ദുല്‍ഖര്‍ മികച്ച നടനാവുന്നത് വെറുതേയല്ല! മമ്മൂട്ടി കൊടുത്തിരിക്കുന്ന ഉപദേശം കിടുവാണ്!
2012 ല്‍ താരപുത്രനായി സിനിമയിലേക്കെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ കുറഞ്ഞ കാലത്തിനുള്ളില്‍ ഇന്ത്യന്‍ സിനിമയില്‍ അറിയപ്പെടുന്ന തരത്തില്‍ വളര്‍ന്നിരുന്നു. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു ദുല്‍ഖര്‍ നടത്തിയത്. ബോളിവുഡില്‍ വരെ തന്റെ സാന്നിധ്യമറിയിച്ച ദുല്‍ഖറിന് രാജ്യത്തൊട്ടാകെ നിരവധി ആരാധകരുമുണ്ട്.
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനാണെങ്കിലും താരപുത്രന്‍ എന്ന ലേബലില്‍ നിന്നും മാറി ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടനായിട്ടാണ് അറിയപ്പെടുന്നത്. അഭിനയത്തിന്റെ കാര്യത്തില്‍ വാപ്പച്ചിയെ പിന്തുടരുന്നില്ലെങ്കിലും അദ്ദേഹം നല്‍കുന്ന ഉപദേശങ്ങള്‍ അതുപോലെ പിന്തുടരുന്ന ആളാണ് ദുല്‍ഖര്‍. അടുത്തിടെ ഒരു അഭിമുഖത്തില്‍ അക്കാര്യം താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.

ദുല്‍ഖറിന്റെ വാക്കുകളിലേക്ക്..
ഒരു സ്വാകാര്യ എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ തുറന്ന് സംസാരിച്ചത്. അഭിനയ ജീവിതത്തില്‍ ലഭിച്ച മികച്ച ഉപദേശത്തെ കുറിച്ചായിരുന്നു അവതാരക ദുല്‍ഖറിനോട് ചോദിച്ചത്. ആക്ഷനും കട്ടിനും ഇടയില്‍ ലോകത്തിലെ ഏറ്റവും നല്ല നടനാണെന്ന് കരുതുക. കട്ട് പറഞ്ഞ് കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും മോശം നടനാണെന്ന് കരുതുക. ഇതായിരുന്നു തനിക്ക് കിട്ടി മികച്ച ഉപദേശമെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ തുറന്ന് പറഞ്ഞത്.

ആരുടെ ഉപദേശം
ഇത് ആര് പറഞ്ഞതാണെന്നുള്ളതായിരുന്നു അടുത്ത ചോദ്യം. ഒരു കുസൃതി ചിരിയോടെ വാപ്പച്ചി പറഞ്ഞ് തന്ന ഉപദേശമാണെന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. ദുല്‍ഖറിന്റെ മറുപടി കൈയടികളോടെയാണ് എല്ലാവരും സ്വീകരിച്ചത്. അടുത്തിടെ റിലീസിനെത്തിയ ബോളിവുഡ് ചിത്രം കാര്‍വാന്റെ വിശേഷങ്ങളുമായിട്ടായിരുന്നു ദുല്‍ഖര്‍ അഭിമുഖത്തിനെത്തിയത്. ഒപ്പം സംവിധാകന്‍ ആകര്‍ഷ് ഖുറാന, നടി മിഥില പാര്‍ക്കാര്‍ എന്നിവരുമുണ്ടായിരുന്നു.

ദുല്‍ഖറിന്റെ വിജയയാത്ര
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനായി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത്. 2012 ല്‍ റിലീസിനെത്തിയ സെക്കന്‍ഡ് ഷോ ക്രൈം ഫിലിമായിരുന്നു. ആദ്യ സിനിമ പ്രതീക്ഷിച്ച പോലെ വിജയിച്ചില്ലെങ്കിലും പിന്നിടുള്ള ദിവസങ്ങള്‍ ദുല്‍ഖറിനുള്ളതായിരുന്നു. വ്യത്യസ്ത വേഷങ്ങളിലൂടെ നിരവധി സിനിമകളില്‍ അഭിനയിച്ച ദുല്‍ഖറിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ ലഭിച്ചിരുന്നു.

അന്യഭാഷകളില്‍ തരംഗം
മലയാളത്തില്‍ നിന്നും തെന്നിന്ത്യയിലെ മറ്റ് ഭാഷ ചിത്രങ്ങളിലേക്ക് കൂടി അഭിനയിക്കാന്‍ പോയതോടെ ദുല്‍ഖറിന്റെ കരിയറില്‍ നിറയെ ഹിറ്റുകള്‍ പിറന്ന് കൊണ്ടിരുന്നു. ബാലാജി മോഹന്റെ വായ് മൂടി പേസവും എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ ആദ്യമായി തമിഴില്‍ അഭിനയിച്ചത്. 2015 ല്‍ ദുല്‍ഖര്‍, നിത്യ മേനോന്‍ കൂട്ടുകെട്ടിലെത്തി ഓ കാതല്‍ കണ്‍മണി, എന്ന സിനിമയും എത്തിയിരുന്നു. ഈ വര്‍ഷമായിരുന്നു തെലുങ്കിലേക്കും ബോളിവുഡിലേക്കും ദുല്‍ഖര്‍ ചുവട് മാറിയത്.

ആദ്യ ബോളിവുഡ് ചിത്രം
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച ആദ്യ ബോളിവുഡ് ചിത്രമായ കാര്‍വാന്‍ ആഗസ്റ്റ് മൂന്നിനായിരുന്നു റിലീസിനെത്തിയത്. ആകര്‍ഷ് ഖുറാന സംവിധാനം ചെയ്ത ചിത്രം നല്ല അഭിപ്രായങ്ങളായിരുന്നു നേടിയിരുന്നത്. ഇര്‍ഫാന്‍ ഖാന്‍, മിഥില പാല്‍ക്കര്‍ എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങള്‍.

വരാനിരിക്കുന്ന സിനിമകള്‍..
കാര്‍വാന് പിന്നാലെ ബോളിവുഡില്‍ നിന്നും മറ്റൊരു ചിത്രത്തില്‍ കൂടി ദുല്‍ഖര്‍ നായകനായി അഭിനയിക്കുന്നുണ്ട്. സോയ ഫാക്ടര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ബോളിവുഡ് സുന്ദരി സോനം കപൂറാണ് നായിക. ബോളിവുഡ് മാത്രമല്ല ചിത്രീകരണം പൂര്‍ത്തിയാക്കിയ തമിഴ് സിനിമയായ കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. പിന്നാലെ വാന്‍ എന്ന തമിഴ് ചിത്രം കൂടിയുണ്ട്. ഒരു യമണ്ടന്‍ പ്രേമകഥ, സുകുമാര കുറുപ്പ് എന്നിവയാണ് മലയാളത്തിലൊരുക്കുന്ന ദുല്‍ഖറിന്റെ സിനിമകള്‍.


Click it and Unblock the Notifications