'വാടക ഗർഭധാരണത്തിലൂടെ നയൻതാരയും വിഘ്നേഷും കുഞ്ഞിന് ജന്മം നൽകാനൊരുങ്ങുന്നു'; വാർത്തകളിലെ സത്യം ഇതാണ്!
തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര. മുപ്പത്തിയേഴുകാരിയായ നയൻതാരയ്ക്ക് തെന്നിന്ത്യയിലൊട്ടാകെ നിരവധി ആരാധകരുണ്ട്. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ചുരുക്കം ചില മുൻനിര നടിമാരിൽ ഒരാളാണ് നയൻതാര. 1984 നവംബർ 18ന് തിരുവല്ലയിൽ ജനിച്ച ഡയാന മറിയം കുര്യൻ എന്ന സാധാരണ പെൺകുട്ടി തെന്നിന്ത്യയുടെ മുഴുവൻ പ്രിയങ്കരിയായി മാറിയത് ഞൊടിയിടയിലായിരുന്നു.
തിരുവല്ല ബാലികാമഠം ഹൈ സ്കൂളിലും മാർത്തോമ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം ഇംഗ്ലീഷ് സാഹിത്യത്തിലാണ് ബിരുദം നേടി. കൈരളി ടി.വിയിൽ ഫോൺ-ഇൻ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടായിരുന്നു ദൃശ്യ മാധ്യമ രംഗത്തേക്ക് ഡയാന തുടക്കമിട്ടത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന മലയാള ചലച്ചിത്രത്തിലൂടെ ജയറാമിൻ്റെ നായികയായി നാടൻ ശാലീനതയുടെ പര്യായമായി ചലച്ചിത്ര ലോകത്തെത്തിയ ഡയാന നയൻതാരയായി മാറി. തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും നടി തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചത് വളരെ പെട്ടെന്നായിരുന്നു.

ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടീ നീ മോഹിനി തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെയാണ് നയൻതാര തമിഴകത്ത് ആധിപത്യം ഉറപ്പിക്കുന്നത്. ശ്രീരാമരാജ്യം എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് ആന്ധ്രാസർക്കാരിൻ്റെ മികച്ച നടിക്കുള്ള നന്തി പുരസ്കാരം കരസ്ഥമാക്കിയ അഭിനേത്രിയാണ് നയൻതാര. മലയാളത്തിൽ വളരെ വിരളമായി മാത്രം സിനിമകൾ ചെയ്യുന്ന നയൻസിന്റെ വിവാഹം കാണാനാണ് ഇപ്പോൾ എല്ലാവരും കാത്തിരിക്കുന്നത്. തമിഴിൽ നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകൻ വിഘ്നേഷ് ശിവനുമായി ആറ് വർഷത്തിലേറെയായി നയൻസ് പ്രണയത്തിലാണ്. നാനും റൗഡി താൻ സെറ്റിൽ തുടങ്ങിയ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. തമിഴകത്തിൻ്റെ പ്രിയ പ്രണയ ജോഡികളിൽ ഒന്നാണ് നയൻതാര വിഘ്നേശ് ശിവൻ്റേത്. ഇരുവരും തങ്ങളുടെ പ്രണയ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.

കുറച്ച് നാൾ മുമ്പ് ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് തന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് നയൻതാര വെളിപ്പെടുത്തിയത്. ഒപ്പം നിശ്ചയ മോതിരവും നിയൻതാര കാണിച്ചു. എന്നാൽ വിവാഹ തിയ്യതി തീരുമാനിച്ചിട്ടില്ലെന്നാണ് നയൻസ് പറഞ്ഞത്. കഴിഞ്ഞ ദിവസം ഇരുവരും വിവാഹിതരായി എന്ന തരത്തിൽ നിരവധി വാർത്തകൾ വന്നിരുന്നു. ഇരുവരും ക്ഷേത്രദർശനം നടത്തുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് വിവാഹവാർത്ത പ്രചരിച്ചത്. നയൻതാര നെറ്റിയിൽ സുന്ദരം ചാർത്തിയിട്ടുണ്ടെന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസിലാകുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ഇപ്പോൾ നയൻസ്-വിക്കി ജോഡിയെ കുറിച്ച് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ട് ഇരുവരും വാടക ഗർഭധാരണത്തിലൂടെ ഒരു കുഞ്ഞിന് ജന്മം നൽകാൻ പോകുന്നുവെന്നതാണ്. അടുത്തിടെ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭർത്താവ് നിക്ക് ജൊനാസും വാടക ഗർഭധാരണത്തിലൂടെ കുഞ്ഞിന് ജന്മം നൽകിയിരുന്നു. ഇതേ വഴിയാണ് നയൻസും വിക്കിയും സ്വീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
Recommended Video

ഇത്തരം വാർത്തകളും റിപ്പോർട്ടുകളും വരുന്നുവെന്നാല്ലാതെ താരജോഡികൾ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. പൊതുവെ ഗോസിപ്പുകളോട് പ്രതികരിക്കാൻ ഇഷ്ടപ്പെടാത്ത നടിയാണ് നയൻതാര. മുമ്പൊരിക്കൽ വിവാഹത്തെ കുറിച്ചുള്ള ഗോസിപ്പുകളെ കുറിച്ച് ചോദിച്ചപ്പോൾ ആരെയും അറിയിക്കാതെ താനൊരിക്കലും വിവാഹം ചെയ്യില്ലെന്നാണ് നയൻസ് പറഞ്ഞത്. വാടക ഗർഭധാരണം സംബന്ധിച്ചും എന്തെങ്കിലും സത്യമുണ്ടെങ്കിൽ നയൻസോ വിക്കിയോ അറിയിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. കാത്ത് വാക്ക്ലെ രണ്ടു കാതൽ എന്ന സിനിമയാണ് ഇനി റിലീസ് ചെയ്യാനുള്ള നയൻതാര സിനിമ. വിഘ്നേഷ് ശിവൻ തന്നെയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. വിജയ് സേതുപതി നായകനാകുന്ന ചിത്രത്തിൽ നയൻസിന് പുറമെ ഒരു സുപ്രധാന കഥാപാത്രത്തെ സാമന്തയും അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications











