എന്റെ കാര്യത്തിൽ തൃപ്തനല്ല, ഞാൻ ഒരു സിനിമ ചെയ്യുമ്പോഴേക്കും അദ്ദേഹം ചെയ്ത സിനിമകൾ: ദുൽഖർ
മലയാളത്തിലെ താര പുത്രൻമാരിൽ ഏറ്റവും താരമൂല്യമുള്ള നടൻമാരിൽ ഒരാളാണ് ദുൽഖർ. മലയാളത്തിലെ നടൻ എന്നതിനപ്പുറം ഇന്ന് പാൻ ഇന്ത്യൻ താരമാണ് ദുൽഖർ. തെലുങ്ക് സിനിമാ രംഗത്ത് വലിയ ജനപ്രീതി ദുൽഖറിനുണ്ട്. ഒടുവിൽ പുറത്തിറങ്ങിയ ലക്കി ഭാസ്കർ ടോളിവുഡിൽ വൻ ഹിറ്റായി. മലയാളത്തിൽ ദുൽഖറിന്റെ ശക്തമായ തിരിച്ച് വരവ് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. ഒടുവിൽ പുറത്തിറങ്ങിയ കിംഗ് ഓഫ് കൊത്ത വിജയിച്ചില്ല.
മമ്മൂട്ടിയുടെ മകനെന്ന ലേബലിൽ കരിയറിൽ മുന്നോട്ട് നീങ്ങാൻ ദുൽഖർ ആഗ്രഹിച്ചിട്ടില്ല. ഇന്നത്തെ നിലയിലേക്ക് ഉയരാൻ താരപുത്രന്റെ പ്രിവിലേജുകൾക്കപ്പുറം ദുൽഖറിന്റെ വലിയ പ്രയത്നവുമുണ്ട്. വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള മമ്മൂട്ടി കരിയറിൽ മകന് ഉപദേശങ്ങൾ നൽകാറുണ്ട്. ഇതേക്കുറിച്ച് ദുൽഖർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

താൻ ഒരു പ്രൊജക്ട് കഴിഞ്ഞ് അടുത്ത പ്രൊജക്ടിലേക്ക് പോകാൻ ഏറെ സമയമെടുക്കുന്നതിൽ പിതാവിന് അതൃപ്തിയുണ്ടെന്ന് ദുൽഖർ പറയുന്നു. നടൻ റാണ ദഗുബതിയുടെ ഷോയിൽ സംസാരിക്കുകയായിരുന്നു താരം. അദ്ദേഹം കരുതുന്നത് ഞാൻ കൂടുതൽ വർക്ക് ചെയ്യണമെന്നാണ്. ഒരു പ്രൊജക്ട് ചർച്ച ചെയ്യാനും തീരുമാനിക്കാനും ഒരുപാട് സമയം എടുക്കുന്നുണ്ട്. അദ്ദേഹത്തിന് അതൊന്നും മനസിലാകുന്നില്ല. നീ നിന്റെ വർക്ക് ചെയ്യുക.
ഡിസ്കണക്ട് ചെയ്ത് പുതിയ പ്രൊജക്ട് തുടങ്ങുകയും അടുത്ത പ്രൊജക്ട് തീരുമാനിക്കുകയും ചെയ്യെന്നാണ് പിതാവ് പറയാറെന്നും ദുൽഖർ സൽമാൻ വ്യക്തമാക്കി. മമ്മൂട്ടി സിനിമകൾ ചെയ്യുന്ന രീതിയെക്കുറിച്ചും ദുൽഖർ സംസാരിച്ചു. അദ്ദേഹം സിനിമകൾ തീർത്ത് യാത്ര പോകും. തിരിച്ച് വന്ന് അടുത്ത സിനിമ ചെയ്യും. ഇത് തുടർന്ന് കൊണ്ടിരിക്കും. താൻ ലക്കി ഭാസ്കർ ചെയ്ത കാലയളവിൽ പിതാവിന്റെ മൂന്നോ നാലോ സിനിമകൾ വന്നു.

അടുത്ത നാലോളം സിനിമകളിൽ വർക്ക് ചെയ്യാനും തുടങ്ങിയെന്ന് ദുൽഖർ സൽമാൻ വ്യക്തമാക്കി. ലക്കി ഭാസ്കറിന്റെ വിജയത്തിളക്കത്തിലാണ് ദുൽഖറിപ്പോൾ. കാന്ത, ആകാസം ലോ ഒക താര എന്നിവയാണ് ഈ ചിത്രങ്ങൾ. ആകാസം ലോ ഒക താരയിൽ സായ് പല്ലവിയാണ് നായിക. തെലുങ്ക് സിനിമകളിൽ നടൻ സജീവമാകുമ്പോൾ മലയാളത്തിൽ സിനിമകൾ വരുന്നില്ലെന്ന നിരാശ ആരാധകർക്കുണ്ട്.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച വർഷങ്ങളിൽ ഒന്നായിരുന്നു 2024. ഭ്രമയുഗം, കാതൽ ദ കോർ തുടങ്ങിയ സിനിമകളുമായി മമ്മൂട്ടി പ്രേക്ഷകർക്ക് മുന്നിലെത്തി.ദുൽഖറിന് പുറമെ കരിയറിൽ നിരവധി പേർക്ക് മമ്മൂട്ടി ഉപദേശം നൽകാറുണ്ട്. അടുത്തിടെ നടി സുഹാസിനി ഇതേക്കുറിച്ച് സംസാരിക്കുകയുണ്ടായി.
തന്റെ ഒരു സിനിമയിലെ പ്രകടനം കണ്ട് മമ്മൂട്ടി വിളിച്ചു. ഇരുപതികളിലേത് പോലെ ഈ ഇപ്പോൾ അഭിനയിക്കേണ്ട. കുറച്ച് കുറയ്ക്കാമെന്ന് പറഞ്ഞു. സത്യസന്ധവും തനിക്ക് ആവശ്യമുള്ളതുമായ ഉപദേശമായിരുന്നു അതെന്നാണ് സുഹാസിനി പറഞ്ഞത്. സമാനമായി നിരവധി നടീ നടൻമാർ മമ്മൂട്ടി കരിയറിൽ നൽകിയ ഉപദേശങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications