'ദാസിന് ഞങ്ങൾ അഡ്ജസ്റ്റ് ചെയ്ത് തരാമെന്ന് പറഞ്ഞാലും ഞാൻ കയറില്ല, അദ്ദേഹം എന്റെ ഹൃദയത്തിലണ്'; യേശുദാസ്!
ഗുരുവായൂരമ്പല നടയിൽ ഒരു ദിവസം ഞാൻ പോകും... ഗോപുരവാതിൽ തുറക്കും... ഞാൻ ഗോപകുമാരനെ കാണും... 1970ൽ ഒതേനന്റെ മകൻ എന്ന ചിത്രത്തിന് വേണ്ടി വയലാർ എഴുതി ദേവരാജൻ മാസ്റ്റർ ഈണം നൽകി യേശുദാസ് ഈ ഗാനം പാടിയത് മുതൽ തന്നെ അദ്ദേഹത്തിന്റെ ശാരീരം ഗുരുവായൂരമ്പല നടയിൽ സ്വച്ഛന്ദം അലയടിക്കുന്നുണ്ടെങ്കിലും ശരീരത്തിന് മാത്രമാണ് ഉള്ളിൽ പ്രവേശിക്കാൻ അനുമതി ലഭിക്കാത്തത്.
വയലാർ ഈ ഗാനം എഴുതിയത് തന്നെ യേശുദാസിന് വേണ്ടിയാണെന്ന് അന്ന് പറഞ്ഞിരുന്നു. 1970കളിൽ സജീവ ചർച്ചാ വിഷയമായിരുന്നെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കണമെന്ന യേശുദാസിന്റെ ആഗ്രഹം ഇനിയും സാധ്യമായിട്ടില്ല.

എട്ടുതവണ മികച്ച ഗായകനുള്ള ദേശീയ അവാർഡും 25 തവണ സംസ്ഥാന അവാർഡും മറ്റ് നിരവധി അവാർഡുകളും കൂടാതെ പദ്മശ്രീയും പദ്മവിഭൂഷണും ലഭിച്ച ഒരു മഹാഗായകൻ ഇന്ത്യയിൽ വേറെയുണ്ടോയെന്ന് സംശയമാണ്.
ആലാപനത്തിലൂടെ ആസ്വാദക ഹൃദയങ്ങളിലേക്ക് തേൻമഴ പോലെ ഒഴുകിയെത്തുന്ന ആ ശബ്ദത്തിന് ലോകമെമ്പാടുമായി കോടിക്കണക്കിന് ആരാധകരാണുള്ളത്.
ഗുരുവായൂരപ്പനെ നേരിട്ട് കാണാൻ സാധിക്കാത്തതിനെ കുറിച്ച് 2011ൽ ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോ നടക്കുന്ന സമയത്ത് അതിഥിയായി പങ്കെടുത്തപ്പോൾ അദ്ദേഹം സംസാരിച്ചിരുന്നു.
ദാസിന് തങ്ങൾ അഡ്ജസ്റ്റ് ചെയ്ത് തരാമെന്ന് പറഞ്ഞാലും താൻ കയറില്ലെന്നും ഗുരുവായൂരപ്പൻ തന്റെ ഹൃദയത്തിലാണ് വസിക്കുന്നത് ഇടറിയ ശബ്ദത്തോടെ യേശുദാസ് പറഞ്ഞ് തുടങ്ങുന്നു.
'എനിക്കും അപ്പനും ഒരു പ്രശ്നവും ഇല്ല. പക്ഷെ എനിക്ക് പറയാനുള്ളത്... അതിനോട് ബന്ധപ്പെട്ട എന്റെ സഹോദരങ്ങൾ അത് ഉൾക്കൊള്ളണം എന്നാണ്. അതിന്റെ കാലം കഴിഞ്ഞു. എന്നെ കയറ്റണം എന്നല്ല ഞാൻ പറയുന്നത്.'
'ഞാൻ ഒരു ശുദ്ധനാണെന്നൊന്നും ഞാൻ പറയുന്നില്ല. എനിക്ക് ഒരുപാട് ദോഷങ്ങളും കുറവുകളുമുണ്ട്. ഭക്തിയോടെ കയറിച്ചെല്ലുന്ന ആരെയും എവിടെയും കയറി ചെന്ന് അത് അർപ്പിക്കാൻ ഉള്ള അവസരം നൽകണമെന്നാണ് ഞാൻ പറയുന്നത്.'
'ഒരിക്കൽ ഞാൻ മധുര മണി സാറിന്റെ കച്ചേരി തൃപ്പൂണിത്തുറയിൽ പുറത്തുനിന്നും കേൾക്കുകയാണ്. അകത്ത് കയറി കാണാനുള്ള വലിയ ആഗ്രഹം ഉണ്ടായിട്ടും നടന്നില്ല. എന്നോട് എന്റെ കൂട്ടുകാരൻ പറഞ്ഞു... നമുക്ക് കയറാമെന്ന്. പക്ഷെ ഞാൻ പറഞ്ഞു... അത് വേണ്ടെന്ന്.'
'അങ്ങനെ ഇരുന്നപ്പോളാണ് സ്വാമിയേ ശരണമയ്യപ്പാ എന്ന വിളി കേൾക്കുന്നത്. അത് എന്താണെന്ന് ഞാൻ എന്റെ സുഹൃത്തിനോട് ചോദിക്കുമ്പോൾ ശബരിമലയിൽ പോയി തിരികെ വരുന്നതാണ് അതെന്ന് പുള്ളി പറഞ്ഞു.'
'അപ്പോൾ എന്റെ മനസിൽ തോന്നി എനിക്ക് ഒന്ന് കാണണമെന്ന്. ഞാൻ അപ്പോൾ തന്നെ അവർക്ക് എഴുതി. എനിക്ക് ഒന്ന് കാണാൻ ആഗ്രഹമുണ്ടെന്ന്. അപ്പോൾ അവർ പറഞ്ഞത് പതിനെട്ട് പടി വ്രതം നോക്കി ആര് വരുന്നോ അവർക്ക് കയറാമെന്ന്.'
'അവിടെയാണ് അയ്യപ്പന്റെ മഹത്വം. അവിടെ വ്യത്യാസം ഇല്ല. അയ്യപ്പന് എല്ലാവരും ഒരേ പോലെയാണ്. ശബരിമല പോലെ ലോകമായി തീരണം എന്നാണ് എന്റെ ആഗ്രഹം. എവിടെയാണ് നന്മയും തിന്മയും ഇല്ലാത്തത്. ഞാൻ തന്നെയാണ് ദുര്യോധനൻ.'
'ഞാൻ തന്നെയാണ് അർജുനൻ എന്ന് പറഞ്ഞ തത്വം മനസിലായോ. അത് കൃഷണന്റെ അംശം തന്നെയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. കുറ്റങ്ങളും കുറവുകളും ഒക്കെയും ഈശ്വരന്റെ അംശം തന്നെയാണ്.'

