ആ കുട്ടിയെ കുറ്റപ്പെടുത്താതെ ചേർത്ത് പിടിക്കുക, അലസമായി ചെയ്യുന്ന കാര്യം കുഞ്ഞുങ്ങളുടെ മനസിൽ മുറിവാകും; സഞ്ജയ്
ഇന്നത്തെ ദിവസം എല്ലാവരും വളരെ വേദനയോടെ വായിച്ച വാർത്തയാണ് കണ്ണൂരിൽ 12 വയസുകാരി നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന സംഭവം. കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മുത്തു-അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ് മരിച്ചത്. നാല് മാസം മാത്രം പ്രായമായ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞാണ് കൊലപ്പെടുത്തിയത്. മാതാപിതാക്കളില്ലാത്ത 12 വയസുകാരി മുത്തുവിനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്.
ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്നേഹം കുറയുമോയെന്ന് പന്ത്രണ്ട് വയസുകാരി ഭയന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു. വാർത്ത അറിഞ്ഞ മലയാളികളുടെ എല്ലാം മനസിലേക്ക് ആദ്യം കടന്ന് വന്നത് ജയറാമും ജ്യോതിർമയിയും കാളിദാസും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച എന്റെ വീട് അപ്പൂന്റേം എന്ന സിനിമയാകും. സിനിമയുടെ കഥയും കണ്ണൂരിൽ നടന്ന സംഭവത്തിന് സമാനമായിരുന്നു.

ഇപ്പോഴിതാ പന്ത്രണ്ട് വയസുകാരി കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിലും എന്റെ വീട് അപ്പൂന്റേം സിനിമയെ കുറിച്ചും തിരക്കഥാകൃത്ത് സഞ്ജയ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. നമ്മൾ അലസമായിഅവരോട് ചെയ്യുന്ന കാര്യങ്ങൾ കുഞ്ഞുങ്ങളുടെ മനസിൽ മുറിവാകുമെന്നും പന്ത്രണ്ട് വസയുകാരിയെ കുറ്റപ്പെടുത്താതെ ഈ സമയം ചേർത്ത് പിടിക്കുകയാണ് വേണ്ടതെന്നും സഞ്ജയ് പറയുന്നു.
സിനിമയുമായി ബന്ധപ്പെട്ട ചില തിരക്കുകൾ കാരണം വാർത്ത ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. സംഭവം സത്യമാണെങ്കിൽ വളരെ നിർഭാഗ്യകരമായിപ്പോയി. ഞങ്ങൾ എഴുതിയ എന്റെ വീട് അപ്പൂന്റേം എന്ന സിനിമയുടെ കഥയും അത്തരത്തിൽ ഒന്ന് ആയിരുന്നല്ലോ. എനിക്ക് ആ കഥ എഴുതാനുണ്ടായ പ്രചോദനം എന്റെ തന്നെ അനുഭവം ആയിരുന്നു. എന്റെ അമ്മ വീണ്ടും ഗർഭിണി ആയപ്പോൾ എനിക്ക് ഒരു അരക്ഷിതാവസ്ഥ തോന്നിയിരുന്നു.
ആ ഒരു തോന്നലിൽ നിന്ന് ഉണ്ടായ പ്രചോദനമാണ് ആ കഥയായി മാറിയത്. ഇനിയൊരു കുഞ്ഞ് വരുമ്പോൾ നിന്നോടുള്ള സ്നേഹം പോകും എന്ന് എന്നോട് ബന്ധുക്കളിൽ ചിലർ പറഞ്ഞു. അപ്പോൾ ഇനി ഉണ്ടാകാൻ പോകുന്ന കുഞ്ഞ് എന്റെ ശത്രുവാണ് എന്നൊരു തോന്നലിൽ എനിക്കുണ്ടായ ഇൻസെക്യൂരിറ്റി ഭയങ്കരമായിരുന്നു. പക്ഷെ അതിന്റെ ഒരു ഗുണം എന്താണെന്ന് വെച്ചാൽ ആ പ്രശ്നം എനിക്ക് ഉണ്ടാകാത്ത രീതിയിലാണ് എന്റെ മാതാപിതാക്കൾ ആ വിഷയം കൈകാര്യം ചെയ്തത്.
അതുകൊണ്ട് തന്നെ എനിക്ക് താഴെ ഉണ്ടായ എന്റെ അനുജത്തി എനിക്ക് ഏറെ പ്രിയപ്പെട്ടവളായി മാറി. അവൾ ഉണ്ടായത് എന്റെ സന്തോഷ നിമിഷമായി മാറുന്ന രീതിയിലാണ് എന്റെ അച്ഛനും അമ്മയും എന്നെ നോക്കിയത്. എങ്കിലും അത്തരമൊരു തോന്നൽ എനിക്കുണ്ടായത് വർഷങ്ങൾക്ക് ശേഷം ഒരു കഥ എഴുതുവാൻ എന്നെ പ്രേരിപ്പിച്ചു. എനിക്ക് അത് മറികടക്കാൻ കഴിഞ്ഞെങ്കിലും എല്ലാ കുട്ടികൾക്കും അതിന് കഴിയണം എന്നില്ലല്ലോ.

