'അയ്യരല്ലേ... മത്സ്യവും മാംസവും കഴിക്കുമോ?'; പുട്ടും മീൻകറിയും ഉണ്ടാക്കിയ ചന്ദ്രയോട് ചോദ്യങ്ങളുമായി ആരാധകർ!
മലയാളം സീരിയലുകളില്‍ നിറഞ്ഞ് നിൽക്കുന്ന താരമാണ് ചന്ദ്ര ലക്ഷ്മണ്‍. സ്റ്റോപ്പ് വയലൻസ്, ചക്രം തുടങ്ങിയ പൃഥിരാജ് ചിത്രങ്ങളിൽ ചന്ദ്രയുടെ സാന്നിധ്യമുണ്ടായിരുന്നു. മലയാളത്തിൽ ഒരുകാലത്ത് സജീവമല്ലാതിരുന്ന താരം തമിഴ് ടെലിവിഷന്‍ ലോകത്ത് തിരക്കിലായിരുന്നു. പിന്നീടാണ് ഒരിടവേളയ്ക്ക് ശേഷം താരം തിരികെ മലയാളത്തിലേക്ക് എത്തിയത്.
കാക്കി, ചക്രം എന്നീ മലയാള ചിത്രങ്ങളിലും മലയാളത്തിലെ ഹിറ്റ് സീരിയലുകളിലും ചന്ദ്ര അഭിനയിച്ചിരുന്നു. തമിഴില്‍ ഓരോ സീരിയലും തീരാന്‍ വര്‍ഷങ്ങളെടുക്കുമെന്നതിനാലാണ് തന്നെ മലയാളത്തിൽ അധികം കാണാതിരുന്നതെന്നാണ് ഇടവേള കഴിഞ്ഞ് തിരികെ എത്തിയപ്പോൾ മലയാളത്തിൽ അഭിനയിക്കാതിരുന്നതിന് പിന്നിലെ കാരണമായി ചന്ദ്ര ലക്ഷ്മൺ പറഞ്ഞത്.
സ്വന്തം സുജാതയെന്ന സൂര്യ ടിവിയിലെ ഹിറ്റ് സീരിയലിൽ ടൈറ്റിൽ റോൾ ചെയ്തുകൊണ്ടാണ് ചന്ദ്ര തിരികെ മലയാളത്തിലേക്ക് എത്തിയത്. സുജാതയായി അഭിനയിച്ച് തുടങ്ങിയതോടെ ചന്ദ്രയ്ക്കുള്ള ആരാധകരുടെ എണ്ണവും വർധിച്ചു. അപ്രതീക്ഷിതമായി ചില കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുകയും ചെയ്തു.

നടൻ ടോഷ് ക്രിസ്റ്റിയെ കണ്ടുമുട്ടിയതും വിവാഹിതരാകാമെന്ന് ഇരുവരും തീരുമാനിച്ചതും സ്വന്തം സുജാതയുടെ സെറ്റിൽ വെച്ചായിരുന്നു. മതവും ജാതിയും ഒന്നും പരിഗണിക്കാതെ വീട്ടുകാരും സുഹൃത്തുക്കളും ഒപ്പം നിന്നതോടെ ഇരുവരുടെയും വിവാഹവും ഗംഭീരമായി നടന്നു. അടുത്തിടെയാണ് ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്.
മകന്റെ വിശേഷങ്ങളും കുടുംബവിശേഷങ്ങളും പങ്കുവെക്കാനായി ടോഷ് ഷോട്സ് എന്ന പേരിൽ ഒരു യുട്യൂബ് ചാനലും ചന്ദ്രയും ടോഷും ചേർന്ന് നടത്തുന്നുണ്ട്. ടോഷ് ക്രിസ്ത്യനും ചന്ദ്ര ഹിന്ദുവുമാണ്. ഇപ്പോഴിതാ ഇരുവരും പങ്കുവെച്ച പുതിയ വീഡിയോയാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
ഷൂട്ടിങ് ഇല്ലാത്ത ഒരു ദിവസം അടുക്കളയിൽ പാചക പരീക്ഷണങ്ങൾ നടത്താൻ കിട്ടിയ അവസരത്തിൽ പുട്ടും മീൻകറിയും ഉണ്ടാക്കിയതിന്റെ വിശേഷങ്ങളാണ് ഇരുവരും പുതിയ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. പുട്ട് ചന്ദ്രയും മീൻ കറി ടോഷുമാണ് ഉണ്ടാക്കിയത്. ഇരുവരും ആസ്വദിച്ച് ഭക്ഷണം പാകം ചെയ്യുന്ന വീഡിയോ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
അതോടൊപ്പം ചില കമന്റുകളും വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ടു. ചന്ദ്ര ചേർന്ന് മീൻ കറി വെച്ചു എന്നതുകൊണ്ടാണ് അതുമായി ബന്ധപ്പെട്ട ചില കമന്റുകളാണ് ചർച്ചയ്ക്ക് കാരണമായിരിക്കുന്നത്. 'ചന്ദ്ര അയ്യർ അല്ലേ അപ്പോഴെങ്ങനെ മത്സ്യ മാംസാദികൾ കുക്ക് ചെയ്യുന്നു?, നടിയും കുടുംബവും നോൺ കഴിക്കുമോൽ?', എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

എന്നാൽ ഇരുവരും ഇതുവരെ കമന്റുകളോട് പ്രതികരിച്ചിട്ടില്ല. ഇന്റർകാസ്റ്റ് മാരേജ് ആയിരുന്നുവെങ്കിൽ കൂടിയും കുടുംബ ജീവിതത്തിലേക്ക് മതം കടന്നുവരാത്ത രീതിയിൽ സന്തോഷമായാണ് ചന്ദ്രയും ടോഷും മകനൊപ്പം ജീവിക്കുന്നത്. 'ടോഷേട്ടൻ ഞാൻ ആഗ്രഹിച്ചിരുന്ന ഒരാൾ തന്നെയാണ്.'
'ദൈവമായി ചേർത്തുവെച്ച ഒരു അമൂല്യ ബന്ധമാണ് ഞങ്ങളുടേതെന്ന് എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്. ആ ഒരു ലവ് റെസ്‌പെക്ട് ബേസിലാണ് വിവാഹം. അതുകൊണ്ട് തന്നെ ഇരു വിഭാഗങ്ങളുടെയും കൾച്ചർ അംഗീകരിക്കും', എന്നാണ് ചന്ദ്ര ഒരിക്കൽ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ഇരുവരും വീട്ടിൽ രണ്ട് മതങ്ങളിലെയും ദൈവങ്ങളുടെ ചിത്രങ്ങൾ ഒരു പൂജാ മുറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. അയാന്‍ എന്നാണ് ഇരുവരും ചേർന്ന് മകന് പേര് നൽകിയിരിക്കുന്നത്. അയാൻ എന്നാല്‍ ദൈവത്തിന്റെ സമ്മാനം എന്നാണ് അര്‍ത്ഥം.
തങ്ങൾ ഒരുമിച്ച് സെലക്ട് ചെയ്ത പേരാണ് മോനിട്ടതെന്ന് ചന്ദ്ര പറഞ്ഞിരുന്നു. ഒമ്പതാം മാസം വരെ നിറവയറിൽ ചന്ദ്ര സീരിയലിൽ അഭിനയിച്ചിരുന്നു. താരം വയറും വെച്ച് ഫൈറ്റ് വരെ ചെയ്യുന്ന വീഡിയോ ടോഷ് യുട്യൂബിലൂടെ പുറത്തുവിട്ടിരുന്നു.


Click it and Unblock the Notifications











