'അദ്ദേഹമല്ല ചീപ്പ്... കുത്തിതിരിപ്പുണ്ടാക്കിയ നിങ്ങളാണ്..., ഫാമിലി ഫോട്ടോയിൽ അയൽവാസിയെ നിങ്ങൾ ഉൾപ്പെടുത്തുമോ?'
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോളിവുഡ് മുഴുവൻ ആനന്ദ് അംബാനിയുടെ പ്രീവെഡ്ഡിംഗ് പ്രൗഢഗംഭീരമാക്കുന്ന തിരക്കിലായിരുന്നു. അടുത്തൊന്നും ഇത്രയും വലിയൊരു ആഘോഷം ബോളിവുഡിൽ നടന്നിട്ടില്ല. യുവ താരങ്ങൾ മുതൽ സൂപ്പർസ്റ്റാറുകൾ വരെ ആനന്ദ് അംബാനിയുടെ പ്രീവെഡ്ഡിംഗ് കളറാക്കാൻ എത്തിയിരുന്നു. ഇക്കഴിഞ്ഞ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഗുജറാത്തിലെ ജാംനഗറിലാണ് പ്രീവെഡ്ഡിംഗ് ആഘോഷങ്ങൾ നടന്നത്.
ആടിയും പാടിയും താരങ്ങള്‍ മൂന്ന് ദിവസത്തെ ചടങ്ങുകള്‍ മനോഹരമാക്കുകയും ചെയ്തു. രാധിക മർച്ചന്റാണ് ആനന്ദ് അംബാനിയുടെ വധു. വിവാഹം ജൂലൈയിലാണെന്നാണ് റിപ്പോർട്ട്. മാര്‍ക്ക് സക്കര്‍ബര്‍ഗ്, ബില്‍ ഗേറ്റ്‌സ്, റിഹാന തുടങ്ങിയ സെലിബ്രിറ്റികളും ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കോടികളാണ് പ്രീവെഡ്ഡിംഗ് പ്രൗഢഗംഭീരമാക്കാൻ മുകേഷ് അംബാനി പൊടിച്ചത്.

സൗത്തിൽ നിന്നും രാംചരൺ തേജ ഭാര്യ ഉപാസന കാമിനേനി, രജിനികാന്ത്, ഭാര്യ ലത, മകൾ ഐശ്വര്യ എന്നിവർക്കും ക്ഷണമുണ്ടായിരുന്നു. പ്രീവെഡ്ഡിംങിൽ പങ്കെടുക്കാൻ പ്രൈവെറ്റ് ജെറ്റിൽ പറന്നത് മുതൽ അതീവ സുന്ദരിയായി ഒരുങ്ങി ചടങ്ങിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ അടക്കം ഐശ്വര്യ രജിനികാന്ത് സോഷ്യൽമീഡിയയിൽ പങ്കിട്ടിരുന്നു.
ഏറ്റവും കൃപയുള്ള ആതിഥേയരായ നിത ആന്റിക്കും മുകേഷ് അങ്കിളിനും പ്രിയപ്പെട്ട ആനന്ദിന്റെ ഏറ്റവും മാന്ത്രികമായ പ്രീ വെഡ്ഡിങിലേക്ക് ക്ഷണിച്ചതിന് ഞങ്ങളുടെ നന്ദി... അവിസ്മരണീയവും മനോഹരവുമായ വാരാന്ത്യം അപ്പയ്ക്കും അമ്മയ്ക്കും ഒപ്പം ചെലവഴിച്ചു എന്നാണ് ആഘോഷത്തിൽ പങ്കെടുത്ത ചിത്രങ്ങൾ പങ്കിട്ട് ഐശ്വര്യ രജിനികാന്ത് കുറിച്ചത്. മേക്കിങ് മെമ്മറീസ്, അംബാനി വിവാഹം എന്നീ ഹാഷ്ടാഗുകൾക്കൊപ്പമാണ് ചിത്രങ്ങൾ ഐശ്വര്യ പങ്കിട്ടത്.
അതേസമയം രജിനി കുടുംബത്തിന്റെ ഒരു വീഡിയോ വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും ചർച്ചയാവുകയും ചെയ്യുന്നുണ്ട്. ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ നടന്ന സംഭവത്തിന്റേതാണ് വീഡിയോ. ജംനഗറിൽ നിന്നുമുള്ളതാണ് വീഡിയോ. രജിനികാന്തിനൊപ്പം ഭാര്യ ലതയും മകൾ ഐശ്വര്യയുമുണ്ട്. മൂവർക്കുമൊപ്പം സഹായിയായ ഒരു സ്ത്രീയുമുണ്ട്. അവരുടെ കയ്യിൽ ലെഗേജുമുണ്ട്.
താരകുടുംബത്തിന്റെ ലെഗേജാണ് സ്ത്രീ കയ്യിൽ പിടിച്ചിരിക്കുന്നത്. ഇതിനിടയിൽ തടിച്ച് കൂടിയ മാധ്യമങ്ങൾക്ക് മുമ്പിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ രജിനിയും കുടുംബവും തയ്യാറാകുന്നത് വീഡിയോയിൽ കാണാം. എന്നാൽ ആ സ്ത്രീയും ഒപ്പമുണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഉടനെ രജിനികാന്ത് അവരോട് മാറി നിൽക്കാൻ ആവശ്യപ്പെടുകയും ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.

ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തിനും കുടുംബത്തിനും എതിരെ വിമർശനമുമായി രംഗത്ത് എത്തിയത്. ഇത്രയും ജാഡ പാടില്ലെന്നാണ് ചിലർ കമന്റായി കുറിച്ചത്. എന്നാൽ വിഷയത്തെ ന്യായീകരിച്ച് കുറച്ച് രജിനി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. അതവരുടെ ഫാമിലി ഫോട്ടോയ്ക്കുള്ള സമയമായിരുന്നുവെന്നും അതിനാലാണ് സ്ത്രീയെ മാറ്റി നിർത്തിയതെന്നുമാണ് അനുകൂലിച്ചവർ കുറിച്ചത്.
വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും ആരാധകർ വീഡിയോയ്ക്ക് താഴെ കമന്റായി രേഖപ്പെടുത്തുന്നുണ്ട്. അദ്ദേഹമല്ല ചീപ്പ്... കുത്തിതിരിപ്പുണ്ടാക്കിയ നിങ്ങളാണ്..., ഫാമിലി ഫോട്ടോയിൽ അയൽവാസിയെ നിങ്ങൾ ഉൾപ്പെടുത്തുമോ? എന്നിങ്ങനെയും നടനെ വിമർശിച്ചവരോട് ആരാധകർ ചോദിക്കുന്നുണ്ട്. വീഡിയോ എന്തായാലും വൈറലാണ്.
പക്ഷെ രജിനിയോ കുടുംബാംഗങ്ങളോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. അതേസമയം ലാൽ സലാമാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ രജിനികാന്ത് സിനിമ. മകൾ ഐശ്വര്യ രജിനികാന്ത് തന്നെയായിരുന്നു സിനിമ സംവിധാനം ചെയ്തത്. 90 കോടിയോളം മുടക്കിയിട്ടും മുടക്കുമുതലിന്‍റെ പകുതി പോലും നേടാന്‍ ചിത്രത്തിന് ആയില്ല. രജിനികാന്തിന്‍റെ സമീപകാലത്തെ ഏറ്റവും വലിയ പരാജയമാണ് മകള്‍ ഐശ്വര്യ രജിനികാന്ത് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം.


Click it and Unblock the Notifications