അപ്പോൾ രണ്ടാമതൊരു കുഞ്ഞുണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ആദ്യത്തെ കുഞ്ഞിന് നമ്മൾ ഏറ്റവും കൂടുതൽ കെയർ കൊടുക്കുകയും ശ്രദ്ധിക്കുകയും ചെയ്യണം എന്നതാണ്. നവജാത ശിശുവിന് വേണ്ട പരിചരണം കൊടുത്ത് കിടത്തിയാൽ മതി. പക്ഷെ ആദ്യത്തെ കുഞ്ഞിനെ കൂടുതൽ ശ്രദ്ധിക്കുകയും സ്നേഹിക്കുകയും അത് ആ കുഞ്ഞ് മനസിലാക്കുകയും വേണം. രണ്ടാമത് ഒരു കുഞ്ഞ് ഉണ്ടാകാൻ പോകുമ്പോൾ നമുക്കുള്ള കുഞ്ഞിനെ കൂടുതൽ ശ്രദ്ധിക്കുക.
പലരും അലസമായി ചെയ്യുന്ന കാര്യങ്ങളാണ് കുഞ്ഞുങ്ങളുടെ മനസിൽ മുറിവായി അവശേഷിക്കുന്നത്. ഒരു അനുജനോ അനുജത്തിയോ വരാൻ പോകുമ്പോൾ ചിലർ കുട്ടിയോട് പറയും നിന്നെ ഇനി ഇവർക്ക് വേണ്ട. അല്ലെങ്കിൽ പുതിയ ആൾ വരാൻ പോവുകയാണല്ലോ ഇനിയിപ്പോൾ നിന്നെ ഇതുപോലെ നോക്കാനൊന്നും അമ്മയ്ക്ക് പറ്റില്ല. നിന്നെ ആർക്കും വേണ്ടാതെയാകും എന്നൊക്കെ. അത് കുഞ്ഞുമനസിൽ ഉണ്ടാക്കുന്ന മുറിവ് ചിലപ്പോൾ ആർക്കും മനസിലായിയെന്ന് വരില്ല.
ആ വേദന കാരണം കുട്ടി എങ്ങനെ ചിന്തിക്കുന്നു എങ്ങനെ പ്രതികരിക്കും എന്നൊന്നും നമുക്ക് പ്രവചിക്കാൻ കഴിയില്ല. സിനിമയിൽ ഉള്ള കുട്ടിയുടെ കാര്യവും അങ്ങനെ ആയിരുന്നു. അവനെ കേൾക്കാൻ ആരും ഉണ്ടായിരുന്നില്ല. ആ ഒരു ദുർബല നിമിഷത്തിലാണ് അവന് അങ്ങനെ തോന്നിയത്. എന്നെ സംബന്ധിച്ച് എനിക്ക് ഈ അനുഭവം ഉള്ളതുകൊണ്ട് എനിക്കും ഭാര്യയ്ക്കും രണ്ടാമത്തെ കുട്ടി ഉണ്ടായപ്പോൾ ഞങ്ങൾ ആദ്യത്തെ മകളെയാണ് കൂടുതൽ കെയർ ചെയ്തത്.
ആരും അവളെ വേദനിപ്പിക്കുന്ന തമാശകൾ പറയുന്നത് ഞങ്ങൾ ഒട്ടും പ്രോത്സാഹിപ്പിച്ചില്ല. കുട്ടികൾ വളരെ സെൻസിറ്റീവായിട്ടുള്ള ആൾക്കാരാണ്. നമുക്ക് അവരെ നിസാരക്കാരായിട്ട് കാണാൻ കഴിയില്ല. ഇനി വരുന്ന ആൾ എന്റെ സ്ഥാനം അപഹരിക്കും എന്നുള്ള തോന്നൽ കുട്ടികളിൽ ഏത് തരത്തിലുള്ള മാനസിക പരിവർത്തനമാണ് നൽകുകയെന്ന് പറയാൻ പറ്റില്ല. ഇപ്പോൾ വന്ന വാർത്തയിലെ കുട്ടിക്ക് 12 വയസ് മാത്രമാണ് പ്രായം.
12 വയസൊക്കെ ഒരു പ്രായമാണോ... ആ കുഞ്ഞിന് ചിന്തിക്കാനുള്ള പ്രായം ആയിട്ടില്ല. ഇനി ഒരു കുട്ടി വരുമ്പോൾ ഞാൻ നേരത്തെ പറഞ്ഞതുപോലെ എന്റെ സ്ഥാനം പോകുമോ എന്ന ഇൻസെക്യൂരിറ്റി വന്നിട്ടുണ്ടാകും. ആ കുട്ടിയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ എന്താണെന്ന് തന്നെ അറിയില്ല. ഇവിടെ നമ്മൾ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ഒരു കാര്യമുണ്ട്.
സമൂഹം ഒരിക്കലും ആ കുട്ടിയെ കുറ്റപ്പെടുത്തരുത്. ആ കുട്ടിയെ ചേർത്തുപിടിച്ച് കൂടെ നിർത്തുക. മീഡിയ ആ കുട്ടിയുടെ പിന്നാലെ പോകരുത്. കുട്ടിക്ക് കൂടുതൽ ട്രോമ ഉണ്ടാകാതെ ശ്രദ്ധിച്ച് അതിനെയും നമ്മുടെ സഹജീവിയായി വളർന്ന് വരാൻ അനുവദിക്കണം. അത് നമ്മുടെ സമൂഹത്തിന്റെ റെസ്പോൺസിബിലിറ്റിയാണ് എന്നാണ് സഞ്ജയ് പറഞ്ഞത്.


Click it and Unblock the Notifications