ദുരന്തമായി മാറിയ മൂന്ന് വിവാഹങ്ങള്‍; ആദ്യ ഭര്‍ത്താവിനെ നിലവിളക്ക് കൊണ്ടടിച്ച് ഓടി രക്ഷപ്പെട്ട കാളിയുടെ കഥ
സിനിമയിലെ സ്റ്റണ്ട് രംഗങ്ങള്‍ കണ്ട് കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നവരാണ് കാണികള്‍. പക്ഷെ, അതിനു പിന്നിലെ ശാരീരികാധ്വാനവും കഷ്ടപ്പാടും പ്രക്ഷകര്‍ അറിയാന്‍ സാധ്യതയില്ല. വളരെ അപകടം പിടിച്ച പണിയായിട്ടും എത്രയോ പേരാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. അര്‍ഹിക്കുന്ന പരിഗണന അവരില്‍ പലര്‍ക്കും ലഭിക്കുന്നുണ്ടോ എന്നത് ഒരു ചോദ്യചിഹ്നമാണ്.
എറണാകുളം മാമംഗലം സ്വദേശിനിയായ കാളി സിനിമയിലെ സ്റ്റണ്ട് രംഗങ്ങളിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ഇപ്പോഴും മാഫിയ ശശിയുടെ അസിസ്റ്റന്റാണ്. സിനിമയില്‍ അപകടകരമായ ഫൈറ്റ് സീനുകളില്‍ കാളി ഡ്യൂപ്പായും മാറാറുണ്ട്. സ്ത്രീകള്‍ അധികം കടന്നുവരാത്ത ഈ മേഖലയിലേക്ക് കാളിയെ എത്തിച്ചത് സ്വന്തം ജീവിതസാഹചര്യങ്ങളായിരുന്നു.

അച്ഛനും അമ്മയും അരികിലില്ലാത്ത ബാല്യത്തിന്റെ ഓര്‍മ്മകള്‍ മാത്രമാണ് കാളിയുടെ മനസ്സില്‍ അവശേഷിക്കുന്നത്. വളര്‍ത്തച്ഛനും വളര്‍ത്തമ്മയും കരുതലിന് പകരം തിരിച്ചു നല്‍കിയത് ക്രൂരമായ അനുഭവങ്ങളായിരുന്നു. എന്നിട്ടും കാളി ജീവിതത്തിന് മുന്നില്‍ പകച്ചു നിന്നില്ല. ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായി മാറിയ വിവാഹജീവിതങ്ങളാണ് കാളിയെ പൊരുതാന്‍ പ്രേരിപ്പിച്ചത്.
ആരും അറിയാതിരുന്ന തന്റെ ജീവിത കഥ തുറന്നു പറയുകയാണ് കാളി ഇപ്പോള്‍. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരു കോടിയുടെ എപ്പിസോഡിലാണ് തന്റെ പൊള്ളുന്ന ജീവിതകഥ കാളി പങ്കുവെച്ചത്.
കാളിയുടെ വാക്കുകളില്‍നിന്നും: 'സിനിമയില്‍ അവസരങ്ങള്‍ കുറവാണെങ്കിലും സ്റ്റണ്ട് മാസ്റ്റര്‍ മാഫിയ ശശിയ്‌ക്കൊപ്പം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി നടിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. പലപ്പോഴും അവരുടെ ഡ്യൂപ്പായും സിനിമയില്‍ ജോലി ചെയ്തിട്ടുണ്ട്. അന്‍പതോളം സിനിമകള്‍ ഇതുവരെ ചെയ്തിട്ടുണ്ട്.
തന്റെ യഥാര്‍ത്ഥ പേര് ധന്യ എന്നാണ്. എന്നാല്‍ സിനിമയില്‍ പലരും എന്റെ സ്വഭാവം വെച്ച് കിലുക്കം എന്നാണ് തന്നെ വിളിക്കാറുള്ളതെന്ന് കാളി പറയുന്നു. അനാഥയായിരുന്നു ഞാന്‍. എന്നെ ദത്തെടുത്താണ് മാതാപിതാക്കള്‍ എന്നു പറയുന്നവര്‍ വളര്‍ത്തിയത്. പിന്നീടൊരിക്കല്‍ എന്റെ യഥാര്‍ത്ഥ അച്ഛനെ നേരില്‍ കണ്ടപ്പോള്‍ ഭദ്ര മേനോന്‍ എന്നാണ് യഥാര്‍ത്ഥ പേരെന്ന് പറഞ്ഞു തന്നിരുന്നു. എന്നാല്‍ എനിക്ക് കാളി എന്ന പേരു മതി. അതാണ് ഇഷ്ടവും.
