twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍ എന്ന നടന് ഒരു പ്രത്യേകതയുണ്ട്! ആ പേരൊന്ന് കേട്ടാല്‍ തന്നെ കിട്ടും ഭീകരമായ ഹൈപ്പ്!!

    |

    വില്ലനായിട്ടായിരുന്നു മോഹന്‍ലാല്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീടിങ്ങോട്ട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഒരാളായി വളര്‍ന്ന മോഹന്‍ലാല്‍ നേടിയെടുക്കാത്ത അവാര്‍ഡുകളും ബഹുമതികളുമില്ല. നടനവിസ്മയമെന്ന പേര് സ്വന്തമാക്കിയ താരം ബിഗ് ബജറ്റ് ചിത്രങ്ങളുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്.

    ഡിസംബറില്‍ റിലീസിനെത്തിയ ഒടിയന് ശേഷം ലൂസിഫര്‍ എന്ന ചിത്രമാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം. പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന സിനിമയ്‌ക്കെതിരെ ഇപ്പോഴെ ഡീഗ്രേഡിംഗ് തുടങ്ങിയെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനൊക്കെ കാരണം പഴയ മോഹന്‍ലാലിനെ പ്രതീക്ഷിക്കുന്നത് കൊണ്ടാണെന്ന് പറയുകയാണ് തൃശ്ശൂര്‍ സ്വദേശിയായ സന്ദീപ് ദാസ്. ഫേസ്ബുക്ക് വഴി വന്ന കുറിപ്പ് അതിവേഗം വൈറലായിരിക്കുകയാണ്.

     വൈറലായ കുറിപ്പ്

    വൈറലായ കുറിപ്പ്

    മോഹന്‍ലാല്‍ എന്ന നടന് ഒരു പ്രത്യേകതയുണ്ട്. അദ്ദേഹം പുതിയൊരു സിനിമയുമായി എത്തുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് പൂര്‍ണ്ണതയുടെ തൊട്ടടുത്ത് നില്‍ക്കുന്ന ഒരു സൃഷ്ടിയാണ്. ഒരു നല്ല സിനിമ കിട്ടിയതുകൊണ്ട് മാത്രം ആളുകള്‍ക്ക് തൃപ്തിവരില്ല എന്ന് സാരം! 'ലൂസിഫര്‍' എന്ന സിനിമയുടെ ട്രെയിലര്‍ തന്നെ നോക്കുക. ഒരു മണിക്കൂര്‍ കൊണ്ട് ഒരു മില്യണ്‍ വ്യൂസ് ആണ് നേടിയെടുത്തിരിക്കുന്നത്. സംവിധായകന്‍ പൃഥ്വിരാജ് സിനിമയെക്കുറിച്ച് അത്ര വലിയ വീരവാദങ്ങളൊന്നും മുഴക്കിയിട്ടില്ല. പക്ഷേ അതുകൊണ്ട് പ്രയോജനമൊന്നുമില്ല. മോഹന്‍ലാലിനെ ഒരു പ്രൊജക്ടിന്റെ ഭാഗമാക്കുമ്പോള്‍ അതിന്റെ കൂടെ സൗജന്യമായി ലഭിക്കുന്ന ഒന്നാണ് ഭീകരമായ ഹൈപ്പ്.

      പഴയ ലാലിനെ നഷ്ടമായോ

    പഴയ ലാലിനെ നഷ്ടമായോ

    സിനിമയുടെ മികവിനെക്കുറിച്ച് റിലീസിനു ശേഷം മാത്രമേ പറയാനാകൂ. ലൂസിഫര്‍ ചിലപ്പോള്‍ ഒരു മികച്ച സിനിമയാകാം. മോഹന്‍ലാല്‍ എന്ന നടനെ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുമുണ്ടാകാം. പക്ഷേ അതുകൊണ്ട് ആരാധകരും നിരൂപകരും തൃപ്തിപ്പെടുമെന്ന് തോന്നുന്നുണ്ടോ? ഒരിക്കലുമില്ല. ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളി, ലാല്‍ സലാമിലെ നെട്ടൂര്‍ സ്റ്റീഫനുമായി തീര്‍ച്ചയായും താരതമ്യം ചെയ്യപ്പെടും. പുതിയ സ്റ്റീഫന്‍ പഴയ സ്റ്റീഫനോളം പോര എന്ന് നിരൂപകര്‍ വിലയിരുത്തും. പഴയ ലാലിനെ നഷ്ടമായി എന്ന് നെടുവീര്‍പ്പിടും.

     താരതമ്യം വരും

    താരതമ്യം വരും

    അല്‍പം നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ് ലൂസിഫറിലേത് എന്ന സൂചന ട്രെയിലറിലുണ്ട്. അങ്ങനെയാണെങ്കില്‍ 'കരിമ്പിന്‍ പൂവിനക്കരെ'യിലെ ഭദ്രനുമായും 'ഉയരങ്ങളിലെ' ജയരാജനുമായും താരതമ്യം വരും. പൃഥ്വിരാജിന്റെ ഒരു അഭിമുഖം കണ്ടിരുന്നു. ഇനി കോളേജ് പയ്യനായി അഭിനയിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇതായിരുന്നു. ''എനിക്കിപ്പോള്‍ 36 വയസ്സായി. ഞാന്‍ കോളേജ് കുമാരനായി അഭിനയിച്ചാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?'.

