ഫര്‍ഹാനും സഹോദരിമാര്‍ക്കുമൊപ്പം ഫഹദ് ഫാസില്‍! വൈറലായി ചിത്രങ്ങള്‍
മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന താരകുടുംബമാണ് സംവിധായകന്‍ ഫാസിലിന്റെത്. മകന്‍ ഫഹദ് ഫാസില്‍ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ്. ഫഹദിനൊപ്പം ഭാര്യ നസ്രിയയും അനിയന്‍ ഫര്‍ഹാന്‍ ഫാസിലും സിനിമയില്‍ തിളങ്ങിയിരുന്നു. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും തങ്ങളുടെ പുതിയ വിശേഷങ്ങള്‍ താരകുടുംബം പങ്കുവെക്കാറുണ്ട്.

അടുത്തിടെ ട്രാന്‍സ് എന്ന ചിത്രത്തില്‍ ഫഹദും നസ്രിയയും ഒന്നിച്ചിരുന്നു. അണ്ടര്‍വേള്‍ഡ് എന്ന ആസിഫ് അലി ചിത്രത്തിലൂടെ ഫര്‍ഹാന്‍ ഫാസിലും തിരിച്ചുവരവ് നടത്തി. ഫര്‍ഹാന്‍ ഫാസില്‍ പങ്കുവെച്ച പുതിയ കുടുംബ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സഹോദരങ്ങള്‍ക്കൊപ്പമുളള വിവിധ കാലഘട്ടങ്ങളിലെ ചിത്രങ്ങളാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്.
മുന്‍പും സഹോദരങ്ങള്‍ക്കൊപ്പമുളള പഴയകാല ചിത്രങ്ങള്‍ ഫര്‍ഹാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയാണ് ഫര്‍ഹാന്‍ മലയാളത്തിലേക്ക് എത്തിയത്. തുടര്‍ന്ന് ബഷീറിന്റെ പ്രേമലേഖനം, അണ്ടര്‍വേള്‍ഡ് തുടങ്ങിയ സിനിമകളിലും നടന്‍ അഭിനയിച്ചു. ഫാസില്‍ സംവിധാനം ചെയ്ത കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമയിലേക്ക് എത്തിയത്.
ആദ്യം ചിത്രം പരാജയപ്പെട്ടെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടന്‍ നടത്തിയത്. ഇന്ന് മലയാള സിനിമയിലെ അവിഭാജ്യ ഘടകം കൂടിയാണ് ഫഹദ് ഫാസില്‍. മോഹന്‍ലാലിന്റെ ലൂസിഫറിലൂടെ ഫാസില്‍ കഴിഞ്ഞ വര്‍ഷം അഭിനയ രംഗത്തേക്ക് എത്തിയിരുന്നു. ലൂസിഫറില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച അദ്ദേഹം മോഹന്‍ലാലിന്റെ തന്നെ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും അഭിനയിച്ചിരുന്നു. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും ഫാസില്‍ സിനിമ എടുത്തിരുന്നു.
മോഹന്‍ലാല്‍,കുഞ്ചാക്കോ ബോബന്‍, ഫഹദ്, ശാലിനി, നഗ്മ, ഖുശ്ബു, നദിയാ മൊയ്തു തുടങ്ങിയ താരങ്ങളെയെല്ലാം സിനിമയില്‍ പരിചയപ്പെടുത്തിയത് ഫാസിലാണ്. മൂപ്പതിലധികം സിനിമകളാണ് ഫാസില്‍ തന്റെ കരിയറില്‍ സംവിധാനം ചെയ്തത്. ഫാസില്‍ സംവിധാനം ചെയ്ത സിനിമകളില്‍ അധികവും ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, നോക്കത്താ ദൂരത്ത് കണ്ണും നട്ട്, മണിച്ചിത്രത്താഴ്, അനിയത്തി പ്രാവ്, ഹരികൃഷ്ണന്‍സ്, എന്റെ സൂര്യപുത്രിയ്ക്ക്, പപ്പയുടെ സ്വന്തം അപ്പൂസ്, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, പൂവിന് പുതിയ പൂന്തെന്നല്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഇറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളാണ്.


Click it and Unblock the Notifications