ഗ്ലാം റോളായതുകൊണ്ടാണ് ആ കഥാപാത്രം ആഗ്രഹിച്ചിരുന്നു, സെലക്ഷൻ കിട്ടിയത് അനിഖയ്ക്ക്, അന്ന് വിഷമം തോന്നി!
ബാലതാരമായി മലയാള സിനിമയിൽ സജീവമായിരുന്ന സമയത്തെ അനുഭവങ്ങൾ പങ്കുവെച്ച് എസ്തർ അനിൽ. ദൃശ്യം സീരിസിന്റെ ഭാഗമാണ് എസ്തർ. സീരിസിന്റെ മൂന്നാം ഭാഗം തിയേറ്റർ റിലീസിന് തയ്യാറെടുക്കുകയാണ്. സിനിമയുടെ പ്രമോഷൻ പ്രോഗ്രാമുകളിൽ സജീവമായി എസ്തറുമുണ്ട്. ഇതുവരെയുള്ള സിനിമ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിന് ഇടയിലാണ് ബാലതാരമായി അഭിനയിച്ചിരുന്ന സമയത്ത് സിനിമയുമായി അടുക്കാൻ മടി കാണിച്ചതിന് പിന്നിലെ കാരണം എസ്തർ വെളിപ്പെടുത്തിയത്.
ഭാസ്കർ ദി റാസ്ക്കൽ സിനിമയുടെ ഓഡീഷനിൽ പങ്കെടുത്തപ്പോഴുണ്ടായ അനുഭവവും താരം വെളിപ്പെടുത്തി. ഭാസ്കർ ദി റാസ്ക്കൽ സിനിമയുടെ ഓഡീഷനിൽ ഞാനും പങ്കെടുത്തിരുന്നു. എന്നെ മാറ്റിയതല്ല. ഓഡീഷനിൽ എനിക്ക് സെലക്ഷൻ കിട്ടിയില്ല.

അന്ന് അതിൽ എനിക്ക് വിഷമമുണ്ടായിരുന്നു. കാരണം അതുവരെ ഞാൻ ചെയ്ത കഥാപാത്രങ്ങളെല്ലാം നാടൻ ടച്ചുള്ളവയായിരുന്നു. പക്ഷെ ഭാസ്കർ ദി റാസ്ക്കലിലേക്ക് ഗ്ലാം റോളായതുകൊണ്ടാണ് അത് ചെയ്യാൻ ആഗ്രഹിച്ചത്. മാത്രമല്ല മമ്മൂട്ടി അങ്കിളും നയൻതാരയുമൊക്കെയാണല്ലോ നായകനും നായികയും. അനിഖയാണ് ആ റോൾ പിന്നീട് ചെയ്തത്.
അനിഖയാണ് ആ റോളിന് ബെസ്റ്റും ചേരുന്നതും. നയൻതാരയുടെ അതേ ഫേസ്കട്ടുമാണല്ലോ താരത്തിന്. ആ ഓഡീഷനിൽ പങ്കെടുത്തത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. ദൃശ്യം കഴിഞ്ഞ സമയത്തായിരുന്നു ഓഡീഷനിൽ പങ്കെടുത്തത്. ആ സമയത്ത് എന്റെ മാതാപിതാക്കളായിരുന്നു ഞാൻ സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നതും ഓഡീഷൻ പോലുള്ളവയ്ക്ക് എന്നെ കൊണ്ടുപോയിരുന്നതും.
മോൾക്ക് സിനിമ കിട്ടണം. അവൾ സിനിമ ചെയ്യണമെന്ന ആഗ്രഹം അവർക്കുണ്ടായിരുന്നു. വിഷമിക്കേണ്ടെന്ന് മനസ് കൊണ്ട് കരുതിയതുകൊണ്ടാകണം ഞാൻ സിനിമയുമായി അത്ര അറ്റാച്ച്ഡായിരുന്നില്ല. ഞാൻ വളരെ ചെറിയ പ്രായമാണ് അന്ന്. ഭാസ്കർ ദി റാസ്ക്കലിൽ സെലക്ഷൻ കിട്ടാതിരുന്നപ്പോൾ തന്നെ എനിക്ക് ആ പ്രായത്തിൽ വിഷമം തോന്നിയിരുന്നു.
അങ്ങനൊരു സാഹചര്യത്തിൽ സിനിമയുമായി ഞാൻ കൂടുതൽ അറ്റാച്ച്ഡായിരുന്നുവെങ്കിൽ ഒന്നും ചെയ്യാൻ പറ്റാത്ത തരത്തിൽ വിഷമം വന്ന് പോകുമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഞാൻ പ്രായത്തിൽ അധികം സിനിമയോട് അടുക്കാതിരുന്നത് എന്നാണ് എസ്തർ പറഞ്ഞത്. ഭാസ്കർ ദി റാസ്ക്കൽ 2015ൽ റിലീസ് ചെയ്ത സിനിമയാണ്. മമ്മൂട്ടിക്കും നയൻതാരയ്ക്കും പുറമെ സിനിമയിൽ മറ്റ് രണ്ട് കേന്ദ്രകഥാപാത്രങ്ങളായിരുന്നു രണ്ട് കുട്ടികൾ.

ആ രണ്ട് കുട്ടികളുടെ റോളുകൾ അവതരിപ്പിച്ചത് സനുഷ സന്തോഷിന്റെ സഹോദരൻ സനൂപും അനിഖ സുരേന്ദ്രനുമായിരുന്നു. സിദ്ദിഖ് സംവിധാനം ചെയ്ത സിനിമ പിന്നീട് തമിഴിലും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഇരുപത്തിനാലുകാരിയായ എസ്തർ 2010 മുതൽ മലയാള സിനിമയുടെ ഭാഗമാണ്. നല്ലവനായിരുന്നു ആദ്യ സിനിമ. പത്തിൽ അധികം സിനിമകളിൽ ബാലതാരമായി അഭിനയിച്ചശേഷമാണ് എസ്തർ ദൃശ്യത്തിൽ മോഹൻലാലിന്റെ മകളുടെ വേഷം ചെയ്തത്.
ദൃശ്യം വൻ വിജയമായതോടെ എസ്തറിന് അന്യഭാഷകളിലും സിനിമ അവസരങ്ങൾ ലഭിച്ചു. മുതിർന്ന ശേഷം മിൻമിനി അടക്കമുള്ള സിനിമകളിൽ കേന്ദ്രകഥാപാത്രമായും എസ്തർ അഭിനയിച്ചു. വിദേശത്ത് നിന്നും ഉപരി പഠനം പൂർത്തിയാക്കിയ എസ്തർ ഇനിയങ്ങോട്ട് സിനിമയിൽ ശ്രദ്ധ കൊടുക്കാൻ തന്നെയാണ് ആഗ്രഹിക്കുന്നത്.
അതേസമയം ദൃശ്യം 3 മെയ് 21 മുതൽ തിയേറ്ററുകളിൽ പ്രദർശിപ്പിച്ച് തുടങ്ങും. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മുൻഭാഗങ്ങളിലെ പ്രധാന താരങ്ങളെല്ലാം അണിനിരക്കുന്നുണ്ട്. ഏപ്രിൽ 2ന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മെയ് 21 ലേക്ക് നീട്ടുകയായിരുന്നു. മോഹൻലാലിന്റെ പിറന്നാൾ ദിനം കൂടിയാണ് മെയ് 21. ഈ വര്‍ഷം മലയാളികള്‍ കാത്തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട റിലീസാണ് ദൃശ്യം 3.


Click it and Unblock the Notifications


