മോഹൻലാലിന്റെ ദൃശ്യത്തെ തൊടാതെ മാലിക്, ചിത്രം വിറ്റ തുക വെളിപ്പെടുത്തി സംവിധായകൻ
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മാലിക്. ഫഹദ് ഫാസിൽ- മഹേഷ് നാരായണൻ കൂട്ട്ക്കെട്ടിൽ ഒരുങ്ങിയ ചിത്രം ജൂലൈ 15 ന് ആയിരുന്നു അമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. സമ്മിശ്രപ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
താരങ്ങളുടെ പ്രകടനം ഗംഭീരമാണെന്നും എന്നാൽ പ്രമേയത്തിൽ വിയോജിപ്പുണ്ടെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്. ചിത്രത്തിന്റെ രാഷ്ട്രീയ വശത്തെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് നടക്കുന്നുണ്ട്. വിമർശനങ്ങൾ ഉയരുമ്പോഴും തിയേറ്റർ അനുഭവം നഷ്ടപ്പെട്ടതിലുള്ള സങ്കടവും പ്രേക്ഷകർ ഉയർത്തുന്നുണ്ട്.

ഇപ്പോഴിതാ ചിത്രം ആമസോൺ പ്രൈം വീഡിയോക്ക് നൽകിയ തുക വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ മഹേഷ് നാരായണൻ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 22 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ...

സിനിമ തീയേറ്ററുകളിൽ എത്തിക്കുന്നതിനായി ഒന്നരവര്‍ഷത്തോളം തങ്ങള്‍ കാത്തിരുന്നു. പക്ഷേ അത് അനിശ്ചിതമായി നീണ്ടു, പണം മുടക്കിയ നിർമ്മാതാവിനെ സുരക്ഷിതനാക്കുകയെന്നത് എന്‍റെ കൂടെ ബാധ്യതയല്ലേ,അദ്ദേഹത്തിന് 22 കോടി ലഭിച്ചുവെന്നും മഹേഷ് നാരായണൻ അഭിമുഖത്തിൽ പറഞ്ഞു. സിനിമയുടെ മറ്റ് വിൽപ്പനകള്‍ കൂടിയാകുമ്പോള്‍ സിനിമ ലാഭകരമാകുമെന്നാണ് വിശ്വാസം. സിനിമകളുടെ റീച്ച് എന്ന കാര്യത്തിൽ ഡിജിറ്റൽ മീഡിയ ഉണ്ടാക്കിയിരിക്കുന്നത് വലിയ അത്ഭുതം തന്നെയാണെന്നും നമ്മളൊക്കെ ചിന്തിക്കുന്നതിനും അപ്പുറമാണെതെന്നും അദ്ദേഹം പറയുന്നു.

ഫെബ്രുവരി19 ന് റിലീസ് ചെയ്ത മോഹൻലാൽ ചിത്രമായ ദൃശ്യം 2 ആമസോണ്‍ പ്രൈം നൽകിയത് 30 കോടി രൂപയായിരുന്നു. ഒരു മലയാള സിനിമക്ക് ലഭിച്ച ഏറ്റവും വലിയ ഒ.ടി.ടി റേറ്റായിരുന്നു ദൃശ്യം 2ന് ലഭിച്ചിരുന്നത്. 20 കോടി രൂപയ്ക്കായിരുന്നു ദൃശ്യം 2 ഒരുക്കിയിരുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രമായിരുന്നു ദൃശ്യം2.

ഒടിടി റിലീസായി എത്തിയ സിയു സൂണിന് ശേഷം പുറത്ത് വന്ന ചിത്രമാണ് മാലിക്. ഫഹദ് ഫാസില്‍, വിനയ് ഫോർട്ട്, നിമിഷ സജയൻ , ജോജു, സനൻ അമൻ തുടങ്ങിയവാരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പീരിയഡ് ഗണത്തിൽ പെടുന്ന ചിത്രമാണിത്. ആന്‍റോ ജോസഫ് ആണ് സനിമ നിർമ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications