ഭർത്താവ് കക്കൂസ് കഴുകി പൈസ ഉണ്ടാക്കുന്നു, അതിന് നീ ലിപ്സ്റ്റിക്ക് വാങ്ങുന്നു! ആര്‍ ജെ അഞ്ജലിയെ പറ്റി കുറിപ്പ്
റോഡിയോ ജോക്കി എന്നതിലുപരി വ്‌ളോഗര്‍ കൂടിയാണ് ആര്‍ജെ അഞ്ജലി. ഉരുളയ്ക്കുപ്പേരി എന്ന ടെലവിഷന്‍ പരിപാടിയിലും അഞ്ജലി സജീവമാണ്. കോവിഡ് കാലത്താണ് ഭര്‍ത്താവിനൊപ്പം വ്‌ളോഗില്‍ അഞ്ജലി സജീവമാകുന്നത്. പിന്നീട് ഇരുവരും ചേര്‍ന്ന് കുടുംബത്തിലെ രസകരമായ സംഭവങ്ങളെ കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു.
എന്നാല്‍ ഭര്‍ത്താവിന്റെ നിറവും ജോലിയും മോശമാണെന്ന് പറഞ്ഞ് പരിഹാസം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഇതേ കുറിച്ച് ജെറി പൂവക്കാല എന്നൊരാള്‍ എഴുതിയ കുറിപ്പ് വൈറലാവുകയാണ്. ചെറിയ പ്രായം മുതലുള്ള അഞ്ജലിയുടെ ജീവിതത്തെ പറ്റിയാണ് അദ്ദേഹം സംസാരിച്ചത്.

കുറിപ്പിന്റെ പൂര്‍ണരൂപമിങ്ങനെയാണ്....
'കക്കൂസ് കഴുകുന്നവന്റെ ഭാര്യയാണോ നീ' ദാരിദ്ര്യം പേറിയ കുടുംബത്തില്‍ ജനിച്ചവള്‍. വീട്ടില്‍ പരമ ദാരിദ്ര്യം കാരണം ആന്റിയുടെ വീട്ടില്‍ ഒമ്പതാം ക്ലാസ് വരെ പഠിച്ചവള്‍. സ്‌കൂളില്‍ ഫീസ് കൊടുക്കാനുള്ളവര്‍ എഴുന്നേറ്റു നില്‍ക്കാന്‍ പറയുമ്പോള്‍ ഒന്നും ആലോചിക്കാതെ എഴുന്നേറ്റു നിന്നവള്‍. ആന്റിയുടെ വീട്ടില്‍ താമസിക്കുമ്പോള്‍ അവള്‍ക്ക് ആപ്പിള്‍ ഒക്കെ ചോദിക്കാതെ എടുത്തു കഴിക്കുവാന്‍ ഭയമായിരുന്നു. കാരണം വേറൊരു വീടല്ലേ. അപ്പോള്‍ ചോദിക്കണം.
എന്നാലും ഒരു ബുദ്ധിമുട്ടും അറിയിക്കാതെ ആന്റി അവളെ വളര്‍ത്തി. ആന്റി അവളുടെ അമ്മയായി മാറി. ഒമ്പതാം ക്ലാസ്സില്‍ ആയപ്പോള്‍ ചേച്ചി മാരെ ഒക്കെ കെട്ടിച്ചു. ഇനിയും സ്വന്തം വീട്ടിലേക്ക് പോകാം എന്ന് വിചാരിച്ചിരിക്കുമ്പോള്‍ അമ്മ കൂട്ടിക്കൊണ്ടുപോവാന്‍ വന്നു. ഭയങ്കര സന്തോഷം. പക്ഷേ ആ സന്തോഷം നീണ്ടു നിന്നിരുന്നില്ല. അമ്മ നേരെ അമ്മയുടെ സഹോദരന്റെ വീട്ടിലേക്കാണ് അവളെ കൊണ്ടുപോയത്.
അങ്ങനെ അവള്‍ തകര്‍ന്നു പോയി. രണ്ട് മക്കളെ ചേര്‍ത്ത് നിര്‍ത്തിയ അമ്മ എന്തുകൊണ്ട് ഇവളെ ചേര്‍ത്ത് നിര്‍ത്തുന്നില്ല എന്ന ഒരു വേദന. ജീവിതത്തില്‍ അവള്‍ക്ക് ആരുമില്ല എന്ന ചിന്ത അവളെ വേട്ടയാടി. ആരോടും വര്‍ത്താനം പറയില്ല. കോണ്‍ഫിഡന്‍സ് എല്ലാം നഷ്ടപെട്ടു. മരിക്കണം മരിക്കണം എന്ന ചിന്ത മാത്രമായിരുന്നു അന്ന്. അന്ന് അവള്‍ ഒരു കാര്യം ചിന്തിച്ചു. എന്നെ തള്ളി കളഞ്ഞ അമ്മയുടെ മുന്‍പില്‍ എനിക്ക് അഭിമാനത്തോടെ ജീവിക്കണം.
