കള്ളച്ചിരി വേണ്ട! മകന്റെ ചിത്രങ്ങൾ പകർത്തി വാപ്പിച്ചി, 'മുട്ട് കൂട്ടിയിടിക്കുകയായിരുന്നു'വെന്ന് ദുൽഖർ
മലയാള സിനിമയ്ക്ക് ലഭിച്ച രണ്ട് വിലപിടിപ്പുള്ള മുത്തുകളാണ് മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും. രണ്ടുപേരും വിലമതിക്കാനാവാത്ത കലാകാരന്മാരാണ്. അച്ഛനും മകനും ഒരുപോലെ ഇന്ത്യൻ സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ്. അഭിനേതാക്കൾ എന്നതിലുപരി ഇതുപോലൊരു അച്ഛൻ-മകൻ കോമ്പോ മലയാളത്തിൽ വേറെയുണ്ടോ എന്നത് പോലും സംശയമാണ്. ഇരുവരും തമ്മിലുള്ള ബോണ്ടിങും സൗഹൃദവും താരങ്ങളഉടെ വീഡിയോകളും സോഷ്യൽമീഡിയ പേജുകളും ഫോളോ ചെയ്യുന്നവർക്ക് കൃത്യമായി അറിയാവുന്ന കാര്യമാണ്.
മമ്മൂട്ടി ഇലക്ട്രോണിക്ക് സാധനങ്ങളോട് ഭ്രാന്തുള്ള വ്യക്തിയാണ്. അതിപ്പോൾ മൊബൈൽ ആയാലും ക്യാമറ ആയാലും ടെക്ക്നിക്കലായുള്ള എല്ലാ കാര്യത്തെ കുറിച്ചും അതിന്റെ പുത്തൻ അപ്ഡേഷനുകളെ കുറിച്ച് പോലും മെഗാസ്റ്റാറിന് നല്ല അവഗാഹമുണ്ട്. അദ്ദേഹത്തിന്റെ കൈവശം ക്യാമറകളുടെ വലിയ ശേഖരവുമുണ്ട്. ക്യാമറകൾ സൂക്ഷിക്കുന്നത് മാത്രമല്ല മനോഹരമായി സീനറികളും പോട്രേറ്റുകളും പകർത്തുന്നതിലും മമ്മൂക്കയ്ക്ക് അപാരമായ കഴിവുണ്ട്.

താരം പകർത്തിയ പ്രകൃതി ദൃശ്യങ്ങളും സുഹൃത്തുക്കളുടെ ചിത്രങ്ങളുമൊക്കെ മുമ്പും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ മകൻ ദുൽഖറിന്റെ മനോഹര ചിത്രങ്ങൾ ക്യാമറയിലാക്കിയ മമ്മൂട്ടിയുടെ വിശേഷങ്ങളാണ് വൈറലാകുന്നത്. വാപ്പിച്ചി പകർത്തിയ തന്റെ ചിത്രങ്ങൾ ദുൽഖർ സൽമാൻ തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഒപ്പം മനോഹരമായ ഒരു കുറിപ്പുമുണ്ടായിരുന്നു. 'സീനിയർ നിങ്ങളോട് പറയുന്നു.... വെളിച്ചത്തിലേക്ക് നിൽക്കൂ.... ക്യാമറയിലേക്ക് നോക്കൂ... കള്ള ചിരി പാടില്ല.... എന്ന്..... അപ്പോഴും കാൽമുട്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു... കാരണം ലെൻസ് പിന്നിൽ അദ്ദേഹമാണ്....' മമ്മൂട്ടിയെ ടാഗ് ചെയ്തുകൊണ്ട് ദുൽഖർ കുറിച്ചു.

ഓറഞ്ചും മെറൂണും കറുപ്പും കലർന്ന ഷർട്ടിൽ സിംപിൾ ലുക്കിലാണ് മമ്മൂക്കയ്ക്ക് വേണ്ടി ദുൽഖർ മോഡലായത്. ദുൽഖറിന്റെ ഏറ്റവും നിഷ്കളങ്കമായ ചിരി ഒരുപക്ഷെ മമ്മൂക്ക പകർത്തിയ ഈ ചിത്രങ്ങളിലേതാകും. ദുൽഖറിന്റെ സോഷ്യൽമീഡിയ പോസ്റ്റ് നിമിഷം നേരം കൊണ്ടാണ് വൈറലായത്. 'ആർട്ടും ആർട്ടിസ്റ്റും ഒരുമിച്ച് ചിത്രത്തിൽ തെളിയുന്നു' തുടങ്ങി നിരവധി അഭിനന്ദ കമന്റുകളാണ് ദുൽഖറിന്റെ ഫോട്ടോയ്ക്ക് ലഭിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനുകളിൽ ലഭിക്കുന്ന ഇടവേളകളിലും മറ്റും സഹതാരങ്ങളുടെ ചിത്രങ്ങൾ പകർത്താനും മമ്മൂട്ടി മടിക്കാറില്ല. മമ്മൂട്ടി പകർത്തിയ തങ്ങളുടെ ചിത്രങ്ങൾ അഭിമാനത്തോടെയും സന്തോഷത്തോടെയും താരങ്ങളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്.

ഭീഷ്മപർവ്വത്തിന്റെ പ്രമോഷനിടെ മമ്മൂട്ടി തന്റെ ചിത്രം പകർത്തിയതിനെ കുറിച്ച് നേരത്തെ നടി ലെന കുറിപ്പ് ഷെയർ ചെയ്തിരുന്നു. ഒരു ക്യാമറയ്ക്ക് മുന്നിലും ഇത്ര പരിഭ്രാന്തിയോടെ നിന്നിട്ടില്ലെന്നും ഈ ചിത്രത്തെ താൻ നിധിയായി കരുതുന്നുവെന്നുമാണ് മമ്മൂട്ടി പകർത്തി ചിത്രങ്ങൾ പങ്കുവെച്ച് ലെന മുമ്പ് കുറിച്ചത്. താരസുന്ദരി നയൻതാരയുടെ ഫോട്ടോകൾ പകർത്തുന്ന മമ്മൂട്ടിയുടെ ഒരു വീഡിയോയും മുമ്പ് വൈറലായിരുന്നു. മമ്മൂട്ടിയും നയൻതാരയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഭാസ്‌കർ ദി റാസ്‌കൽ എന്ന സിനിമയുടെ സെറ്റിൽ നിന്നുള്ള വീഡിയോ ആയിരുന്നു അത്. ഇനി റിലീസിന് തയ്യാറെടുക്കുന്ന മമ്മൂട്ടി ചിത്രം സിബിഐ 5-ദി ബ്രെയിനാണ്.
Recommended Video

സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് ലഭിച്ച സ്വീകാര്യത വലുതായിരുന്നു. ചിത്രം മെയ് ഒന്നിന് പ്രേക്ഷകർക്ക് മുന്നിലെത്തും. റിലീസിന് മുന്നോടിയായി ബുർജ് ഖലീഫയിൽ പ്രമോ ട്രെയിലർ പ്രദർശിപ്പിക്കുമെന്ന് മമ്മൂട്ടി അറിയിച്ചിരുന്നു. ഏപ്രിൽ 29നാണ് ചിത്രത്തിന്റെ പ്രമോ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുക. ആശാ ശരത്താണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. മുകേഷ്, രൺജി പണിക്കർ, സൗബിൻ ഷാഹിർ, സായ് കുമാർ എന്നിവർക്കൊപ്പം ഒട്ടേറെ താരങ്ങളും ചിത്രത്തിൻറെ ഭാഗമായിട്ടുണ്ട്.


Click it and Unblock the Notifications