ഫാസിലിന്‍റെ ആ ഓട്ടമാണ് ഫഹദ് അനുകരിച്ചത്! ബാപ്പയിലെ അഭിനേതാവിനെക്കുറിച്ച് മകന്‍!
മലയാള സിനിമയിലെ എക്കാലത്തേയും മികച്ച സംവിധായകരിലൊരാളാണ് ഫാസില്‍. സംവിധാനം മാത്രമല്ല അഭിനയത്തിലും തനിക്ക് കഴിവുണ്ടെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിലെ അഭിനേതാവിനെക്കുറിച്ച് വാചാലരായി നിരവധി പേര്‍ എത്തിയിരുന്നു. ലൂസിഫറില്‍ അദ്ദേഹത്തെ അഭിനയിപ്പിക്കാനുണ്ടായ കാരണങ്ങളെക്കുറിച്ച് പൃഥ്വിരാജും വ്യക്തമാക്കിയിരുന്നു. ബാപ്പ മികച്ചൊരു അഭിനേതാവാണെന്ന് മുന്‍പ് തന്നെ തനിക്ക് അറിയാമായിരുന്നുവെന്ന് ഫഹദ് ഫാസില്‍ പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം മനസ്സുതുറന്നത്. ബാപ്പയുടെ അഭിനയത്തോടുള്ള പാഷന്‍ തനിക്ക് വലിയ പ്രചോദനമൊന്നുമായിരുന്നില്ലെന്ന് മകന്‍ പറയുന്നു.
കുടുംബത്തില്‍ എല്ലാവരും ഒത്തുകൂടുന്ന സമയങ്ങളില്‍ ബാപ്പ കഥ പറയാറുണ്ട്. പറയുന്നതിനിടയില്‍ പല കാര്യങ്ങളും അഭിനയിച്ച് കാണിക്കാറുണ്ട്. അങ്ങനെയാണ് അദ്ദേഹം നല്ലൊരു അഭിനേതാവാണെന്ന് മനസ്സിലാക്കിയത്. കുട്ടിക്കാലം മുതലേ തന്നെ ഇക്കാര്യം താന്‍ മനസ്സിലാക്കിയിരുന്നുവെന്നും ഫഹദ് പറയുന്നു. ലൂസിഫറിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാി പൃഥ്വിരാജ് തന്നെ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. ബാപ്പ അഭിനയിച്ച ഭാഗങ്ങള്‍ കാണാനുള്ള ക്ഷണമായിരുന്നു അത്. വളരെ മികച്ചൊരു അഭിനേതാവാണ് ബാപ്പയെന്ന് അപ്പോഴും മനസ്സിലാക്കിയെന്നും താരപുത്രന്‍ പറയുന്നു.

ഇന്ത്യന്‍ പ്രണയകഥയിലെ തന്റെ ഓട്ടത്തിന് പിന്നില്‍ ബാപ്പയായിരുന്നുവെന്നും ഫഹദ് പറയുന്നു. പാട്ട് ചിത്രീകരിക്കുന്നതിനിടയിലെ ഓട്ടത്തെക്കുറിച്ച് സത്യേട്ടന്‍ വേണുച്ചേട്ടനോട് പറയുന്നുണ്ടായിരുന്നു. അതിനിടയിലാണ് അദ്ദേഹം തങ്ങള്‍ കോളേജില്‍ പഠിക്കുന്നതിനിടയിലെ അനുഭവം പങ്കുവെച്ചത്. ബസിനുള്ള പൈസയില്ലാതെ അന്ന് ഫാസില്‍ വീട്ടില്‍ നിന്നിറങ്ങില്ല. ഷര്‍ട്ടിന്റെ പോക്കറ്റിലാണ് ഇത് സൂക്ഷിക്കാറുള്ളത്.അന്നൊരിക്കല്‍ ഞങ്ങള്‍ സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് തിരുവനന്തപുരം കാണാന്‍ പോവാനായി തീരുമാനിച്ചിരുന്നു. ഫാസിലിന് തുടക്കത്തില്‍ തന്നെ താല്‍പര്യമില്ലായിരുന്നു. നിര്‍ബന്ധിച്ചപ്പോഴാണ് അദ്ദേഹം വന്നത്. കാറിലായിരുന്നു യാത്ര. ഇടയ്ക്ക് മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് അദ്ദേഹം വണ്ടിനിര്‍ത്തിച്ചു. പിന്നീട് കണ്ടത് കീശയും പൊത്തിപ്പിടിച്ച് നാട്ടിലേക്കുള്ള ബസ്സിന് പിന്നാലെ ഓടുന്നതാണ്. അങ്ങനെയാണ് കീശയും പൊത്തിപ്പിടിച്ച് ഓടാമെന്ന് തീരുമാനിച്ചതെന്നും ഫഹദ് പറയുന്നു.


Click it and Unblock the Notifications