ചെറുപ്പത്തില്‍ ഒരുപാട് കഷ്ടപ്പെട്ടാണ് വളര്‍ന്നത്. അടച്ചുറപ്പില്ലാത്ത ഒരു വീട്ടിലായിരുന്നു താമസം. അച്ഛന്‍ വലിയ മദ്യപാനിയായിരുന്നു. ഞങ്ങള്‍ മക്കളെ ഉപദ്രവിക്കുമായിരുന്നു. ഒരു അനിയനുണ്ടായിരുന്നു. അവന്‍ 18-ാം വയസ്സില്‍ ഒരു ലോറി അപകടത്തില്‍ മരിച്ചു. രണ്ടാനമ്മയ്ക്ക് തന്റെ ഓവര്‍സ്മാര്‍ട്‌നസ് ഇഷ്ടമായിരുന്നില്ല.
പതിനഞ്ചാം വയസ്സില്‍ കുറേപ്പേര്‍ ചേര്‍ന്നെന്ന് ജിമ്മില്‍ പൂട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ, ഞാന്‍ കുതറിയോടി രക്ഷപ്പെട്ടു. കുറ്റിക്കാട്ടിലൂടെ ഓടിയതുകൊണ്ട് എന്റെ ദേഹമെല്ലാം മുള്ളു കൊണ്ട് മുറിഞ്ഞു. എന്റെ കാലും മേലും മുഴുവന്‍ രക്തമായിരുന്നു. പക്ഷെ, അതില്‍പിന്നെ എന്നെ പതിനഞ്ചു പേര്‍ ചേര്‍ന്നു പീഡിപ്പിച്ചെന്ന പേര് കിട്ടി.'

കല്യാണം കഴിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും കാളി പറയുന്നു. 'അച്ഛന്റെ പെങ്ങളുടെ മക്കള്‍ എനിക്ക് വളരെ വേണ്ടപ്പെട്ടവരായിരുന്നു. അതിലൊരാള്‍ മരിച്ചപ്പോള്‍ അവരുടെ ഭര്‍ത്താവിനെ എനിക്ക് കല്യാണം കഴിക്കേണ്ടിവന്നു. എനിക്ക് ചീത്തപ്പേരുള്ളതുകൊണ്ടും എനിക്കിനി വേറെ ബന്ധം കിട്ടില്ലെന്നും പറഞ്ഞ് വീട്ടുകാര്‍ അയാളെ എന്റെ മേല്‍ കെട്ടിവെച്ച് ഭാരം ഒഴിക്കുകയായിരുന്നു. അയാളുമായി ഒരു മുന്‍ പരിചയവും എനിക്കില്ലായിരുന്നു. പിന്നീടാണ് അയാള്‍ ഒരു ക്രിമിനലാണെന്ന് തിരിച്ചറിഞ്ഞത്. അയാള്‍ പിന്നീട് ഒരു പീഡനക്കേസില്‍ പ്രതിയായി. എങ്ങനെയോ ആ കേസില്‍ നിന്ന് അയാള്‍ ഊരിപ്പോന്നു.
വീട്ടുകാരില്‍ നിന്നും മാറിത്താമസിച്ചപ്പോഴാണ് എനിക്ക് അയാളുടെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലായത്. അയാള്‍ ഒരു പക്കാ ക്രിമിനലും സൈക്കോയും ആയിരുന്നു. കേവലം ആറു മാസം മാത്രമാണ് ആ ബന്ധം നീണ്ടത്. എങ്ങനെയൊക്കെയോ ഞാന്‍ ആ ബന്ധത്തില്‍നിന്ന് രക്ഷപ്പെട്ടു എന്നു പറഞ്ഞാല്‍ മതി. അയാളുടെ തലക്ക് നിലവിളക്ക് കൊണ്ട് അടിച്ചിട്ടാണ് ആ വീട്ടില്‍നിന്നും ഓടിപ്പോന്നത്.