ഒറ്റ മാര്‍ഗം. നന്നായി പഠിക്കുക. പത്തില്‍ ഫുള്‍ A+ മേടിച്ചു അമ്മയെ കൂടെ കൂട്ടി പോയി സമ്മാനം മേടിക്കണം. അങ്ങനെ എങ്കിലും അമ്മ സ്‌നേഹിക്കുമല്ലോ എന്ന് വിചാരിച്ചു. നല്ലവണ്ണം പഠിച്ചു. അമ്മ അവളെ കാണുവാന്‍ ആഴ്ചയില്‍ ഒരു ദിവസം വരും. അമ്മ തിരിച്ചു ബസ്സ് കേറി പോകുമ്പോള്‍ പൊട്ടി പൊട്ടിപൊട്ടി കരയുമായിരുന്നു. അതൊന്നും അമ്മ കണ്ടിരുന്നില്ല.പത്തില്‍ ഫുള്‍ A+ മേടിച്ച്. അവള്‍ അമ്മയുടെ കൂടെ പോയി ട്രോഫി മേടിച്ചു.
അമ്മ സന്തോഷിക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു. അങ്ങനെ പതിനൊന്നു പന്ത്രണ്ടും അവളുടെ വീട്ടില്‍ നിന്ന് പഠിക്കാന്‍ ഭാഗ്യം ലഭിച്ചു. അമ്മയുമായി മറ്റു കുട്ടികള്‍ സംസാരിക്കുന്നതുപോലെ സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. തമാശകളില്ല, വാക്കുകളില്ല. അവള്‍ അമ്മയെ സംസാരിപ്പിക്കാന്‍ വഴി തേടി. ആ മനസ്സില്‍ ഒരു ആശയം തോന്നി. അമ്മയെ ചിരിപ്പിച്ചാല്‍ ചിലപ്പോള്‍ ബാക്കി കുട്ടികളോട് ഇടപെട്ടതുപോലെ അവളോടും ഇടപെടുമായിരിക്കും.
അങ്ങനെ ചളി തമാശകള്‍ പറയുവാന്‍ തുടങ്ങി. ആദ്യത്തെ തമാശകള്‍ കേട്ട് അമ്മ കുലുങ്ങിയില്ല. മെല്ലെ മെല്ലെ അമ്മക്ക് വേണ്ടിയ പാത്രത്തില്‍ തമാശകള്‍ വിളമ്പി തുടങ്ങി. അങ്ങനെ അമ്മയുമായിട്ടുള്ള അകലം കുറച്ച് മാറി. അങ്ങനെ കോളേജ്. കോളേജില്‍ പോയപ്പോള്‍ അവളെ കേള്‍ക്കുവാന്‍ കുറെ സുഹൃത്തുക്കള്‍ കൂടെ ഉണ്ടായി. അതിന് മുന്‍പ് അവളെ ആരും കേട്ടിരുന്നില്ല.കോളേജില്‍ ടിവി യില്ല ആ
സമയത്ത് കേള്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്നത് റേഡിയോ ആണ്. അവള്‍ക്കതങ്ങ് ഇഷ്ടപ്പെട്ടു.
നമ്മള്‍ സംസാരിക്കുന്ന കാര്യങ്ങള്‍ അങ്ങ് ദൂരെ ഇരുന്നു ആരോ കേട്ടിട്ട് റേഡിയോയില്‍ കൂടി മറുപടി തരുന്നതൊക്കെ കൗതുകം ചെലുത്തി. അങ്ങനെ എങ്ങനെങ്കിലും ഒരു RJ (റേഡിയോ ജോക്കി) ആകണം എന്ന ചിന്ത വന്നത് .അങ്ങനെ ഫൈനല്‍ ഇയര്‍ റിസള്‍ട്ട് വരുന്നതിനു മുന്‍പ് RJ ആയി ജോയിന്‍ ചെയ്തു. (അതിന് മുന്‍പ് ഒരു റേഡിയോയില്‍ പോയി. അവിടെ കിട്ടിയില്ല കാരണം പോകുന്ന വഴിയില്‍ ഒരു ട്രെയിന്‍ അപകടം. തല വേര്‍പെട്ട ഒരു ശരീരം കണ്ടു അവള്‍ ഭയന്നു ( ഒരാള്‍ ആത്മഹത്യ ചെയ്തതാണ്).
