വിജയ് ഒരിക്കല്‍ ഇക്കാര്യം എന്നോട് പറഞ്ഞു! ഫാസിലിനെക്കുറിച്ച് ഫഹദ്
നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ സംവിധായകനാണ് ഫാസില്‍. മണിച്ചിത്രത്താഴ് പോലുളള സിനിമകള്‍ അദ്ദേഹത്തിന്റെ പ്രതിഭ എന്തെന്ന് കാണിച്ചുതന്ന സിനിമകളാണ്. സംവിധാനത്തില്‍ നിന്നും ഒരിടവേളയെടുത്ത ഫാസില്‍ ഇപ്പോള്‍ അഭിനയ രംഗത്താണ് സജീവമായി കൊണ്ടിരിക്കുന്നത്. അടുത്തിടെ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫറിലാണ് അഭിനയത്തിലും ഫാസില്‍ തിളങ്ങിയത്.
ലൂസിഫറിന് പിന്നാലെ മോഹന്‍ലാലിന്റെ തന്നെ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും സംവിധായകന്‍ അഭിനയിച്ചിരുന്നു. പിതാവിന് പിന്നാലെയാണ് മകന്‍ ഫഹദ് ഫാസിലും സിനിമയില്‍ തിളങ്ങിയത്. മലയാളത്തിലെ മുന്‍നിര താരങ്ങളില്‍ ഒരാളായി തിളങ്ങിനില്‍ക്കുന്ന ഫഹദ് സിനിമാപ്രേമികളുടെ ഇഷ്ടതാരമാണ്.

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ വാപ്പയുടെ അഭിനയത്തെക്കുറിച്ച് ഫഹദ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് പിതാവിനെക്കുറിച്ച് നടന്‍ മനസുതുറന്നത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സാണ് ഫഹദിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമ സമ്മിശ്ര പ്രതികരണം നേടി തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഫഹദിനൊപ്പം നസ്രിയയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

അഭിമുഖത്തില്‍ ട്രാന്‍സിന്റെ വിശേഷങ്ങള്‍ പങ്കുവെക്കവേയാണ് ഫാസിലിനെക്കുറിച്ച് നടന്‍ സംസാരിച്ചത്. നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍ വാപ്പയെ ഒരു സിനിമയിലേക്ക് നായകനായി വിളിച്ചിരുന്ന കാര്യം ഫഹദ് പറഞ്ഞു. എന്നാല്‍ വാപ്പ പിടികൊടുത്തില്ലെന്നും നടന്‍ പറഞ്ഞു. പൃഥ്വിരാജ് ഒരു ദിവസം വാപ്പ എവിടെയുണ്ടെന്ന് ചോദിച്ചുവെന്നും വാപ്പ വീട്ടിലായിരിക്കുമെന്ന് താന്‍ പറഞ്ഞെന്നും ഫഹദ് പറയുന്നു.

താന്‍ വിചാരിച്ചത് രാജു ലൂസിഫര്‍ തുടങ്ങുന്നത് കൊണ്ട് അനുഗ്രഹം വാങ്ങിക്കാന്‍ വിളിച്ചതാണെന്നാണ്. എന്നാല്‍ പിന്നീടാണ് വാപ്പ കാര്യം പറഞ്ഞത്. ലൂസിഫറില്‍ അഭിനയിക്കാന്‍ രാജുവിനെ കൂടാതെ മോഹന്‍ലാലും വാപ്പയെ വിളിച്ചിരുന്നു. സംവിധാനം ചെയ്ത സിനിമകളിലെല്ലാം അദ്ദേഹം അഭിനേതാക്കള്‍ക്ക് അഭിനയിച്ചു കാണിച്ചുകൊടുക്കുമെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ടെന്നും ഫഹദ് പറഞ്ഞു. ഒരിക്കല്‍ വിജയ് തന്നോട് ഇക്കാര്യം പറഞ്ഞുവെന്നും ഫഹദ് വെളിപ്പെടുത്തി.

ലൂസിഫറില്‍ വാപ്പ ഫസ്റ്റ്‌ഡേ ഷൂട്ട് ചെയ്ത ദിവസം പൃഥ്വിരാജ് തന്നെ വിളിച്ച കാര്യവും ഫഹദ് പറഞ്ഞു. അന്ന് രാത്രി രാജു വിളിച്ചുപറഞ്ഞത് കേട്ട് താന്‍ സര്‍പ്രൈസ് ആയിപ്പോയെന്നും വാപ്പ അഭിനയിച്ചത് കാണാന്‍ അപ്പോള്‍ തന്ന കൊതിയായെന്നും നടന്‍ പറഞ്ഞു. പിന്നാലെ എറണാകുളത്ത് ഷൂട്ട് കഴിഞ്ഞ് വന്നപ്പോള്‍ പൃഥ്വിരാജ് ലൂസിഫറില്‍ വാപ്പ അഭിനയിച്ച രംഗങ്ങള്‍ തന്നെ കാണിച്ചിരുന്നുവെന്നും ഫഹദ് തുറന്നുപറഞ്ഞു.


Click it and Unblock the Notifications