35 വയസിൽ ഞാൻ അഭിനയം നിർത്തും; മുൻനിര നായികയായി മാറവെ തീരുമാനം അറിയിച്ച് ദുഷാര വിജയൻ
നായികമാർക്ക് പേരും പ്രശസ്തിയും പെട്ടെന്ന് ലഭിക്കുന്ന ഇടമായാണ് തമിഴ്, തെലുങ്ക് സിനിമാ ലോകം അറിയപ്പെട്ടത്. മലയാളത്തിൽ നിന്നും തമിഴകത്തേക്ക് കടന്ന നിരവധി നടിമാർ ശ്രദ്ധിക്കപ്പെട്ടു. സമാനമായി ബോളിവുഡിൽ ശ്രദ്ധിക്കപ്പെടാനാകാതെ തെന്നിന്ത്യൻ സിനിമാ ലോകത്തേക്ക് വന്ന നിരവധി ഇത്തരേന്ത്യൻ നായികമാർക്ക് തമിഴകും ടോളിവുഡും അവസരങ്ങൾ നൽകി. തമന്ന ഭാട്ടിയ, കാജൽ അഗർവാൾ, ഹൻസിക മോട്വാണി, രകുൽ പ്രീത് സിംഗ് തുടങ്ങിയവരെല്ലാം ഇതിന് ഉദാഹരണമാണ്.
എന്നാൽ തമിഴ്നാട്ടിൽ നിന്നുള്ള നടിമാർക്ക് പലപ്പോഴും തമിഴ് സിനിമാ രംഗത്ത് വളരാൻ പറ്റാറില്ല. ഗ്ലാമർ മാത്രമാണ് തമിഴ് സിനിമാ പ്രേക്ഷകർ നായികമാരിൽ നോക്കുന്നതെന്ന് വിമർശനം വരാറുണ്ട്. തമിഴ് പശ്ചാത്തലമില്ലാത്ത നായകൻമാരെ സ്വീകരിക്കാറുമില്ല. തമിഴ്നാട്ടുകാരായ തമിഴ് സിനിമാ നായികമാർ ചുരുക്കമാണ്. ഇവരിൽ ശ്രദ്ധേയയാണ് നടി ദുഷാര വിജയൻ. അവതാരകയായി തുടക്കം കുറിച്ച ദുഷാര ഇന്ന് മുൻനിര നായിക നടിയായി മാറിക്കൊണ്ടിരിക്കുകയാണ്.

സർപ്പട്ട പരമ്പര, നച്ചത്തിരം നഗർഗിരത് എന്നീ തമിഴ് സിനിമകളിലെ ദുഷാരയുടെ പ്രകടനം ഏറെ ശ്രദ്ധ നേടി. അഭിനയ പ്രാധാന്യമുള്ള വേഷങ്ങളാണ് ദുഷാര കൂടുതലും ചെയ്യുന്നത്. റയാൻ ആണ് ദുഷാരയുടെ പുതിയ ചിത്രം. ധനുഷ് സംവിധാനം ചെയ്ത് അഭിനയിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ ഒന്നാണ് ദുഷാര ചെയ്യുന്നത്.
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കവെ ദുഷാര മാധ്യമങ്ങളോട് പറഞ്ഞ കാര്യമാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു ഘട്ടത്തിൽ താൻ സിനിമാ രംഗം ഉപേക്ഷിക്കുമെന്നാണ് ദുഷാര പറയുന്നത്. 35 വയസായാൽ സിനിമാ രംഗം പൂർണമായും ഉപേക്ഷിക്കും. 35 വയസിന് ശേഷം ലോകം ചുറ്റിക്കാണണമെന്നാണ് തന്റെ ആഗ്രഹം. വേൾഡ് ടൂറിന് വേണ്ടി താൻ സമയം മാറ്റിവെക്കുമെന്നും ദുഷാര വ്യക്തമാക്കി.

26 കാരിയാണ് ദുഷാര. 9 വർഷത്തിനുള്ളിൽ നടി സിനിമാ രംഗം വിടും. അപ്പോഴേക്കും മികച്ച കഥാപാത്രങ്ങൾ ദുഷാരയ്ക്ക് ലഭിക്കുമെന്നാണ് ആരാധകർ കരുതുന്നത്. ധനുഷ്, കാളിദാസ് ജയറാം, അപർണ ബാലമുരളി തുടങ്ങി വലിയ താര നിരയാണ് റയാനിൽ അണിനിരക്കുന്നത്. ചിയാൻ വിക്രമിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രത്തിലും ദുഷാരയാണ് നായിക. തമിഴകത്തെ യുവ നടിമാരിൽ ഇന്ന് മികച്ച കഥാപാത്രങ്ങൾ തുടരെ ലഭിക്കുന്ന നടിയായി ദുഷാര മാറിക്കഴിഞ്ഞു.
റയാനിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് ധുഷാര സംസാരിച്ചിട്ടുണ്ട്. വളരെ ശക്തമായ കഥാപാത്രമാണ്. നിഷ്കളങ്കയും തമാശക്കാരിയും. ഒരുപാട് ആഴമുള്ള കഥാപാത്രം. കഥാപാത്രത്തിന് വേണ്ടി താൻ ഒരുപാട് തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും ദുഷാര വ്യക്തമാക്കി. വെറുതെ ഒരു കഥാപാത്രം ചെയ്യാൻ തനിക്ക് താൽപര്യമില്ലെന്നും ദുഷാര പറയുന്നു. റയാൻ, വേട്ടെയാൻ, വീര ധൂര ശൂരൻ തുടങ്ങിയ സൂപ്പർതാര ചിത്രങ്ങൾ തനിക്ക് പ്രാധാന്യമില്ലായിരുന്നെങ്കിൽ നിരസിച്ചേനെയെന്നും ദുഷാര തുറന്ന് പറഞ്ഞു.


Click it and Unblock the Notifications