'വീട്ടിലെ സാഹചര്യമായിരുന്നു തടസം, സെറ്റിൽ ഒറ്റക്കായിരുന്നു, അർജുന്റെ കഥാപാത്രങ്ങളെ മനസിൽ ആവാഹിച്ചിരുന്നു'
അടുത്തിടെ പുറത്തിറങ്ങിയതിൽ സിനിമാപ്രേമികൾ ആഘോഷമാക്കിയ സിനിമയാണ് ആവേശം. ഫസ്റ്റ് ലുക്ക് പോസ്റ്ററുകളോടും ട്രെയിലറിനോടും ആവേശം എന്ന ടൈറ്റിലിനോടും ഇരുനൂറ് ശതമാനം നീതിപുലർത്തിയ സിനിമ. ആവേശത്തിമിർപ്പും കിടിലൻ തിയേറ്റർ എക്സ്പീരിയൻസും ആവേശം നൽകിയെന്നാണ് സിനിമ കണ്ടിറങ്ങിയവർ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. ഫഹദ് ഫാസിൽ എന്ന നടന്റെയും ഒരു പറ്റം യുവതാരങ്ങളുടെയും അത്യുഗ്രൻ പ്രകടനം തന്നെയായിരുന്നു സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ്.
അന്യഭാഷയിൽ നിന്നുള്ള താരങ്ങൾ വരെ ആവേശത്തിന്റെ തിയേറ്റർ എക്സ്പീരിയൻസിനെ കുറിച്ച് വാചാലരായി പോസ്റ്റുകൾ പങ്കുവെക്കുന്നുണ്ട്. ഫഹദിനൊപ്പം തന്നെ സിനിമയുടെ റിലീസിനുശേഷം കയ്യടി നേടുന്ന മറ്റൊരു താരം വില്ലൻ വേഷം കുട്ടിയെ അവതരിപ്പിച്ച മിഥുനാണ്. റീൽസ് വീഡിയോകളിലൂടെ സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർക്ക് പരിചിത മുഖമാണ് മിഥുൻ.

റീൽസുകൾ ഇട്ടുതുടങ്ങിയപ്പോൾ തുടക്കത്തിൽ പരിഹാസങ്ങളായിരുന്നു മിഥുന് ഏറെയും ലഭിച്ചിരുന്നത്. ആ പരിഹാസം തന്നെയാണ് ലക്ഷ്യത്തിലേക്ക് എത്താനുള്ള ഇന്ധനമായി പിന്നീട് മിഥുൻ ഉപയോഗിച്ചതും. ഇപ്പോഴിതാ ആവേശത്തിലെ കുട്ടി കയ്യടി നേടുമ്പോൾ സിനിമാ അനുഭവങ്ങൾ പങ്കിടുകയാണ് താരം. തൃശൂർ പുത്തൂർ സ്വദേശിയായ മിഥുന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 'വീട്ടിലെ സാഹചര്യങ്ങളാണ് പലപ്പോഴും സിനിമ മോഹങ്ങൾക്ക് തടസമായത്.'
'സാമ്പത്തിക ബുദ്ധിമുട്ടുകൾക്കൊപ്പം അച്ഛനുണ്ടായ അപകടവും ചെറുപ്പത്തിലേ കുടുംബത്തിന് താങ്ങാകാൻ പ്രേരിപ്പിച്ചു. രണ്ട് സഹോദരങ്ങളുടെ വിദ്യാഭ്യാസ ചെലവുകളും വഹിക്കേണ്ടതായി വന്നതോടെ പല ജോലികളും ചെയ്തു. ആവേശത്തിലെ ഡാർക്ക് ഷേഡുള്ള കുട്ടിയുടെ കഥാപാത്രത്തിലേക്കെത്താൻ പലവഴികളും പയറ്റി. സെറ്റിലും ലൊക്കേഷനിലും ഒറ്റയ്ക്കായിരുന്നു നടന്നിരുന്നത്.'
'പരമാവധി സുഹൃത്തുക്കളോട് കൂട്ടുകൂടാതെ ഇരിക്കാനും ശ്രമിച്ചു. സെറ്റിലെത്തിയാൽ കുട്ടിയിലേക്ക് കടക്കും. പിന്നെ സുഹൃത്തുക്കൾ ഔട്ട്. അതായിരുന്നു രീതി. ബെംഗളുരുവിൽ ചിത്രീകരണം നടക്കുമ്പോൾ ഇടവേളകളിൽ വെറുതെ നഗരത്തിലൂടെ കറങ്ങി നടക്കും. ചായ കുടിക്കാൻ പോകുന്നതും ഒറ്റയ്ക്കായിരുന്നു. കുട്ടി ക്ലിക്കായത് ടീം വർക്കിന്റെ വിജയമാണ്. എടാ മോനേ കുട്ടേട്ടനാടാ... എന്ന ഡയലോഗ് തന്നെ ഹിറ്റായി.'
'നോക്കിലും നടപ്പിലുമെല്ലാം നിഗൂഢത ഒളിപ്പിച്ചുവെച്ച കുട്ടിയെ അവതരിപ്പിച്ചത് തമിഴ് നടൻ അർജുൻ ദാസിൻ്റെ കഥാപാത്രങ്ങളെ മനസിൽ ആവാഹിച്ചാണ്. പ്രിയപ്പെട്ട വില്ലൻ അർജുൻ ദാസാണ്. സംവിധായകൻ ജിത്തു മാധവൻ മുതൽ സെറ്റിലുള്ളവരൊക്കെ കട്ട സപ്പോർട്ടായിരുന്നു. കോളേജിൽ പഠിക്കാത്ത ഞാൻ ഷൂട്ടിങ് കഴിഞ്ഞെത്തിയത് അതിലും വലിയ അനുഭവങ്ങളുമായിട്ടാണ്. ഫഹദ് ഫാസിലിൻ്റെ സിനിമ കണ്ട് പലപ്പോഴും ആരാധന തോന്നിയിട്ടുണ്ട്.'