ഞാന്‍ വീണ്ടും ഒരു ഭാരമായി മാറിയെന്ന് തോന്നിയ വീട്ടുകാര്‍ വേഗം തന്നെ എനിക്ക് മറ്റൊരു വിവാഹാലോചന കൊണ്ടുവന്നു. അതൊരു ലോറിക്കാരന്റെയായിരുന്നു. മാനസികമായി ആകെ തകര്‍ന്നിരുന്ന ആ സമയത്ത് വിവാഹത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും എന്റെ മനസ്സ് തയ്യാറായിരുന്നില്ല. അങ്ങനെ ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു ദിവസം ബോട്ടില്‍നിന്ന് കടലിലേക്ക് എടുത്തു ചാടാന്‍ തുനിഞ്ഞു.
Recommended Video

പക്ഷെ, അതൊന്നും നടന്നില്ല. ഒരു തവണ കടലിലേക്ക് ചാടാന്‍ തുനിഞ്ഞപ്പോള്‍ കുറേ നാളായി എന്നെ ഫോളോ ചെയ്തിരുന്ന ഒരാള്‍ അടുത്തേക്ക് വന്ന് എന്താ പ്രശ്‌നം എന്നൊക്കെ ചോദിച്ചു. സംസാരിക്കാന്‍ ഒരാളുണ്ടല്ലോ എന്ന മനസ്സമാധാനത്തോടെ ഞാന്‍ ശാന്തയായി. പക്ഷ, എന്റെ അച്ഛന്‍ ഇതെല്ലാം അറിഞ്ഞു. അദ്ദേഹം അത് വലിയ പ്രശ്‌നമാക്കി. അന്യമതസ്ഥനോട് സംസാരിച്ചു എന്നൊക്കെ പറഞ്ഞ് എന്നോട് വഴക്കിട്ടു. പക്ഷെ, എനിക്ക് എതിര് ചെയ്യാനായിരുന്നു ഇഷ്ടം. അയാളെ കുറച്ചുനാളുകള്‍ക്കുള്ളില്‍ വിവാഹം ചെയ്തു.
പ്രശ്‌നങ്ങളെല്ലാം അവിടെ അവസാനിച്ചു എന്നു വിചാരിച്ചിരിക്കുമ്പോഴാണ് പതിനഞ്ചാം വയസ്സിലെ പ്രശ്‌നങ്ങള്‍ വീണ്ടും തലപൊക്കിയത്. അയാള്‍ അത് വലിയ വിഷയമാക്കി. വീട്ടില്‍ സ്ഥിരം തല്ലും വഴക്കുമായി. അത് കണ്ട് രസിക്കുന്ന മാതാപിതാക്കളായിരുന്നു അയാളുടേത്. ഒരു സുപ്രഭാതത്തില്‍ അയാള്‍ ആ വീട്ടില്‍നിന്നും ഇറങ്ങിപ്പോയി. അന്ന് ആദ്യത്തെ കുട്ടിയുണ്ടായ സമയം ആയിരുന്നു. പിന്നീട് മാനസാന്തരപ്പെട്ട് തിരികെവന്നു. രണ്ടാമത്തെ കുട്ടി ഉണ്ടായിക്കഴിഞ്ഞ് അയാള്‍ പിന്നെയും ഇറങ്ങിപ്പോയി. ഇനി ഈ വിവാഹജീവിതം വേണ്ടെന്ന് ഞാന്‍ അതോടെ തീരുമാനിച്ചു. അപ്പോഴേക്കും സിനിമയില്‍ അത്യാവശ്യം സ്റ്റണ്ട് ഒക്കെ ചെയ്ത് സാമ്പത്തികമായി ഭേദപ്പെട്ടിരുന്നു. കാളി പറയുന്നു
സ്വന്തം പേരു പോലെ ജീവിക്കാനുള്ള വഴിയും സ്വയം കണ്ടെത്തുവാന്‍ കാളിയെ പ്രേരിപ്പിച്ചത് ദുരന്തമായി മാറിയ വിവാഹബന്ധങ്ങളായിരുന്നു. അനുഭവങ്ങളുടെ തീപ്പൊള്ളലേറ്റ കാളി ഇന്ന് വെള്ളിത്തിരയിലെ കരുത്തിന്റെ പ്രതീകമായി മാറിയവളാണ്.


Click it and Unblock the Notifications











