ദുൽഖർ സൽമാന് പകരം തഗ് ലൈഫിൽ സിലമ്പരശൻ; മണി രത്നത്തിന്റെ തീരുമാനത്തോട് പ്രതികരിച്ച് സോഷ്യൽ മീഡിയ
ദുൽഖർ സൽമാന് തമിഴകത്ത് വലിയ ആരാധകവൃന്ദം ഉണ്ടാക്കിക്കൊടുത്ത ചിത്രമാണ് മണി രത്നം സംവിധാനം ചെയ്ത ഓ.കെ. കണ്മണി. വർഷങ്ങൾക്കിപ്പുറം, പ്രശസ്ത സംവിധായകൻ കമൽ ഹാസനുമായി ഒന്നിക്കുന്ന ഗ്യാങ്സ്റ്റർ ഡ്രാമ തഗ് ലൈഫിൽ ദുൽഖർ പ്രധാന വേഷത്തിൽ എത്തുന്നതായി സ്ഥിരീകരിച്ചിരുന്നു. ആരാധകർ വളരെ സന്തോഷത്തോടെ കാത്തിരുന്നെങ്കിലും, പിന്നീടറിഞ്ഞത് ചിത്രത്തിൽ നിന്ന് ദുൽഖർ സൽമാൻ പിന്മാറിയെന്നാണ്. പകരം എത്തിയതാവട്ടെ, തമിഴ് സിനിമയുടെ ബഹുമുഖ പ്രതിഭയായ സിലമ്പരശൻ എന്ന സിമ്പുവും. സത്യത്തിൽ തഗ് ലൈഫ് കാസ്റ്റിംഗിൽ സംഭവിച്ചതെന്തെന്ന് ചർച്ച ചെയ്യുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.
തഗ് ലൈഫിൽ ദുൽഖറിന് പകരം സിമ്പു എത്തിയപ്പോൾ
തഗ് ലൈഫ് പ്രഖ്യാപിച്ച് അധികം വൈകാതെ, മണി രത്നത്തിന്റെ പ്രൊഡക്ഷൻ ബാനർ ആയ മദ്രാസ് ടാക്കീസ് ഒരു സ്പെഷ്യൽ പോസ്റ്ററിലൂടെ ദുൽഖർ സൽമാനെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തിരുന്നു. പാൻ ഇന്ത്യ തലത്തിൽ വിലപ്പിടിപ്പുള്ള താരമായി വളർന്നു കഴിഞ്ഞ ദുൽഖറിനെ കമൽ ഹാസനൊപ്പം സ്‌ക്രീനിൽ കാണാൻ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ. എന്നാൽ പിന്നീടറിഞ്ഞത്, ദുൽഖർ ചിത്രത്തിൽ നിന്ന് പിന്മാറി എന്നാണ്.

പല കിംവദന്തികളും ഇതിനെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ നിറഞ്ഞെങ്കിലും, പിന്നീട് നടൻ തന്നെ അതിനുള്ള കാരണം വെളിപ്പെടുത്തുകയുണ്ടായി. തന്റെ ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് മണി രത്നം-കമൽ ഹാസൻ ചിത്രത്തിൽ നിന്ന് തനിക്ക് പിന്മാറേണ്ടി വന്നതെന്ന് മാസങ്ങൾക്ക് മുൻപുള്ള ഒരു അഭിമുഖത്തിൽ ദുൽഖർ തുറന്നു പറഞ്ഞു. വളരെ വിഷമത്തോടു കൂടിയാണ് താൻ ഈ തീരുമാനം എടുത്തതെന്നും, ചില സമയങ്ങളിൽ കരിയറിന് മുകളിൽ സ്വന്തം ആരോഗ്യത്തെ പരിഗണിക്കണം എന്ന വലിയ പാഠം താൻ പഠിച്ചുവെന്നും, ദുൽഖർ സൽമാൻ കൂട്ടിച്ചേർത്തു. എന്നാൽ, ദുൽഖറിന്റെ തീരുമാനം തെറ്റായില്ല, എന്നാണ് പുതുതായി ഇറങ്ങിയ തഗ് ലൈഫ് ട്രൈലെർ കണ്ട പ്രേക്ഷകരുടെ പക്ഷം.

തഗ് ലൈഫ് ടീം അടുത്തിടെ പുറത്തിറക്കിയ ട്രെയ്ലറിൽ ദുൽഖർ സൽമാൻ ചെയ്യേണ്ടിയിരുന്ന കഥാപാത്രമായി എത്തിയ സിലമ്പരശൻ ആണ് ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയത്. ഈ കഥാപാത്രം സിമ്പുവിന്റെ കൈയിൽ ഭദ്രമാണെന്നും, നടന്റെ പരുക്കൻ വേഷവിധാനങ്ങളും, ഡയലോഗ് ഡെലിവെറിയും സിനിമയുടെ പശ്ചാത്തലത്തിന് യോജിച്ചതായി തോന്നുന്നുവെന്നുമാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ പറയുന്നത്. ദുൽഖർ സൽമാന്റെ സൗമ്യത ഈ കഥാപാത്രത്തിന് യോജിക്കുമായിരുന്നില്ല, എന്നും അവർ കൂട്ടി ചേർക്കുന്നു.
എന്നാൽ റിപോർട്ടുകൾ അനുസരിച്ച്, ദുൽഖറിന് പകരം സിമ്പു വന്നതോടെ കഥാപാത്ര സ്വഭാവത്തിൽ സംവിധായകൻ മണി രത്നം വളരെ അധികം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇപ്പോൾ കാണുന്ന കഥാപാത്രം, സിമ്പുവിന് വേണ്ടി മാത്രം രൂപപ്പെടുത്തി എടുത്തതാണെന്നാണ് അറിയാൻ കഴിയുന്നത്. നീണ്ട മുടിയും, വ്യത്യസ്തമായ വേഷവിധാനങ്ങളുമായി ഇത് വരെ കാണാത്ത ഒരു പെർഫോമൻസുമായി സിലമ്പരശൻ എത്തുമെന്ന് തഗ് ലൈഫ് ട്രൈലെർ ഉറപ്പു നൽകുന്നു. നായകൻ കമൽ ഹാസനോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്ന അതി പ്രധാനമായ കഥാപാത്രമാണ് സിമ്പുവിന്റേത്.
എന്നാൽ പ്രേക്ഷകർ ആഗ്രഹിച്ച സിമ്പു-തൃഷ ജോഡിയെ തഗ് ലൈഫിൽ കാണാനാകുമോ എന്ന് സംശയമാണ്. ചിത്രത്തിൽ തൃഷ ഉണ്ടെങ്കിലും, കമൽ ഹാസന്റെ കാമുകിയായിട്ടാണ് നടി എത്തുക എന്നാണ് ട്രൈലെർ സൂചിപ്പിക്കുന്നത്. കമൽ ഹാസനും, സിമ്പുവിനും, തൃഷയ്ക്കും ഒപ്പം അഭിരാമി, നാസ്സർ, ജോജു ജോർജ്, അശോക് സെൽവൻ, സന്യ മൽഹോത്ര, അലി ഫസൽ, പങ്കജ് ത്രിപാഠി, ഐശ്വര്യ ലക്ഷ്മി, വയ്യാപുരി, വടിവുക്കരശി, തുടങ്ങി ഒരു വലിയ താര നിര തന്നെ മണി രത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിലുണ്ട്. സംഗീതം ഒരുക്കുന്നത് എ.ആർ.റഹ്മാൻ ആണ്.


Click it and Unblock the Notifications











