19 വയസിൽ ഉറച്ച തീരുമാനമെടുത്തയാൾ, ആ വാക്കുകളിൽ മനസ് പതറിയോ; നസ്രിയ നസീം നേരിട്ടത്
ആരാധകരെ ആശങ്കയിലാക്കുകയാണ് നടി നസ്രിയ നസീമിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. താൻ മാനസികമായി ചില ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും ചലഞ്ചിംഗ് ആയ ഘട്ടമായതിനാലാണ് കുറച്ച് നാളുകളായി കോളുകൾ എടുക്കാത്തതും മെസേജുകൾക്ക് മറുപടി നൽകാത്തതെന്നും നസ്രിയ പറയുന്നു. സോഷ്യൽ മീഡിയയിൽ കുറേ നാളുകളായി നസ്രിയ നസീം സജീവമായിരുന്നില്ല. എന്താണ് താൻ നേരിടുന്ന പ്രശ്നമെന്ന് നസ്രിയ പുറത്ത് വിട്ട പ്രസ്താവനയിൽ വ്യക്തമല്ല. സമാന്ത ഉൾപ്പെടെയുള്ള താരങ്ങൾ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കടുത്ത സെെബർ ആക്രമണം നസ്രിയ നസീമിന് നേരിടേണ്ടി വന്നിട്ടുണ്ട്.
2012-14 കാലയളവിൽ സിനിമാ ലോകത്ത് സെൻസേഷനായിരുന്നു നസ്രിയ നസീം. ക്യൂട്ട് ഗേൾ ഇമേജിൽ നസ്രിയ ജനപ്രീതി നേടി. ഓം ശാന്തി ഓശാന, നേരം എന്നീ സിനിമകൾ നസ്രിയയെ നിരവധി പേരുടെ സ്വപ്ന നായികയാക്കി മാറ്റി. കരിയറിൽ വലിയ അവസരങ്ങൾ വരുന്ന കാലത്താണ് 19ാം വയസിൽ നസ്രിയ നസീം വിവാഹിതയാകുന്നത്. പിന്നീടിങ്ങോട്ട് വളരെ കുറച്ച് സിനിമകളേ നസ്രിയ ചെയ്തിട്ടുള്ളൂ.

അതേസമയം ജനപ്രീതി നിലനിന്നു. എന്നാൽ കഴിഞ്ഞ വർഷം സൂക്ഷ്മദർശിനി റിലീസ് ചെയ്ത സമയത്ത് ഇതായിരുന്നില്ല സാഹചര്യം. നസ്രിയക്ക് നേരെ കടുത്ത സെെബർ ആക്രമണം വന്നു. ആദ്യമായാണ് നസ്രിയയ്ക്ക് ഇങ്ങനെയൊരു സാഹചര്യം നേരിടേണ്ടി വന്നത്. അഭിമുഖങ്ങളിൽ ഓവർ ക്യൂട്ട്നെസ് കാണിക്കുന്നു, മുഖത്തിന്റെ പഴയ ഭംഗി പോയി തുടങ്ങിയ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നു.
നടിക്ക് നേരെ വന്ന ആക്രമണത്തിനെതിരെ പ്രതികരിച്ചവരും ഏറെയാണ്. നസ്രിയയുടെ ജനപ്രീതിയിൽ നീരസം തോന്നുന്നവരാണ് നടിയെ കുറ്റപ്പെടുത്തുന്നതെന്ന്അന്ന് അഭിപ്രായങ്ങൾ വന്നു. 2024 ൽ ഹിറ്റ് സിനിമകളിൽ ഒന്നാണ് സൂക്ഷ്മ ദർശിനി. സിനിമയുടെ പ്രാെമോഷന് ശേഷം ഒരു പോസ്റ്റും നസ്രിയ പങ്കുവെച്ചിരുന്നില്ല. ലെെം ലെെറ്റിൽ നിന്നും മാറി നിന്നു.

സോഷ്യൽ മീഡിയയിലെ മോശം കമന്റുകളാണോ നസ്രിയയെ ബാധിച്ചതെന്ന ചോദ്യം ആരാധകർക്കുണ്ട്. സോഷ്യൽ മീഡിയ കമന്റുകളോടൊന്നും നസ്രിയ പൊതുവെ പ്രതികരിക്കാറില്ലായിരുന്നു. വിവാഹിതയായ സമയത്ത് പല അഭിപ്രായങ്ങൾ സെെബറിടങ്ങളിലും അല്ലാതെയും വന്നതാണ്. 19 വയസിൽ 32 കാരനുമായുള്ള വിവാഹമായിരുന്നു അന്ന് പലരും എതിർത്തത്. എന്നാൽ അതൊന്നും നസ്രിയ കാര്യമാക്കിയില്ല. വിവാഹശേഷം വണ്ണം വെച്ചപ്പോഴും കുറ്റപ്പെടുത്തലുകൾ വന്നു. അന്നും നസ്രിയ മൗനം പാലിച്ചു.
വ്യക്തിപരമായ മറ്റെന്തെങ്കിലും പ്രശ്നങ്ങളായിരിക്കും നസ്രിയ നസീമിനെ ഇപ്പോൾ അലട്ടുന്നതെന്ന് അഭിപ്രായമുണ്ട്. സൂക്ഷ്മ ദർശിനിയിലെ നസ്രിയ നസീമിന്റെ പ്രകടനം കെെയ്യടി നേടിയിരുന്നു. തുടരെ സിനിമകൾ ചെയ്യാൻ നസ്രിയ തയ്യാറല്ല. ഇഷ്ടപ്പെടുന്ന കഥകൾ വരുമ്പോൾ മാത്രം നടി പ്രേക്ഷകർക്ക് മുമ്പിലെത്തുന്നു.
മറുവശത്ത് ഫഹദ് ഫാസിൽ തുടരെ പ്രൊജക്ടുകൾ ചെയ്യുന്നുണ്ട്. തനിക്ക് എഡിഎച്ച്ഡി സ്ഥിരീകരിച്ച കാര്യം ഫഹദ് ഫാസിൽ അടുത്തിടെയാണ് തുറന്ന് പറഞ്ഞത്. മാനസിക, ആരോഗ്യ പ്രശ്നങ്ങൾ താരങ്ങൾ ഇന്ന് തുറന്ന് പറയാറുണ്ട്. എഡിഎച്ച്ഡി ഉള്ള കാര്യം ബോളിവുഡ് നടി ആലിയ ഭട്ടും തുറന്ന് പറഞ്ഞിട്ടുണ്ട്. നടി സമാന്ത മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ച കാര്യവും തുറന്ന് പറഞ്ഞു. ഇതിന്റെ ചികിത്സയിലാണ് സമാന്ത. നസ്രിയയുടെ പോസ്റ്റിന് താഴെ നിരവധി ആരാധകരും സഹപ്രവർത്തകരും കമന്റ് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











