'കൊച്ചുകുട്ടിയെ കൊണ്ടുനടക്കുന്നതുപോലെ ലാലിനെ കൊണ്ടുനടക്കണം അല്ലെങ്കിൽ അദ്ദേഹം കംഫേർട്ടായിരിക്കില്ല'
മലയാള സിനിമയിലെ ഒരു അഭിവാജ്യഘടകമാണ് ഇടവേള ബാബു. മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭാരവാഹികളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. അമ്മനത്ത് ബാബു ചന്ദ്രൻ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. 1982ൽ പുറത്തിറങ്ങിയ തന്റെ ആദ്യ ചിത്രമായ ഇടവേളയിൽ അഭിനയിച്ചതോട് കൂടിയാണ് ഇടവേള ബാബു എന്ന പേര് താരത്തിന് ലഭിച്ചത്. അവിവാഹിതനായ ഇടവേള ബാബു വളരെ വിരളമായി മാത്രമെ സിനിമകൾ ചെയ്യാറുള്ളു. പക്ഷെ മലയാള സിനിമയുടെയും അമ്മ സംഘടനയുടെയും പ്രവർത്തനങ്ങളിൽ സജീവമാണ്.
ഇരിഞ്ഞാലക്കുടക്കാരനായ താരം അവസാനമായി അഭിനയിച്ച മലയാള സിനിമ മഹേഷും മാരുതിയുമാണ്. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സുമായി ബന്ധപ്പെട്ട പ്രതികരണത്തെ തുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങൾക്ക് ശേഷം ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ട നടൻ കൂടിയാണ് ഇടവേള ബാബു.

ഒരു വിഭാഗം ആളുകൾ താരത്തെ പരിഹസിച്ച് ഇന്റർവെൽ ബാബുവെന്ന് വിളിക്കാറുമുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ പരക്കെ ഉപയോഗിക്കുന്ന ഇന്‍റര്‍വെല്‍ ബാബു എന്ന പേര് തന്നെ ആദ്യം സ്നേഹത്തോടെ വിളിച്ച താരം മമ്മൂട്ടിയാണെന്ന് അടുത്തിടെ ബാബു വെളിപ്പെടുത്തിയിരുന്നു. സ്നേഹത്തോടെ പണ്ടുമുതലെ ഇന്‍റര്‍വെല്‍ ബാബു എന്ന് വിളിക്കുന്നത് മമ്മൂക്കയാണെന്നും അത് ആസ്വദിക്കുന്നതായുമാണ് ഇടവേള ബാബു പറഞ്ഞത്.
അഭിനയത്തിൽ സജീവമായി നിൽക്കാത്തതിനെ കുറിച്ചും താരം നേരത്തെ പ്രതികരിച്ചിട്ടുണ്ട്. അഭിനയത്തില്‍ എത്ര ദൂരം മുന്നോട്ടുപോകാന്‍ കഴിയുമെന്ന കാര്യത്തിലൊക്കെ കൃത്യമായ ധാരണയുണ്ടെന്നും 30 വര്‍ഷം കൊണ്ട് 250 സിനിമകളില്‍ അഭിനയിച്ചതായും ഒരു ടെന്‍ഷനുമില്ലെന്നുമാണ് ഇടവേള ബാബു പറഞ്ഞത്.
താരങ്ങളുടെ സ്റ്റേജ് ഷോകൾ ഏറ്റെടുത്ത് ഉത്തരവാദിത്വത്തോടെ എല്ലാവരേയും ഏകോപിപ്പിച്ച് ഷോ ഗംഭീരമാക്കാറുള്ളത് ഇടവേള ബാബു അടക്കമുള്ളവർ നേതൃത്വം കൊടുക്കുന്ന സംഘമാണ്. സൂപ്പർസ്റ്റാറുകളുടെ അടുത്ത ചങ്ങാതി കൂടിയായ താരം മമ്മൂട്ടിയേയും മോഹൻലാലിനെയും കുറിച്ച് അടുത്തിടെ കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
രണ്ടുപേരുടെയും സ്വഭാവ സവിശേഷതകളെ കുറിച്ചാണ് താരം സംസാരിച്ചത്. കൊച്ചുകുട്ടിയെ കൊണ്ടുനടക്കുന്നതുപോലെ മോഹൻലാലിനെ കൊണ്ടുനടക്കണമെന്നും അല്ലെങ്കിൽ അദ്ദേഹം കംഫേർട്ടായിരിക്കില്ലെന്നുമാണ് ബാബു പറയുന്നത്. 'ലാൽ വരുമ്പോൾ ആയിരം പേർ ഇടച്ച് കേറി അദ്ദേഹത്തിന്റെ മേക്കിട്ട് വന്നാലോ കൈ കൊടുക്കാൻ വന്നാലോ അദ്ദേഹം ഒട്ടും കംഫേർട്ടായിരിക്കില്ല.'

'കൊച്ചുകുട്ടിയെ കൊണ്ടുനടക്കുന്നതുപോലെ ലാലിനെ കൊണ്ടുനടക്കണം അല്ലെങ്കിൽ അദ്ദേഹം കംഫേർട്ടായിരിക്കില്ല. എന്നാൽ അദ്ദേഹം വളരെ ഈസിയുമാണ്. ഷോയുടെ സമയത്തൊക്കെ നമ്മൾ ഒക്കെ എഞ്ചോയ് ചെയ്യുന്നത് ലാലേട്ടനൊക്കെ ഉള്ളതുകൊണ്ടാണ്. അതേസമയം മമ്മൂക്കയോട് എന്തെങ്കിലും ഡാൻസ് ചെയ്യാൻ പറഞ്ഞാൽ അതൊന്നും ഈ പ്രായത്തിൽ അല്ലെന്ന് അദ്ദേഹം പറയും. അതുകൊണ്ട് നമുക്ക് പുള്ളിയെകൊണ്ട് ആവശ്യമുള്ള കാര്യം അതിന്റേതായ രീതിയിൽ പറഞ്ഞ് മനസിലാക്കി കൊണ്ടുവരണം.'
'മമ്മൂക്കയോട് എന്തെങ്കിലും ആവശ്യപ്പെട്ടാൽ പറ്റില്ലെന്ന് ആദ്യം പറയും. മാത്രമല്ല നമ്മൾ ചോദിച്ചയുടൻ അദ്ദേഹം വരാമെന്ന് പറഞ്ഞാലാണ് നമുക്ക് ഞെട്ടലുണ്ടാവുക. ഇതെന്താ മമ്മൂക്ക ഇങ്ങനെ പറയുന്നെയെന്ന് തോന്നും. കാരണം അദ്ദേഹത്തിന്റെ രീതി അങ്ങനെയല്ലല്ലോ', എന്നാണ് സൂപ്പർ സ്റ്റാറുകളെ കുറിച്ച് സംസാരിച്ച് ഇടവേള ബാബു പറഞ്ഞത്.


Click it and Unblock the Notifications