'കൂടുതൽ പറയാൻ നിൽക്കണ്ട, ബാലയുടെ ഭാര്യ എല്ലാം വെളിപ്പെടുത്തും, നിന്റെ മാനം പോകും'; സ്ക്രീൻഷോട്ടുമായി എലിസബത്ത്
സൈബർ ഇടങ്ങളിലെ ചൂഷണങ്ങളും കുറ്റകൃത്യങ്ങളും നാൾക്കുനാൾ വർധിച്ച് വരികയാണ്. സാധാരണക്കാരേക്കാൾ ഇത്തരം സൈബർ ബുള്ളിയിങ്ങിന് ഇരകളാകുന്നത് കൂടുതലും സിനിമ-സീരിയൽ താരങ്ങളാണ്. ബോഡി ഷെയിമിങ് മുതൽ അശ്ലീല കമന്റുകൾ വരെയാണ് ഓരോ ദിവസവും വിവിധ താരങ്ങൾ നേരിടുന്നത്. എന്നാൽ ഈയിടെയായി ഇതിനെതിരെ ശക്തമായ പ്രതികരണങ്ങളുമായി എത്തുന്നുണ്ട് ഒട്ടുമിക്ക താരങ്ങളും. സൈബർ ഇടങ്ങളിലെ തങ്ങളുടെ ദുരനുഭവങ്ങൾ വീഡിയോയായും സ്ക്രീൻഷോട്ടായുമെല്ലാം പങ്കുവെക്കാറുണ്ട്.
ചിലപ്പോൾ കമന്റിട്ട് അപമാനിച്ചവരുടെ എല്ലാ വിവരങ്ങളും ഉൾപ്പടെ പങ്കുവെക്കാറുമുണ്ട്. പൊതുവെ സോഷ്യൽമീഡിയയിൽ വന്ന് സമൂഹത്തിൽ അറിയപ്പെടുന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവരെ അപമാനിക്കുന്നവരുടെ പ്രൊഫൈലുകൾക്ക് മുഖമുണ്ടാകാറില്ല. എന്നാൽ ഇത്തരക്കാരെ സൈബർ സെല്ലിന്റെ സഹായത്തോടെ പിൻതുടർന്ന് കണ്ടെത്താൻ ചില സെലിബ്രിറ്റികൾ ശ്രമിക്കാറുണ്ട്.

നടൻ ബാലയെ വിവാഹം ചെയ്തപ്പോൾ മുതൽ വലിയ രീതിയിൽ അപമാനങ്ങളും പരിഹാസങ്ങളും അനുഭവിക്കുന്ന വ്യക്തിയാണ് മുൻ ഭാര്യ എലിസബത്ത് ഉദയൻ. മൂന്ന് വർഷം മുമ്പാണ് ബാലയും എലിസബത്തും പ്രണയിച്ച് വിവാഹിതരായത്. രണ്ട് വർഷത്തോളം ആ ദാമ്പത്യം നീണ്ടുനിന്നു. പിന്നീട് ഇരുവരും വേർപിരിഞ്ഞു.
ബാലയുടെ വീഡിയോകളിൽ എലിസബത്തിനെ കാണാതായതോടെ പ്രേക്ഷകരിൽ നിന്നും ചോദ്യം ഉയർന്നപ്പോഴാണ് എലിസബത്ത് ഇപ്പോൾ തനിക്കൊപ്പമില്ലെന്ന് ബാല വെളിപ്പെടുത്തിയത്. നടൻ കരൾ രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ കിടന്നപ്പോഴെല്ലാം ശുശ്രൂഷിച്ചത് എലിസബത്തായിരുന്നു. അങ്ങനെയുള്ള രണ്ടുപേർ എന്തിന് വേർപിരിഞ്ഞുവെന്ന സംശയം ആരാധകർക്കുമുണ്ടായിരുന്നു. ഇതുവരെയും അതിനുള്ള കാരണം ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.
എലിസബത്തിനെ കുറിച്ചുള്ള ചോദ്യങ്ങൾ വരുമ്പോൾ ബാല പ്രതികരിക്കാറില്ല. അല്ലെങ്കിൽ എലിസബത്ത് തങ്കമാണെന്ന് പറയുകയാണ് ചെയ്യാറ്. മുൻ ഭർത്താവിനെ കുറ്റപ്പെടുത്താൻ താൽപര്യമില്ലാത്തയാളാണ് എലിസബത്തും. ഡോക്ടറായ എലിസബത്ത് ഇപ്പോൾ അഹമ്മദാബാദിലാണ് ജോലി ചെയ്യുന്നത്. അവധി ആഘോഷിക്കാൻ വേണ്ടി മാത്രമാണ് നാട്ടിൽ വരാറുള്ളത്. ബാലയുമായി വേർപിരിഞ്ഞശേഷമാണ് എലിസബത്ത് വീണ്ടും പ്രൊഫഷനിൽ ശ്രദ്ധിച്ച് തുടങ്ങിയത്.
കൂടാതെ സോഷ്യൽമീഡിയയിലും എലിസബത്ത് സജീവമാണ്. അഹമ്മദാബാദിലേയും നാട്ടിലേയും വിശേഷങ്ങൾ ഉൾപ്പെടുത്തി എലിസബത്ത് നിരന്തരം വ്ലോഗുകൾ പങ്കിടാറുണ്ട്. അടുത്തിടെ മാർക്കോ സിനിമയെ കുറിച്ച് എലിസബത്ത് പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. വ്ലോഗിങ്ങിൽ പ്രൊഫഷണൽ അല്ലാത്തതിനാൽ എലിസബത്തിന്റെ യുട്യൂബ് വീഡിയോകൾക്ക് അതിന്റേതായൊരു സത്യസന്ധതയും നിഷ്കളങ്കതയുമുണ്ട്.

അത് തന്നെയാണ് എലിസബത്തിന്റെ വ്ലോഗുകൾ കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നതും. ഒട്ടും കൃത്രിമത്വമോ മിസ് ലീഡ് ചെയ്യുന്ന തമ്പ്നെയിലുകളോ ഇല്ല. എന്നിരുന്നാലും ചിലരൊക്കെ എലിസബത്തിന്റെ സംസാരത്തെയും പെരുമാറ്റത്തേയും വിമർശിക്കാറുണ്ട്. ബാലയുമായി പിരിഞ്ഞ സമയത്ത് വലിയ രീതിയിൽ സൈബർ ബുള്ളിയിങ് അനുഭവിച്ചുവെങ്കിലും എലിസബത്ത് പ്രതികരിച്ചിരുന്നില്ല.
എന്നാൽ ഇനി മുതൽ പരിധിവിട്ട കമന്റുകൾക്ക് എതിരെ പ്രതികരിക്കാൻ തന്നെയാണ് എലിസബത്തിന്റെ തീരുമാനം. അതിന്റെ ആദ്യ പടി എന്നോണം തന്നെ അപമാനിച്ച് കൊണ്ട് ഒരാൾ കുറിച്ച കമന്റിന്റെ സ്ക്രീൻഷോട്ട് എലിസബത്ത് പങ്കുവെച്ചു. 'നീ ഇനി കൂടുതലൊന്നും പറയാൻ നിൽക്കണ്ട. ബാലയുടെ ഭാര്യ എല്ലാം വെളിപ്പെടുത്തും. നിന്റെ മാനം പോകും. അതുകൊണ്ട് ഇനി ആ വഴിക്ക് തിരഞ്ഞ് നോക്കല്ലേ' എന്നാണ് ഒരു പ്രൊഫൈലിൽ നിന്നും വന്ന കമന്റ്.
'ഇനി ഇതുപോലുള്ള സ്‌പെഷൽ കമന്റ്സ് ഒക്കെ പോസ്റ്റ് ചെയ്യുന്നതായിരിക്കും. മുന്നേയുള്ള സ്ക്രീന്ഷോട്ട്സ് എടുത്തുവെച്ചിട്ടുണ്ട്. ഇനി മുതൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും' എന്നാണ് എലിസബത്ത് സ്ക്രീൻ ഷോട്ട് പങ്കിട്ട് കുറിച്ചത്. രണ്ടും കൽപ്പിച്ച് പോരാനിറങ്ങിയ എലിസബത്തിനെ പ്രേക്ഷകരും പ്രശംസിച്ചു. മോശം കമന്റിടുന്നവരുടെ വിവരങ്ങൾ കണ്ടുപിടിക്കാനുള്ള മാർഗങ്ങളും ചിലർ എലിസബത്തിന് കമന്റ്സിലൂടെ നൽകിയിട്ടുണ്ട്.


Click it and Unblock the Notifications