'അത് ഉൾക്കൊണ്ടുകൊണ്ട് നമ്മൾക്ക് ഭക്തിയോടെ എവിടെയും പോകാം. അവിടെ ആർക്കും കയറാമെന്ന് അവർ പറയും വരെ ഞാൻ കാത്തിരിക്കും. അങ്ങനെ വരുമ്പോൾ ഏറ്റവും അവസാനമേ ഞാൻ കയറൂ.'
'അവസാനം എന്ന് പറഞ്ഞാൽ എല്ലാവർക്കും കയറാമെന്ന് പറഞ്ഞതിന് ശേഷം. അല്ലാതെ ദാസിന് ഞങ്ങൾ അഡ്ജസ്റ്റ് ചെയ്ത് തരാമെന്ന് പറഞ്ഞാലും ഞാൻ കയറില്ല. അത് വേണ്ടേ വേണ്ട. അങ്ങനെ ഒരു ആവശ്യമേ ഇല്ല.'
'എന്റെ ഹൃദയത്തിൽ ഗുരുവായൂരപ്പൻ പൂർണ്ണമായും ഉണ്ട്. ഇത്തരം ഗാനങ്ങൾ ഞാൻ പാടുമ്പോൾ ഞാൻ പൊട്ടി പോകുന്നതും അതുകൊണ്ടാണ് അദ്ദേഹം എന്റെ ഹൃദയത്തിനുള്ളിലുണ്ട്' യേശുദാസ് പറഞ്ഞ് അവസാനിപ്പിച്ചു.
ഗുരുവായൂർ ക്ഷേത്രത്തിൽ ഒന്ന് പ്രവേശിക്കണമെന്ന മോഹവുമായി യേശുദാസ് കാത്തിരിപ്പ് തുടങ്ങിയിട്ട് കാലമേറെയായി.
ആചാരങ്ങളെ തച്ചുടയ്ക്കാതെ തന്നെ അദ്ദേഹത്തിന്റെ ആഗ്രഹത്തിന് പൂർത്തീകരണം ഉണ്ടാകണമെന്നാണ് സംഗീതാസ്വാദകർ കാംക്ഷിക്കുന്നത്.
കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളിൽ മാത്രമാണ് അഹിന്ദുക്കളുടെ പ്രവേശനത്തെ കർശനമായി വിലക്കുന്നത്.
എല്ലാ ജന്മദിനത്തിലും കുടുംബസമേതം മൂകാംബികാ ദേവീ സന്നിധിയിലെത്തി യേശുദാസ് ഗാനാർച്ചന നടത്താറുണ്ട്. ശബരിമല ശ്രീ ധർമ്മശാസ്താവ് എല്ലാദിവസവും നിദ്രയെ പുൽകുന്നത് യേശുദാസിന്റെ ഹരിവരാസനം ശ്രവിച്ചാണ്.


Click it and Unblock the Notifications