'ചെറിയ തുകയ്ക്ക് റിമി ടോമിയെ വിളിച്ച് പ്രോഗ്രാം ചെയ്തിട്ടുണ്ട്; ഒഴിവാകാൻ സുജാത ചേച്ചി പറയുന്ന കാരണങ്ങൾ'
വർഷങ്ങളായി അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയായി തുടരുന്ന നടൻ ഇടവേള ബാബു മലയാള സിനിമാ ലോകത്ത് ഏവർക്കും വേണ്ടപ്പെട്ട വ്യക്തിയാണ്. ഇടവേള ബാബുവിന്റെ നേതൃപാടവത്തെക്കുറിച്ച് ഏവരും എടുത്ത് പറയാറുണ്ട്. അമ്മ സംഘടനയുടെ തന്നെ നിരവധി ഷോകൾ ഇടവേള ബാബു മുന്നിൽ നിന്ന് നടത്തി. സ്റ്റേജ് ഷോകൾ നടത്താനുള്ള താൽപര്യത്തെക്കുറിച്ചും ഇത്തരം ഇവന്റുകളിൽ നിന്നുള്ള അനുഭവങ്ങളും പങ്കുവെക്കുകയാണ് ഇടവേള ബാബുവിപ്പോൾ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
സംഗീതം എന്റെ വലിയൊരു വീക്ക്നെസ് ആണ്. അമ്മ മ്യൂസിക് ടീച്ചറാണ്. പഠിപ്പിക്കാനിരുത്തിയ സമയത്ത് നമ്മൾ പഠിച്ചില്ല. ഒരു ഘട്ടം കഴിഞ്ഞപ്പോൾ വലിയ നഷ്ടബോധം തോന്നി. എനിക്ക് പാട്ടുപാടുന്നവരെ വളരെ ഇഷ്ടമാണ്. നടീനടൻമാരേക്കാൾ ഒരു മടങ്ങ് കൂടുതലാണ് സംഗീതത്തിലെ എല്ലാവരുമായുള്ള അടുപ്പം. ആരും പറയാതെ ദാസേട്ടനെ ഫോൺ ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട്.

സുജാത ചേച്ചിയെ പോലൊരു മടിച്ചി ഇല്ല. ഒരു പ്രോഗ്രാമിന് വിളിച്ചാൽ ആ ഡേറ്റ് ഫ്രീയല്ല എന്ന് പറയാൻ വേണ്ടി പട്ടിക്ക് സുഖമില്ല, പൂച്ചയെ നോക്കാൻ ആളില്ലെന്ന് പറഞ്ഞ് സുഖമായി രക്ഷപ്പെട്ട് കളയും. ചേച്ചി നോ പറയുമെന്ന് നമുക്കറിയാം. ചേച്ചിയെ സമ്മതിപ്പിച്ച് ഒരു പ്രോഗാമിന് കാെണ്ടുവരുന്നത് ചില്ലറപ്പണിയല്ല. ചേച്ചി വീട്ടിലിരുന്ന് ആസ്വദിക്കുന്ന ആളാണെന്നും ഇടവേള ബാബു ചൂണ്ടിക്കാട്ടി.
സംഗീതത്തിലുള്ളവർ വളരെ സെൻസിറ്റീവാണ്. നടീ നടൻമാർ ഏത് അന്തരീക്ഷവുമായും പാകപ്പെടും. ഏത് സാഹചര്യവും കംഫർട്ടാണെന്നും ഇടവേള ബാബു ചൂണ്ടിക്കാട്ടി. സ്റ്റേജ് ഷോകൾ നടത്തുന്നതാണ് സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ താൻ ഇഷ്ടപ്പെടുന്നത്. റിസൽട്ട് അപ്പോൾ തന്നെയാണ്. നമ്പർ വൺ ടെക്നീഷ്യൻസിനെയാണ് തെരഞ്ഞെടുക്കുന്നത്. ടെക്നീഷ്യൻസിനെ ഞാൻ വളരെ ബഹുമാനിക്കുന്നു.

ഷോ തുടങ്ങിയാൽ അഞ്ചും ആറും മണിക്കൂർ അവിടെ ഇരിക്കണം. വെള്ളം പോലും കൊടുക്കില്ല. പക്ഷെ ഞാൻ പാക്കറ്റ് ഫുഡ് എല്ലാവർക്കും എത്തിക്കും. ഒരാളുടെ പ്രതിഫലത്തിലും തർക്കിക്കില്ല. ഞാനൊരു ബഡ്ജറ്റ് ഇട്ടിട്ടുണ്ടാകും. പ്രതിഫലത്തിൽ എനിക്ക് കംഫർട്ട് അല്ലെങ്കിൽ അടുത്തവരെ വിളിക്കും. പാട്ടുകാർ ഭയങ്കര കാശ് പറയുമ്പോൾ വേണ്ടായെന്ന് വെക്കുകയേയുള്ളൂ.
ചെറിയ ലെവലിൽ എന്റെ കൂടെ തുടങ്ങി വലിയ പ്രതിഫലം കൊടുത്ത പാട്ടുകാരും അവതാരകരുമുണ്ട്. റിമി ടോമി വളരെ ചെറിയ തുകയ്ക്ക് ഞാൻ വിളിച്ച് പ്രോഗ്രാം ചെയ്തിട്ടുണ്ട്. ഒപ്പം വലിയ തുക നൽകിയും ഷോ ചെയ്തിട്ടുണ്ട്. അവരൊക്കെ ഇന്നും ഞാൻ വിളിച്ചാൽ വരും.
ഇന്ന് സ്റ്റേജ് ഷോകൾ അഭിമുഖീകരിക്കുന്ന പ്രശ്നം മ്യൂസിക് റൈറ്റ്സ് ഇല്ലാത്തതാണെന്നും ഇടവേള ബാബു ചൂണ്ടിക്കാട്ടി. ഒരു ചാനലിൽ പാട്ട് പാടണമെങ്കിൽ അതിനുള്ള റൈറ്റ്സ് വേണം. ഇന്റർനാഷണൽ റൈറ്റ്സ്, ഡിജിറ്റൽ റൈറ്റ്സ്, ബ്രോഡ്കാസ്റ്റിംഗ് റൈറ്റ്സ് ഒക്കെ വേണം. തീവണ്ടിയിലെ പാട്ട് പാടാൻ അവാർഡ് കിട്ടയ ആൾക്ക് പറ്റിയില്ല.
കാരണം റൈറ്റ്സ് വേണം. എന്തൊരു ഗതികേടാണ്. സ്റ്റേജ് ഷോ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മ്യൂസിക് റൈറ്റ്സ് സ്റ്റേജ് ഷോയുടെ ലൈഫ് കളഞ്ഞു. തിരുവനന്തപുരത്ത് സിദ്ദിഖ് സംവിധാനം ചെയ്ത അമ്മ സംഘടനയുടെ ഷോയിൽ 47 ലക്ഷം രൂപയാണ് മ്യൂസിക് റൈറ്റ്സിന് മാത്രം കൊടുത്തത്. ഇത് സ്റ്റേജിൽ കാണില്ല. അത് വലിയ പ്രതിസന്ധിയാണെന്നും ഇടവേള ബാബു ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications