മാസ് ലുക്കിൽ പുകവലിക്കുന്ന ദുർഗ്ഗ കൃഷ്ണ, ഒരു നടിയാവുമ്പോൾ ഈ ധൈര്യമുണ്ടാവണമെന്ന്
വിമാനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് ദുർഗ്ഗ കൃഷ്ണ. നാടൻ വേഷങ്ങളിൽ മാത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയ നടിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചില മാറ്റങ്ങളുടെ തുടക്കമാണ് ആ ഫോട്ടോഷൂട്ട് എന്ന് അപ്പോൾ ആരാധകർക്ക് അറിയില്ലായിരുന്നു, ഇപ്പോൾ അതിനുള്ള കാരണം വ്യക്തമാക്കി മറ്റൊരു ഫോട്ടോ പങ്കുവച്ചിരിയ്ക്കുകയാണ് നടി.
പുകവലിയ്ക്കുന്ന ഒരു ചിത്രത്തിനൊപ്പമാണ് ഈ മാറ്റത്തിന്റെ കാരണം നടി വ്യക്തമാക്കുന്നത്. 'ഒരു സാധാരണ കേരള പെൺകുട്ടിയാണ് ദുർഗ്ഗ കൃഷ്ണ. നർത്തകിയാണ്. സാരിയും സൽവാറും ധരിക്കുന്നതാണ് അവൾക്കിഷ്ടം. ഈ ചിത്രം ഒരു നിഗൂഡ മാന്ത്രികതയാണ്' എന്ന് പറഞ്ഞുകൊണ്ടാണ് ദുർഗ്ഗ ഫോട്ടോയെ വിശദീകരിക്കുന്നത്.

സിഗരറ്റ് വലിക്കുന്ന ഈ ഫോട്ടോഷൂട്ട് നടത്താൻ എനിക്ക് എന്നെ തന്നെ സ്വയം ബോധ്യപ്പെടുത്താൻ സമയമെടുത്തു. ഒരു അഭിനേത്രി എന്ന നിലയിൽ വെല്ലുവിളികൾ സ്വീകരിക്കാനും അതിർ വരുമ്പുകൾ ബേധിച്ച് മുന്നോട്ട് പോകാനും ഇഷ്ടപ്പെടുന്ന, ധൈര്യമുള്ള വ്യക്തിയാകാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് ദുർഗ്ഗ വ്യക്തമാക്കി.
Recommended Video
പുകവലി ആരോഗ്യത്തിന് ഹാനീകരമാണെന്ന് എഴുതി വയ്ക്കാൻ ദുർഗ്ഗ മറന്നില്ല. ദുർഗ്ഗയുടെ തീരുമാനത്തെ പ്രശംസിയ്ക്കുന്ന കമന്റുകളാണ് ഫോട്ടോയ്ക്ക് വന്നുകൊണ്ടിരിയ്ക്കുന്നത്. ബഡായി ബംഗ്ലാവ് ഫെയിം ആര്യ ഉൾപ്പടെയുള്ളവർ പോസ്റ്റിന് ലൈക്കും കമന്റുമിട്ടിട്ടുണ്ട്. കില്ലർ ലുക്ക് എന്നാണ് ആര്യ എഴുതിയിരിയ്ക്കുന്നത്. ഈ കൊറോണ കാലത്ത് ഇതിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന് ചോദിക്കുന്ന കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്.
പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെയാണ് ദുർഗ്ഗ സിനിമാ ലോകത്ത് എത്തിയത്. പിന്നീട് പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാലും തൃഷയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന, ജീത്തു ജോസഫിന്റെ റാം എന്ന ചിത്രത്തിലാണ് അടുത്തതായി ദുർഗ്ഗ അഭിനയിക്കുന്നത്. ചിത്രത്തിൽ തൃഷയുടെ സഹോദരിയുടെ വേഷമാണ്. ലോക്ക് ഡൗൺ കഴിഞ്ഞാൽ ഉടൻ സിനിമയുടെ ഷൂട്ടിങ് ആരംഭിയ്ക്കും എന്നാണ് നിലവിലുള്ള വിവരം.



Click it and Unblock the Notifications











