'അത് ചെയ്തത് പൃഥ്വി തന്നെയാകും... എങ്ങനെ എന്ത് എപ്പോൾ ചെയ്യണം എന്നൊക്കെ കൃത്യമായി അദ്ദേഹത്തിന് അറിയാം'
സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന വ്യക്തിയുടെ അതിജീവന കഥ പറഞ്ഞ സിനിമയാണ് മാർച്ച് 28ന് തിയേറ്ററുകളിലെത്തിയ ആടുജീവിതം. ചിത്രത്തിൽ പൃഥ്വിരാജാണ് നായകൻ നജീബിനെ അവതരിപ്പിച്ചത്. പൃഥ്വിരാജിനെ കൂടാതെ അമല പോൾ അടക്കമുള്ള താരങ്ങളും ആടുജീവിതത്തിൽ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് എന്ന നടന്റെ കരിയർ ബെസ്റ്റ് സിനിമയായാണ് ആടുജീവിതം വിലയിരുത്തപ്പെടുന്നത്.
തിയേറ്ററുകളിൽ കുതിപ്പ് തുടർന്ന് മുന്നേറവേ നൂറുകോടി ക്ലബിൽ കഴിഞ്ഞ ദിവസം ഇടംപിടിച്ചു ആടുജീവിതം. വെറും ഒമ്പത് ദിവസംകൊണ്ടാണ് ഈ ബ്ലെസി-പൃഥ്വിരാജ് ചിത്രം ആഗോള കലക്ഷനിൽ 100 കോടിയെന്ന നേട്ടം സ്വന്തമാക്കിയത്. ഇതോടെ മലയാളത്തിൽ ഏറ്റവും വേഗത്തിൽ ഈ കലക്ഷൻ നേടുന്ന ചിത്രമെന്ന പേരും ആടുജീവിതം കരസ്ഥമാക്കി.

പൃഥ്വിരാജിന്റെ കരിയറിലെ ആദ്യ 100 കോടി കലക്ഷൻ ചിത്രമാണ് ആടുജീവിതം. മലയാളത്തിൽ ഏറ്റവും വേഗമേറിയ 50 കോടി കലക്ഷനും ആടുജീവിതത്തിന് അവകാശപ്പെട്ടതാണ്. എൺപത് കോടിക്ക് മുകളിൽ ചിലവഴിച്ചാണ് സിനിമ ഒരുക്കിയത്. ആടുജീവിതം സക്സസ് ഫുള്ളായി ഓടി തുടങ്ങിയപ്പോൾ മുതൽ പ്രേക്ഷകരിൽ നിന്നും നിരന്തരമായി ആടുജീവിത ടീം നേരിടുന്ന ഒരു ചോദ്യമാണ് യഥാർത്ഥ നജീബിന് എന്താണ് ആടുജീവിതം നൽകിയതെന്ന്.
അതേ കുറിച്ച് കഴിഞ്ഞ ദിവസം ബ്ലെസി പ്രതികരിച്ചിരുന്നു. നമുക്കൊപ്പം സഞ്ചരിക്കുന്ന ആളായിട്ടാണ് ഞങ്ങൾക്ക് നജീബിനെ തോന്നിയിട്ടുള്ളത്. ആൾക്കാർ പറഞ്ഞ് പറഞ്ഞ് മോശമാക്കുന്നു എന്നതല്ലാതെ അദ്ദേഹത്തിന്റെ സ്വസ്ഥമായ ജീവിതത്തിന് വേണ്ട എല്ലാ സാഹചര്യവും നമ്മൾ ഒരുക്കി കൊടുത്തിട്ടുണ്ട്. ഒരു വർഷത്തിന് മുമ്പെ തന്നെ ഒരു ജോലി നമ്മൾ ഓഫർ ചെയ്തിരുന്നു.
പക്ഷെ അദ്ദേഹം വേണ്ടെന്ന് പറഞ്ഞു. ഇതിനോടകം പലരും പല ചോദ്യങ്ങളും ചോദിക്കുന്നുണ്ട്. അതുകൊണ്ട് മാത്രം പറയാം. ഞാൻ ബെന്യാമിന് കൊടുത്തതിന്റെ പത്ത് ഇരട്ടി തുക നജീബിന്റേൽ എത്തിയിട്ടുണ്ട്. ഞാൻ പോലും കഴിഞ്ഞ ദിവസമാണ് അറിയുന്നത്. നമ്മുടെ ഇടയിൽ പോലും അത് ആര് കൊടുത്തുവെന്ന് ചർച്ച ചെയ്യുന്നില്ല.
ഒരിക്കലും ആർക്കും ആശങ്ക വേണ്ട എന്നാണ് ബ്ലെസി പറഞ്ഞത്. ഇതോടെ ആരായിരിക്കും നജീബിനെ സഹായിച്ചതെന്ന ചർച്ച പ്രേക്ഷകർക്കിടയിലും ഉണ്ടായി. ഒടുവിൽ പ്രേക്ഷകർ തന്നെ ഉത്തരവും കണ്ടെത്തി. അത് പൃഥ്വിരാജ് ആയിരിക്കുമെന്നാണ് ഭൂരിഭാഗം പേരുടെയും കണ്ടെത്തൽ. അത് ചെയ്തത് പൃഥ്വി തന്നെയാകും... എങ്ങനെ എന്ത് എപ്പോൾ ചെയ്യണം എന്നൊക്കെ കൃത്യമായി അദ്ദേഹത്തിന് അറിയാം.

രാജു ഏട്ടൻ അല്ലാതെ ആരാണ് അത് ചെയ്യുക, അദേഹത്തിന്റെ സ്നേഹം എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്ത് അനുഭവിച്ചത് ഒരിക്കൽ പറഞ്ഞപ്പോൾ കരഞ്ഞുപോയി. വല്ലാത്തൊരു നന്മ ഉള്ള മനുഷ്യനാണ് പൃഥ്വിരാജ് എന്നിങ്ങനെയാണ് കമന്റുകൾ ഏറെയും.
പതിനാറ് വർഷത്തോളം ആടുജീവിതം സിനിമയുടെ പുറകെ ആയിരുന്നു ബ്ലെസിയും പൃഥ്വിരാജും. ആ കഷ്ടപ്പാടിന് ലഭിച്ച പ്രതിഫലമാണ് തിയറ്ററുകളിൽ മുഴങ്ങി കേൾക്കുന്ന കയ്യടികൾ. പല ഘട്ടങ്ങളിലായി ശരീര ഭാരം കുറച്ച് പൃഥ്വി നടത്തിയ ട്രാൻസ്ഫോർമേഷൻ എല്ലാവരേയും അമ്പരപ്പിച്ചതാണ്.


Click it and Unblock the Notifications