ആ രംഗം അവളെ വേദനിപ്പിച്ചതു കൊണ്ട് അസ്വസ്ഥയായിരുന്നു. അവര്‍ അവളോട് ചോദിച്ചത് അവസാനം വായിച്ച ഒരു പുസ്തകത്തെ പറ്റി പറയുവാനാണ്. വിവേകാനന്ദന്റെ ഒരു പുസ്തകമായിരുന്നു അതിലെ വരികള്‍ ഇങ്ങനെയാണ്... 'നമ്മള്‍ക്ക് എന്ത് പ്രശ്‌നമുണ്ടെങ്കിലും കണ്ണാടിയുടെ മുന്‍പില്‍ നിന്ന് പറയണം, എനിക്ക് നട്ടെല്ലുണ്ട്. ഈ നട്ടെല്ല് ഉള്ളിടത്തോളം കാലം എല്ലാ പ്രശ്‌നങ്ങളും ഞാന്‍ അതിജീവിക്കും.'
ഈ ചേര്‍ത്തല വെച്ച് അവള്‍ കണ്ട ആ മനുഷ്യന് ആരെങ്കിലും ഈ വാക്ക് പറഞ്ഞു കൊടുത്തില്ലായിരുന്നെങ്കില്‍ അയാള്‍ മരിക്കില്ലായിരുന്നു എന്ന് പറഞ്ഞു അവള്‍ നിര്‍ത്തി ഒരു വിഷാദ അന്തരീക്ഷം സൃഷ്ടിച്ചപ്പോള്‍ അവര്‍ക്ക് വേണ്ടിയിരുന്നത് തമാശ കഥയായിരുന്നു. അവിടെ നിന്ന് റിജക്റ്റ് ആയി, പിന്നെ അവള്‍ ഒരു ഡിപ്രെഷന്‍ അവസ്ഥയില്‍ പോയി. ലൈറ്റ് കാണേണ്ട. കണ്ണ് തുറക്കണ്ട. ആരോടും സംസാരിക്കേണ്ട. അങ്ങനെ കുറെ കഴിഞ്ഞപ്പോള്‍ അവള്‍ക്ക് റെഡ് എഫ്എം ല്‍ നിന്ന് വിളി വന്നു.
സെലക്ഷനു പോകുന്നതിന് മുന്‍പ് അവള്‍ പറയുവാന്‍ തുടങ്ങി ഞാന്‍ ഒരു RJ ആണ്. എനിക്ക് കോണ്‍ഫിഡന്‍സ് ഉണ്ട്. എന്നെകൊണ്ട് അത് സാധിക്കും എന്ന് പറഞ്ഞു അവിടെ പോയി. ജോലിയുടെ രണ്ടാം വര്‍ഷം വിവാഹം. ഭര്‍ത്താവ് ഒരു ഡീപ്പ് ക്ലീനിംഗ് സര്‍വീസ് ചെയ്യുന്ന ആള്‍. അപ്പോള്‍ സുഹൃത്തുക്കള്‍ പറയും കക്കൂസ് കഴുകിയാണോ അവന്‍ പൈസ ഉണ്ടാക്കുന്നത്. കണ്ടവന്റെ കാറിലെ അഴുക്ക് കഴുകിയാണോ നിന്റെ ഭര്‍ത്താവ് പൈസ ഉണ്ടാക്കുന്നത്.

ആള്‍ കക്കൂസ് കഴുകി പൈസ ഉണ്ടാക്കുന്നു. നീ ആ പൈസക്ക് ലിപ്സ്റ്റിക്ക് വാങ്ങുന്നു. ഒരു കക്കൂസ് കഴുകുന്നവന്റെ ഭാര്യയ്ക്ക് ലിപ്സ്റ്റിക്ക് ഇടാന്‍ പാടില്ല. ഭര്‍ത്താവ് ചെയ്യുന്നത് ഒരു മഹത്വമുള്ള ജോലി ആണെന്ന് വരുത്തി തീര്‍ക്കുവാന്‍ ഒരുപാട് വര്‍ഷത്തെ അധ്വാനം വേണ്ടി വന്നു. അങ്ങനെ കോവിഡ് വന്നു. ഭര്‍ത്താവിന്റെ പണിയെ ബാധിച്ചു. അങ്ങനെ വീട്ടില്‍ ഇരുന്നു വീഡിയോ സാധ്യതകളെ കുറിച്ച് പഠിച്ചു. വീഡിയോ ചെയ്യുവാന്‍ തുടങ്ങി.
