ഫഹദ് ഫാസിലിനും നസ്രിയയ്ക്കും ഇന്ന് ആറാം വിവാഹ വാര്‍ഷികം! ആശംസകളുമായി ആരാധകര്‍
മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരുടെയും പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. ബാംഗ്ലൂര്‍ ഡേയ്‌സിന്റെ വന്‍വിജയത്തിന് പിന്നാലെയായിരുന്നു ഫഹദും നസ്രിയയും ജീവിതത്തിലും ഒരുമിച്ചത്. സിനിമാലോകവും ആരാധകരും ഒന്നടങ്കം വലിയ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ഇവരുടേത്. 2014ലായിരുന്നു ഫഹദ് ഫാസിലും നസ്രിയയും വിവാഹിതരായത്.
താരദമ്പതികളുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹ ശേഷം ഒരിടവേളയ്ക്ക് ശേഷമാണ് നസ്രിയ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയത്. നസ്രിയ അഭിനയ രംഗത്ത് ഇല്ലാതിരുന്ന സമയത്തും ഫഹദ് മോളിവുഡിലെ മുന്‍നിര നായകനായി തിളങ്ങിയിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം അടുത്തിടെയായിരുന്നു ഇരുവരും ട്രാന്‍സ് എന്ന ചിത്രത്തിലും ഒരുമിച്ച് അഭിനയിച്ചത്.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു രണ്ട് പേരും കാഴ്ചവെച്ചത്. എന്നാല്‍ സിനിമ തിയ്യേറ്ററുകളില്‍ അത്ര വിജയമായിരുന്നില്ല. വിവാഹ ശേഷം നിര്‍മ്മാണ രംഗത്തും ഇരുവരും തിളങ്ങിയിരുന്നു. കുമ്പളങ്ങി നൈറ്റ്‌സ്, വരത്തന്‍ തുടങ്ങിയ സിനിമകള്‍ ഇരുവരും ചേര്‍ന്ന് നിര്‍മ്മിച്ചിരുന്നു. സിനിമകളില്‍ ഇല്ലാതിരുന്ന സമയത്ത് ഫഹദിനൊപ്പം ലൊക്കേഷനുകളില്‍ നസ്രിയയും എത്താറുണ്ടായിരുന്നു.

നടന്റെ പുതിയ സിനിമകള്‍ക്കെല്ലാം പിന്തുണയുമായി നടിയും ഒപ്പമുണ്ടാവാറുണ്ട്. വിവാഹ ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു നസ്രിയ മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയത്. പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ അനിയത്തി വേഷത്തില്‍ നടിയും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

ട്രാന്‍സ് എന്ന ചിത്രമാണ് ഫഹദിന്റെയും നസ്രിയയുടെതുമായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയത്. അതേസമയം ഫഹദും നസ്രിയയും വിവാഹിതരായി ഇന്നേക്ക് ആറ് വര്‍ഷം തികയുകയാണ്. 2014 ആഗസ്റ്റ് 21നായിരുന്നു ഇരുവരും വിവാഹിതരായത്. താരദമ്പതികളുടെ ആറാം വിവാഹ വാര്‍ഷികം സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ് ആരാധകര്‍.
Recommended Video

ഫഹദിനും നസ്രിയയ്ക്കും വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് സഹതാരങ്ങളും ആരാധകരുമെല്ലാം തന്നെ എത്തുന്നുണ്ട്. ഫഹദ് സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവല്ലെങ്കിലും നസ്രിയ വിശേഷങ്ങളെല്ലാം പങ്കുവെച്ചുകൊണ്ട് എത്താറുണ്ട്. ഫഹദിനൊപ്പമുളള നസ്രിയയുടെ മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ലോക് ഡൗണ്‍ കാലത്തും ഫഹദിന്റെ പുതിയ ചിത്രങ്ങളെല്ലാം പങ്കുവെച്ച് നസ്രിയ എത്തിയിരുന്നു

ബാലതാരമായി തുടക്കം കുറിച്ച നസ്രിയ പിന്നീട് നായികാ വേഷങ്ങളിലും തിളങ്ങുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയ താരമാണ് നസ്രിയ. ഫഹദിന്റെ ചിത്രങ്ങള്‍ക്ക് പുറമെ വളര്‍ത്തുനായ ആയ ഓറിയോയുടെ ചിത്രങ്ങളും നസ്രിയ പങ്കുവെക്കാറുണ്ട്. നസ്രിയയ്ക്കും ഫഹദിനും പുറമെ ഓറിയോയും സോഷ്യല്‍ മീഡിയയിലെ താരമാണ്. ട്രാന്‍സിന് പിന്നാലെ മാലിക്ക് എന്ന ചിത്രമാണ് ഫഹദ് ഫാസിലിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. ടേക്ക് ഓഫിന് ശേഷം ഫഹദും സംവിധായകന്‍ മഹേഷ് നാരായണനും വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണിത്.


Click it and Unblock the Notifications











