തലയിൽ വരച്ചത് പോലെ, പെട്ടെന്നായിരുന്നു; വിവാദത്തിനോ ഗോസിപ്പിനോ നിന്നില്ല; ഗോപികയുടെ ഇന്നത്തെ ജീവിതം
ഏറെക്കാലത്തിന് ശേഷം മലയാളി, തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ഗോപികയെ വീണ്ടും കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. പക്ഷെ ബിഗ് സ്ക്രീനിൽ അല്ല. തന്റെ പഴയ തമിഴ് ചിത്രം ഓട്ടോഗ്രാഫിന്റെ റീ റിലീസിന് ആശംസയറിയിച്ചതാണ് ഗോപിക. ഓട്ടോഗ്രാഫിന്റെ അണിയറ പ്രവർത്തകർ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. തനിക്ക് കരിയറിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് ഓട്ടോഗ്രാഫിലേതെന്ന് ഗോപിക പറയുന്നുണ്ട്. ഏറെക്കാലമായിന ലെെം ലെെറ്റിൽ നിന്നും മാറി നിൽക്കുകയായിരുന്നു ഗോപിക. സിനിമകൾ ചെയ്തിട്ട് വർഷങ്ങളായി. 2013 ൽ പുറത്തിറങ്ങിയ ഭാര്യ അത്ര പോര ആണ് ഗോപികയുടെ അവസാന സിനിമ. സോഷ്യൽ മീഡിയയിലും ഗോപികയില്ല.
ഭർത്താവ് അജീഷ് ചാക്കോയ്ക്കും മക്കൾക്കുമൊപ്പം ഓസ്ട്രേലിയയിലാണ് ഗോപിക ഇന്നുള്ളത്. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ മലയാളത്തിൽ ഒരുപടി നടിമാർ വലിയ ജനശ്രദ്ധ നേടിയിട്ടുണ്ട്. കാവ്യ മാധവൻ, മീര ജാസ്മിൻ, നവ്യ നായർ തുടങ്ങിയവർ ഉദാഹരണം. ഇക്കൂട്ടത്തിൽ ഒരാളായിരുന്നു ഗോപികയും. ഹിറ്റുകൾ ഒന്നിന് പിറകെ ഒന്നായി ലഭിച്ചതാണ് ഗോപികയെ കരിയറിൽ തുണച്ചത്.

ആദ്യ ചിത്രം പ്രണയമണിത്തൂവൽ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ രണ്ടാമത് ചെയ്ത ഫോർ ദ പീപ്പിൾ വലിയ ഹിറ്റായി. പിന്നീട് കുറച്ച് വർഷങ്ങൾ ഗോപികയ്ക്ക് കരിയറിൽ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഓട്ടോഗ്രാഫ്, ചാന്തുപൊട്ട്, പച്ചക്കുതിര, മായാവി, അലിഭായ്, അണ്ണൻ തമ്പി തുടങ്ങിയ ശ്രദ്ധേയ സിനിമകളിൽ ഗോപിക നായികയായി. മലയാളി, തമിഴ് പ്രേക്ഷകർക്ക് ഗോപിക പ്രിയങ്കരിയായി മാറി.
കരിയറിൽ വിവാദങ്ങളും ഗോസിപ്പുകളുമില്ലാതെ മുന്നോട്ട് പോകാനായ ചുരുക്കം നടിമാരിൽ ഒരാളാണ് ഗോപിക. കരിയറിലെ മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു ഗോപികയുടെ വിവാഹം. 2009 ൽ വിവാഹം കഴിഞ്ഞ ശേഷം ഗോപിക ഭർത്താവിനൊപ്പം വിദേശത്തേക്ക് പോയി. പിന്നീട് ഭാര്യ അത്ര പോര എന്ന സിനിമ മാത്രമാണ് ഗോപിക ചെയ്തത്.

പെട്ടെന്നായിരുന്നു ഗോപികയുടെ അറേഞ്ച് മാര്യേജ്. ഒരിക്കൽ ഇതേക്കുറിച്ച് നടി കാവ്യ മാധവൻ സംസാരിച്ചിട്ടുണ്ട്. വിവാഹം എന്നത് തലയിൽ വരച്ചത് പോലെയാണ്. ഗോപികയുടെ കല്യാണം തന്നെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് കാവ്യ അന്ന് പറഞ്ഞു. ഞങ്ങൾ എല്ലാവരും ഒരേ പ്രായത്തിലുള്ള കുട്ടികളാണ്. കല്യാണം നോക്കിത്തുടങ്ങി എന്ന് പറഞ്ഞിരുന്നു. രണ്ടാഴ്ച മുമ്പ് വരെ ഞങ്ങൾ കണ്ടതാണ്. ഒന്നും ആയിട്ടുണ്ടായിരുന്നില്ല. കുറച്ച് നോക്കി വെച്ചിട്ടേയുള്ളൂ.
രണ്ടാമത്തെ ആഴ്ചയായപ്പോഴാണ് അവൾ എന്നെ വിളിച്ച് കൺഫോം ആയി, നീ ഇതാരോടും പറയേണ്ട എന്ന് പറഞ്ഞത്. പെട്ടെന്നാണ് എല്ലാം കഴിഞ്ഞത്. എൻഗേജ്മെന്റ് കഴിഞ്ഞു, അടുത്തതിന്റെ അടുത്തയാഴ്ച കല്യാണം കഴിഞ്ഞു. അവളിപ്പോൾ അയർലന്റിൽ അവളുടെ വീട്ടിലുമെത്തി. കുറച്ച് മാസങ്ങൾ കൊണ്ട് എന്ത് മാറ്റം ജീവിതത്തിലുണ്ടായി. എനിക്കും ചിലപ്പോൾ ഇങ്ങനെയായിരിക്കും. കാര്യമായ കല്യാണ ആലോചനകൾ തന്റെ വീട്ടിലും നടക്കുന്നുണ്ടെന്ന് അന്ന് കാവ്യ മാധവൻ പറഞ്ഞു. ഗോപിക അഭിനയ രംഗത്തേക്ക് തിരിച്ച് വരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. മീര ജാസ്മിൻ, നവ്യ നായർ തുടങ്ങിയവരെല്ലാം ഇടവേള അവസാനിപ്പിച്ച് കരിയറിൽ തിരിച്ച് വന്നു. കാവ്യ മാധവനും ഗോപികയും ആണിപ്പോൾ മാറി നിൽക്കുന്നത്.


Click it and Unblock the Notifications