     പുലിമുരുകന്‍ കോടികള്‍ വാരിക്കൂട്ടി

    പുലിമുരുകന്‍ കോടികള്‍ വാരിക്കൂട്ടി

    ആ യുക്തി പ്രകാരം മോഹന്‍ലാലിന് വഴങ്ങാത്ത ഒരു കഥാപാത്രമായിരുന്നു പുലിമുരുകന്‍. ആ ചിത്രത്തില്‍ കാമുകനായും പ്രണയാതുരനായ ഭര്‍ത്താവായും ഒക്കെ അഭിനയിക്കേണ്ടിയിരുന്നു. പുലിമുരുകന്‍ ചെയ്യുമ്പോള്‍ 56 വയസ്സായിരുന്നു ലാലിന്റെ പ്രായം. ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ച് മനസ്സില്‍ പ്രണയമൊക്കെ ഇല്ലാതാവാന്‍ തുടങ്ങുന്ന പ്രായം. എന്നിട്ടും ബോറാവാതെ ആ വേഷം ലാല്‍ കൈകാര്യം ചെയ്തു. പക്ഷേ പത്മരാജന്റെ സോളമനെ ഓര്‍മ്മയുള്ളവര്‍ക്ക് മുരുകന്റെ പ്രണയം വന്‍ സംഭവമായി തോന്നിയില്ല. പുലിമുരുകന്‍ കോടികള്‍ വാരിക്കൂട്ടി. എന്നാല്‍ പഴയ ലാല്‍ സിനിമകളെപ്പോലെ ജീവിത ഗന്ധിയായില്ല എന്ന വിമര്‍ശനം നേരിട്ടു.

     ഒപ്പം ചിലര്‍ക്ക് ഇഷ്ടപ്പെടാതിരിക്കാന്‍ കാരണം..   '

    ഒപ്പം ചിലര്‍ക്ക് ഇഷ്ടപ്പെടാതിരിക്കാന്‍ കാരണം.. '

    'ഒപ്പം' എന്ന സിനിമ എനിക്ക് നല്ല പോലെ ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ എന്റെ പല മുതിര്‍ന്ന ബന്ധുക്കള്‍ക്കും ആ സിനിമ അത്ര രുചിച്ചില്ല. 'യോദ്ധ' തിയേറ്ററില്‍ കണ്ടവര്‍ക്ക് 'ഒപ്പം' ഒരു സാധാരണ അനുഭവമായിരിക്കുമെത്രേ. 'ഒടിയന്‍' വേറെ ഏതെങ്കിലും നടന്‍ ചെയ്തിരുന്നുവെങ്കില്‍ ഇത്രയേറെ പരിഹാസങ്ങളും ട്രോളുകളും ഉണ്ടാവില്ലായിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു തവണ കാണാവുന്ന ഭേദപ്പെട്ട ഒരു ചിത്രമായിട്ടാണ് ഒടിയന്‍ എനിക്കനുഭവപ്പെട്ടത്.

     ഒടിയന്‍ മിക്കവര്‍ക്കും വെറുക്കപ്പെട്ടവനായി

    ഒടിയന്‍ മിക്കവര്‍ക്കും വെറുക്കപ്പെട്ടവനായി

    പക്ഷേ മോഹന്‍ലാല്‍ ചിത്രത്തിനു വേണ്ടി മീശയെടുത്ത് പതിവില്ലാത്തവിധം തയ്യാറെടുപ്പുകളും മറ്റും നടത്തിയപ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ന്നു. ആ നടന്‍ മീശ വടിച്ചപ്പോഴെല്ലാം പിറവിയെടുത്തത് ക്ലാസിക്കുകളാണ്. പഞ്ചാഗ്നിയില്‍ തുടങ്ങി ഇരുവറിലും വാനപ്രസ്ഥത്തിലും വരെ എത്തിനിന്ന ചരിത്രമാണത്. ആ ഹൈപ്പിനോട് നീതിപുലര്‍ത്താന്‍ കഴിയാതിരുന്നതുകൊണ്ട് ഒടിയന്‍ മിക്കവര്‍ക്കും വെറുക്കപ്പെട്ടവനായി.

     മികച്ച സിനിമകള്‍ ചെയ്തതിന്റെ കുഴപ്പമാണ്

    മികച്ച സിനിമകള്‍ ചെയ്തതിന്റെ കുഴപ്പമാണ്

    എന്നും ലാലിന്റെ മത്സരം ലാലിനോടുതന്നെയാണ്. പ്രേക്ഷകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കരിയറിന്റെ തുടക്ക കാലത്ത് പാര്‍ക്കില്‍ സായാഹ്ന സവാരിയ്ക്ക് പോകുന്ന ലാഘവത്തില്‍ തുടരെ മികച്ച സിനിമകള്‍ ചെയ്തതിന്റെ കുഴപ്പം. എന്തു ചെയ്താലും ആളുകള്‍ക്ക് തൃപ്തിവരുന്നില്ല എന്ന സ്ഥിതിയാണ്. നിര്‍ണ്ണായ ദിവസമാണ് മാര്‍ച്ച് 28. അന്നാണ് ലൂസിഫറിന്റെ റിലീസ്. തന്നോടു തന്നെ തോല്‍ക്കാതിരിക്കാനുള്ള ഒരു വലിയ നടന്റെ പരിശ്രമമാകും അത്...

    English summary
    Fan talks about Mohanlal's movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X