'അദ്ദേഹത്തിൻ്റെ സിനിമയിൽ അവസരം കിട്ടിയത് തന്നെ വലിയ കാര്യമാണ്. പ്രധാനപ്പെട്ട റോളൊന്നുമായിരിക്കില്ലെന്ന വിശ്വാസത്തിലാണ് ഷൂട്ടിങ്ങിന് പോയത്. പിന്നീടാണറിയുന്നത് ചിത്രത്തിലെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഞാനാണന്ന്. ആദ്യപടത്തിൽ അഭിനയിക്കുകയാണ്... കൂടെ ഫഹദ് ഇക്കയെപ്പോലെയുള്ള ഒരു നടൻ. അഭിമാനവും പേടിയുമൊക്കെയാണ് ആദ്യം തോന്നിയത്.'
'പക്ഷെ ഞങ്ങളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം അദ്ദേഹം നേരത്തെ ചോദിച്ചറിഞ്ഞിരുന്നു. ഇക്കയാണ് ഞങ്ങളെ പരിചയപ്പെടാനെത്തിയത്. അതോടെ പേടിയൊക്കെ മാറി. അഭിനയത്തിൻ്റെ പാഠശാലയാണ് ഫഹദ് ഫാസിൽ. അദ്ദേഹത്തിന്റെ ഓരോ കഥാപാത്രവും അത് നമുക്ക് കാട്ടിത്തരും. ക്യാമറ വെച്ചാൽ വേറൊരു മനുഷ്യനായി അദ്ദേഹം മാറുന്നത് കാണാം. പലപ്പോഴും നമുക്ക് ഇതൊക്കെ അത്ഭുതമാണ് ഉണ്ടാകുന്നത്.'
'എനിക്ക് ഷൂട്ട് ഇല്ലാത്ത ദിവസങ്ങളിലും ഞാൻ സെറ്റിലെത്താറുണ്ടായിരുന്നു. ഒരേ ഒരു ലക്ഷ്യം ഫഹദ് ഫാസിലിൻ്റെ അഭിനയം കണ്ടുനിൽക്കണം. ഫഹദ് ഇക്കയുടെ കൂടെ എനിക്ക് കൂടുതൽ കോമ്പിനേഷൻ സീൻ ഇല്ലായിരുന്നു. ആകെ രണ്ടോ മൂന്നോ സീനുകൾ.'
'എന്നാലും അത് ഒരിക്കലും മറക്കാനാവാത്ത അനുഭമാണ്. ആളുകൾ നമ്മുടെ കഥാപാത്രത്തെ അംഗീകരിച്ചു എന്നത് സന്തോഷം നൽകുന്നതാണ്. എവിടെപ്പോയാലും അവരുടെ സ്നേഹം അനുഭവിക്കാം. സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം നല്ല അഭിപ്രായം പറഞ്ഞുവെന്നും', മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ മിഥുൻ പറഞ്ഞു.


Click it and Unblock the Notifications