'മമ്മൂക്കയുടെ ഷർട്ടിന്റെ ബട്ടൺ ലാലേട്ടൻ ഇടുന്നത് കണ്ട് സൂര്യ അമ്പരന്നു, പത്ത് ലക്ഷം രൂപ അമ്മയ്ക്ക് തന്നു'
മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയാണ് അമ്മ. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളെയും അമ്മ സംഘടന സംരക്ഷിക്കുന്നുണ്ട്. വാർധക്യസഹജമായ അസുഖങ്ങളും മറ്റും കൊണ്ട് ബുദ്ധിമുട്ടുന്ന പഴയകാല താരങ്ങളെ വരെ അമ്മയാണ് സംരക്ഷിക്കുന്നത്. നിരവധി സന്നദ്ധപ്രവർത്തനങ്ങളും സംഘടനയുടെ ഭാഗമായി നടക്കുന്നുണ്ട്. വർഷങ്ങളായി താര സംഘടനയായ അമ്മയെ മുന്നിൽ നിന്ന് നയിക്കുന്നത് നടൻ ഇടവേള ബാബുവാണ്.
സംഘടനയുടെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബു അമ്മയിൽ ഭാഗമായശേഷം മലയാള സിനിമയിൽ കോളിളക്കം സൃഷ്ടിച്ച പല വിവാദങ്ങളുണ്ടായപ്പോഴും നേതൃനിരയിൽ ഉണ്ടായിട്ടുണ്ട്. അതിന്റെ പേരിൽ ഏറ്റവും കൂടുതൽ പഴികൾ കേൾക്കേണ്ടി വന്നിട്ടുള്ളതും ഇടവേള ബാബുവിന് തന്നെയാണ്. അമ്മ സംഘടനയിൽ നിന്നും താൻ സാമ്പത്തിക നേട്ടങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് ഇടവേള ബാബു തുറന്ന് പറഞ്ഞത് വൈറലായിരുന്നു.

മലയാള താരങ്ങളെ ഏകോപിപ്പിച്ച് സംഘടനയെ മുന്നോട്ട് നയിക്കുന്നതിൽ പ്രധാന പങ്കും ഇടവേള ബാബുവിന് തന്നെയാണ്. സിനിമയിൽ അഭിനയിക്കാതെ സൂപ്പർസ്റ്റാറുകളെ പറ്റികൂടി നടന്ന് ഇടവേള ബാബു പേരും പ്രശസ്തിയും പണവും സമ്പാദിക്കാൻ ശ്രമിക്കുകയാണെന്ന ആക്ഷേപവും താരം ഏറെ നാളുകളായി കേൾക്കുന്നുണ്ട്.
ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും അമ്മ സംഘടനയെ കുറിച്ചും സംസാരിക്കവെ ഇടവേള ബാബു പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. തമിഴ് താരം സൂര്യ അമ്മ ഷോയിൽ അതിഥിയായി വന്നപ്പോഴുണ്ടായ സംഭവങ്ങളാണ് കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇടവേള ബാബു പങ്കിട്ടത്.
നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേമികളുടെ ഇഷ്ട താരമായി മാറിയ നടനാണ് സൂര്യ. ആരാധകര്‍ നടിപ്പിന്‍ നായകനെന്ന് സ്‌നേഹത്തോടെ വിശേഷിപ്പിക്കുന്ന നടന്‍ അഞ്ച് വർഷം മുമ്പ് നടന്ന അമ്മ ഷോയിലാണ് അതിഥിയായി വന്നത്. സൂര്യയുടെ ആ വീഡിയോ ഇന്നും സോഷ്യൽമീഡിയയിൽ വൈറലാണ്.
ഇടവേള ബാബു സൂര്യയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്... 'ഞങ്ങൾ തിരുവനന്തപുരത്ത് അമ്മ മഴവില്ല് പരിപാടി സംഘടിപ്പിച്ചപ്പോൾ അതിഥിയായി സൂര്യ വന്നിരുന്നു. ഞാനാണ് അദ്ദേഹത്തെ ഷോയിലേക്ക് ക്ഷണിച്ചത്. ക്ഷണം അദ്ദേഹം സ്വീകരിച്ചുവെന്ന് മാത്രമല്ല. ഞങ്ങൾ ക്ഷണിച്ചപ്പോൾ സ്വന്തമായി ടിക്കറ്റെടുത്താണ് അദ്ദേഹം വന്നത്. ഞങ്ങൾ ടിക്കറ്റ് കൊടുത്തില്ല. അദ്ദേഹം സ്റ്റേജിന് പിന്നിൽ ഒരുപാട് സമയം ചിലവഴിച്ചിരുന്നു.'

'അദ്ദേഹം സ്റ്റേജിന് പിന്നിൽ വന്നപ്പോൾ കാണുന്നത് മമ്മൂക്കയുടെ ഷർട്ടിന്റെ ബട്ടൺ ലാലേട്ടൻ ഇട്ടുകൊടുക്കുന്നതും മറ്റ് താരങ്ങൾ പെർഫോമൻസിനും മറ്റുമായി പരസ്പരം സഹായിച്ച് തയ്യാറാകുന്നതുമാണ്. താരങ്ങളുടെ യൂണിറ്റി കണ്ട് സൂര്യ അമ്പരന്നു. വഴക്കും വക്കാണവും പുറത്ത് ഫാൻസൊക്കെ തമ്മിലെയുള്ളു. നമ്മുടെ താരങ്ങൾ എല്ലാം പരസ്പരം നല്ല സൗഹൃദമുള്ളവരാണ്. താരങ്ങളുടെ യൂണിറ്റി കണ്ട് അമ്പരന്ന് സൂര്യ പറഞ്ഞത്... മറ്റൊരു ലാംഗ്വേജിലും ഇത് ചിന്തിക്കാൻ പറ്റില്ലെന്നാണ്.'
'വഴക്കൊക്കെ താരങ്ങൾക്കിടയിൽ ഉണ്ടാകാറുണ്ട്. പക്ഷെ ഭയങ്കര സ്നേഹമാണ്. പരിപാടി കഴിഞ്ഞ് പോകാൻ നേരം സൂര്യ പത്ത് ലക്ഷം രൂപ അമ്മയുടെ സേവന പ്രവർത്തനങ്ങൾക്ക് വേണ്ടി തന്നു', എന്നാണ് ഇടവേള ബാബു പറഞ്ഞത്.


Click it and Unblock the Notifications