ്പോൾ നടൻ എന്നതിൽ നിന്നും മാറി ഞാൻ ഒരു പിതാവായി'
കൊത്തയുടെ തകർച്ചയോടെ മലയാളം വിട്ട് പോയതാണ് ദുൽഖർ സൽമാൻ. അതിനുശേഷം മലയാളത്തിൽ ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല. മലയാളികൾ പിന്നീട് ദുൽഖറിനെ കണ്ടിട്ടുള്ളത് മൊഴിമാറ്റിയെത്തുന്ന തെലുങ്ക് സിനിമകളിലാണ്. നടന്റെ തിരിച്ചുവരവ് ആരാധകരും പ്രതീക്ഷിക്കുന്നുണ്ട്. ഇനി കൂടുതൽ സിനിമകൾ മലയാളത്തിൽ ചെയ്യുമെന്ന് കഴിഞ്ഞ ദിവസം താരത്തിന്റെ പുതിയ സിനിമ ലക്കി ഭാസ്കറിന്റെ പ്രമോഷന് എത്തിയപ്പോൾ ദുൽഖർ പറഞ്ഞിരുന്നു.
ഉടനെ മലയാളത്തിൽ സിനിമകൾ ചെയ്യുമെന്നും നിങ്ങൾക്ക് ഇഷ്ടപെട്ട സംവിധായകർക്ക് ഒപ്പമാണ് ഇനി വരുന്ന സിനിമകൾ എന്നുമാണ് ദുൽഖർ പറഞ്ഞത്. മലയാളത്തിലെന്നതുപോലെ തെലുങ്കിലെ യുവാതരങ്ങൾക്കിടയിലും തന്റേതായ ഒരു സ്ഥാനം ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ ദുൽഖർ നേടിയെടുത്തിട്ടുണ്ട്.

ലക്കി ഭാസ്കർ സിനിമയുടെ പ്രീ റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്നിരുന്നു. തെലുങ്കിലെ മുൻ താരങ്ങളും സംവിധായകരുമെല്ലാം ദുൽഖറിനും ടീമിനും ആശംസകൾ നേരാനും ചടങ്ങിൽ പങ്കെടുക്കാനുമായി എത്തിയിരുന്നു. വിജയ് ദേവരകൊണ്ട, സംവിധായകൻ ത്രിവിക്രം ശ്രീനിവാസ് എന്നിവരാണ് അവരിൽ പ്രധാനികൾ.
പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ ത്രിവിക്രം ശ്രീനിവാസിന്റെ അല വൈകുണ്ഠപുരമലു സിനിമയെ കുറിച്ചും അല്ലു അർജുനെ കുറിച്ചും ദുൽഖർ സൽമാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ മകൾ മറിയത്തിന് ഏറ്റവും പ്രിയപ്പെട്ട നടനാണ് അല്ലു അർജുൻ എന്നാണ് ദുൽഖർ സൽമാൻ പറഞ്ഞത്. ഞാൻ അല വൈകുണ്ഠപുരമലു സിനിമ കണ്ടിരുന്നു. എന്റെ ഫേവറേറ്റ് സിനിമകളിൽ ഒന്നാണത്. എന്റെ മകൾ അല്ലു അർജുന്റെ വലിയ ആരാധികയാണ്.
ഒരിക്കൽ എന്നോട് ചോദിച്ചിരുന്നു... അല്ലു അർജുനെ അറിയാമോയെന്ന്. ആ ചോദ്യം മകളിൽ നിന്നും കേട്ടപ്പോൾ നടൻ എന്നതിൽ നിന്നും മാറി പെട്ടന്ന് ഞാനൊരു പിതാവായി മാറി. അല്ലു അർജുനെ കാണാനും സംസാരിക്കാനും സാധിച്ചാൽ നിങ്ങൾക്കും അദ്ദേഹത്തെ കാണാനുള്ള അവസരം ഉണ്ടാക്കുമെന്ന് ശേഷം ഞാൻ പറഞ്ഞു. എന്റെ കുടുംബത്തിൽ അദ്ദേഹത്തിന് നിരവധി ആരാധകരുണ്ടെന്നാണ് ദുൽഖർ സൽമാൻ പറഞ്ഞത്.
വീട്ടിൽ ഇന്ത്യൻ സിനിമ കണ്ട മഹാനടൻ മമ്മൂട്ടി വരെയുണ്ടായിട്ടും മറിയത്തിന്റെ ഹൃദയം കീഴടക്കിയത് അല്ലു അർജുനാണെന്ന് ദുൽഖറിന്റെ വായിൽ നിന്ന് തന്നെ കേട്ടപ്പോൾ കരഘോഷവും ആർപ്പ് വിളികളും ഉയർന്നു. മലയാളികളുടെ ദത്തുപുത്രനാണ് അല്ലു അർജുൻ. മലയാളികൾക്ക് തന്നോടുള്ള സ്നേഹത്തിന്റെ ആഴം അല്ലു അർജുനും അറിയാം. പുഷ്പ 2വാണ് അല്ലു അർജുന്റെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ.

കുടുംബസമേതം ഇന്നേവരെ ഒരു അഭിമുഖത്തിലും ദുൽഖർ പ്രത്യക്ഷപ്പെട്ടിട്ടില്ല. സിനിമാക്കാരുടെ പരിപാടികളിൽ കുടുംബസമേതം എത്തുമ്പോഴോ സോഷ്യൽമീഡിയയിൽ ചിത്രങ്ങൾ പങ്കുവെക്കുമ്പോഴോവാണ് ദുൽഖറിന്റെ കുഞ്ഞ് മറിയത്തിന്റെ വിശേഷങ്ങൾ ആരാധകർ അറിയുന്നത്. നടൻ കുഞ്ചന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മമ്മൂട്ടി എത്തിയപ്പോൾ വലത് കയ്യിൽ തൂങ്ങി കുഞ്ഞ് മറിയവുമുണ്ടായിരുന്നു.
2011 ഡിസംബര്‍ 22നാണ് ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരായത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്റ്റാണ്. വിവാഹശേഷം 2012ലാണ് ദുല്‍ഖര്‍ സിനിമയിലെത്തുന്നത്. 2017 മെയ് അഞ്ചിനാണ് ഇരുവർക്കും മകള്‍ മറിയം പിറന്നത്. മമ്മൂട്ടിയും ഇടയ്ക്ക് മറിയത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.


Click it and Unblock the Notifications