ആദ്യം ആയിരം പേര്‍ കണ്ടു. അങ്ങനെ മില്യണ്‍ വ്യൂസുള്ള വീഡിയോ വരെ എത്തി. പിന്നെ പ്രാങ്ക് കാള്‍സ് വീഡിയോ ആയി. ഒരു ദിവസം വീഡിയോയില്‍ ഭര്‍ത്താവ് വന്നപ്പോള്‍ കമന്റില്‍ വന്നത് ഇങ്ങനെയാണ്-ഇതെന്താണ് നിലവിളക്കും കരിവിളക്കും ആണോ? ഭര്‍ത്താവിന്റെ നിറം കണ്ടിട്ട് ആളുകള്‍ ചോദിച്ച കമന്റാണ്. പക്ഷേ അന്നുമുതല്‍ ഭര്‍ത്താവുമായി വീഡിയോ ചെയ്ത് തുടങ്ങി.
ഹലോ ഡിയര്‍ റോങ്ങ് നമ്പര്‍ എന്ന പ്രോഗ്രാം വന്‍ വൈറല്‍ ആയി. പലര്‍ക്കും വീട് വെച്ച് കൊടുത്ത ഇവര്‍ക്ക് ഒരു വീടില്ലായിരുന്നു. തകരം കൊണ്ടുള്ള വാതില്‍ ഉള്ള ഒരു വീട്. ഒരു ദിവസം ഈ തകരം വാതില്‍ പൊളിച്ചു ഒരു കള്ളന്‍ വീട്ടില്‍ കയറി. അവള്‍ അലറി വിളിച്ചു. അവള്‍ താമസിക്കുന്ന വീട് ഒട്ടും സേഫ് അല്ല എന്ന് അവള്‍ക്ക് മനസ്സിലായി. കയ്യില്‍ വന്ന പല അവസരങ്ങളും അഭിനയം വരെ കയ്യില്‍ നിന്ന് പോയി. വീണ്ടും നിരാശ.
ആ ഡിപ്രഷനിലും അവളുടെ ഹസ്ബന്‍ഡും പേരന്റ്‌സും കട്ടക്ക് കൂടെ നിന്നു. അങ്ങനെ അവള്‍ അതിനെയും അതിജീവിച്ചു. ഇന്ന് ലോക പ്രസിദ്ധയായ നമ്മുടെ പ്രിയപെട്ട RJ അഞ്ജലി വന്ന വഴികള്‍ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. പക്ഷേ അവളില്‍ ആരോ ഒരു വെളിച്ചം ഊതിയിരുന്നു. എനിക്ക് കഴിയും എന്ന് പറയണമെന്നും. ഞാന്‍ രക്ഷപെടും എന്നും അവള്‍ കണ്ണാടിയില്‍ നോക്കി പറയുമായിരുന്നു.
പ്രിയപ്പെട്ടവരെ നിങ്ങള്‍ ഏതു അവസ്ഥയിലാണെങ്കിലും കണ്ണാടിയില്‍ നോക്കി പറയണം എനിക്ക് കഴിയും. എനിക്ക് നട്ടെല്ലുണ്ട്. എനിക്കിത് സാധിക്കും. നിങ്ങള്‍ അത് പറയുമ്പോള്‍ അറിയാതെ അത്ഭുതം സംഭവിക്കും. വാതിലുകള്‍ തുറക്കപ്പെടും. നിങ്ങളുടെ ഭാവിയെ ബന്ധിച്ചിരിക്കുന്ന ചങ്ങലകള്‍ പൊട്ടും. ഇരുമ്പ് വാതിലും തകര വാതിലും തുറക്കും. കല്ലറക്ക് സമാനമായി വീട്ടില്‍ തളയ്ക്കപ്പെട്ടു കിടക്കുന്ന നിങ്ങള്‍ പുറത്ത് വരും.
എത്രത്തോളം അവഗണിക്കപ്പെട്ടിട്ടുണ്ടോ അത്രത്തോളം മാനിക്കപ്പെടും. സ്‌നേഹിക്കേണ്ടവര്‍ തള്ളിക്കളയുമ്പോള്‍ ഓര്‍ത്തോണം നിന്നെ ലോകം ചേര്‍ത്തു പിടിക്കുന്ന ഒരു ദിവസം വരും. നിങ്ങള്‍ ഉയര്‍ച്ച തന്നെ പ്രാപിക്കും. ജെറി പൂവക്കാല കുറിച്ചു....


Click it and Unblock the Notifications