'ഇരുവരുടെയും വയസുകൾ തമ്മിൽ മാച്ചാണോ?, പ്രണയം ആയിരുന്നുവോ?, ഇങ്ങനൊന്ന് പ്രതീക്ഷിച്ചില്ല'; സംശയങ്ങളുമായി ആരാധകർ
സാന്ത്വനത്തിലെ ശിവന്റെ അഞ്ജലി എന്നന്നേക്കുമായി നടൻ ഗോവിന്ദ് പത്മസൂര്യയുടേതാകാൻ പോകുന്നുവെന്ന വാർത്ത കേട്ട ത്രില്ലിലാണ് ആരാധകർ. മലയാള സിനിമയിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലർമാരിൽ ഒരാളായ ജിപി വിവാഹം കഴിക്കാൻ പോകുന്നുവെന്ന വാർത്തയാണ് സോഷ്യൽമീഡിയ മുഴുവൻ.
കുറച്ച് മണിക്കൂറുകൾക്ക് മുമ്പാണ് വിവാഹനിശ്ചയ ചിത്രങ്ങൾ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും ആരാധകരെ അറിയിച്ചത്. ആഘോഷമായി നടന്ന ചടങ്ങിന്റെ വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജിപിയിലെ നടനേക്കാൾ പ്രേക്ഷകർക്ക് ഇഷ്ടം അവതാരകനായ ജിപിയെയാണ്.
സുന്ദരനും സുമുഖനുമായതുകൊണ്ട് തന്നെ ജിപിയുടെ ആരാധകരിൽ ഏറെയും സ്ത്രീകളാണ്. യുട്യൂബ് ചാനലുമായും സജീവമായി നിൽക്കുന്ന ജിപി മുപ്പത്തിയാറ് വയസ് പിന്നിട്ടിട്ടും എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ലെന്ന സംശയം ആരാധകരിൽ ഉണ്ടായിരുന്നു. പുറത്ത് പറയാത്ത പ്രണയം ഉണ്ടാകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്.

അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ വിവാഹത്തെ കുറിച്ച് ചോദിച്ചാലും ജിപി ഒഴിഞ്ഞ് മാറും. ഇതൊക്കെ കൊണ്ട് തന്നെയാണ് സീരിയൽ താരം ഗോപികയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതിന്റെ ചിത്രം ഗോവിന്ദ് പത്മസൂര്യ പങ്കിട്ടപ്പോൾ ആരാധകരും അമ്പരന്നത്. മാത്രമല്ല ഇരുവരും ജനപ്രിയരാണ്.
സാന്ത്വനം എന്ന ഒറ്റ സീരിയൽ കൊണ്ട് വലിയൊരു ആരാധക വൃന്ദത്തെയാണ് ഗോപിക സൃഷ്ടിച്ചെടുത്തത്. രണ്ടുപേരെയും വളരെ ഏറെ ഇഷ്ടമാണ്... നിങ്ങൾ ഒരുമിക്കുന്നതിൽ അതീവ സന്തോഷം തോന്നുന്നുവെന്നാണ് ആരാധകർ കുറിക്കുന്നത്. ദൈവം ചേർത്തുവെച്ചത് പോലെയുണ്ട് നിങ്ങളെ കണ്ടിട്ടെന്നും ആരാധകർ ആശംസകൾ നേർന്ന് കുറിച്ചു.
വിവാഹനിശ്ചയം നടക്കാൻ പോകുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു വിവരവും പുറത്ത് വിടാതെ ജിപിയും ഗോപികയും എല്ലാം അതീവ രഹസ്യമായി സൂക്ഷിച്ചിരുന്നു. ചടങ്ങിനായി വേദിയിലേക്ക് ഗോവിന്ദ് പത്മസൂര്യയുടെ കയ്യും പിടിച്ച് വരുന്ന ഗോപികയെ കണ്ട് സന്തോഷം കൊണ്ട് പൊട്ടികരയുന്ന ഗോപികയുടെ സഹോദരിയുടെ വീഡിയോയും വൈറലാണ്.
സഹോദരിമാർ എന്നതിനെക്കാൾ ഉപരിയായി ഗോപികയും കീർത്തനയും സുഹൃത്തുക്കളെപോലെയാണ്. നടി ഷഫ്ന അടക്കം നിരവധി പേർ ഗോപികയ്ക്കും ജിപിയ്ക്കും ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്. എന്റെ സ്വന്തം... എന്റെ പുന്നാരക്കുട്ടി... എന്റെ പാവക്കുട്ടി വിവാഹിതയാകുന്നു. അവളുടെ ബിഗ് ഡേ എന്നാണ് ഷഫ്‌ന കുറിച്ചത്.

ഷഫ്ന അടക്കമുള്ളവരും വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പേളിയും ശ്രീനിഷും എല്ലാം ജിപിക്ക് ആശംസകൾ നേർന്നിട്ടുണ്ട്. വിവാഹനിശ്ചയ ചിത്രങ്ങൾ വൈറലാകുമ്പോൾ തന്നെ ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസത്തെ കുറിച്ചുള്ള സംശയങ്ങളും പ്രേക്ഷകർ ചർച്ച ചെയ്യുന്നുണ്ട്. വിക്കിപീഡിയ പ്രകാരം ഗോവിന്ദ് പത്മസൂര്യയുടെ പ്രായം മുപ്പത്തിയാറും ഗോപികയുടെ പ്രായം ഇരുപത്തിയൊമ്പതുമാണ്.
ബാലതാരമായി നിരവധി സിനിമകളിൽ ഗോപിക അഭിനയിച്ചിട്ടുണ്ട്. നായികയായി സീരിയലുകൾ മാത്രമാണ് ചെയ്തിട്ടുള്ളത്. ഒരു സഹോദരൻ കൂടി ഗോവിന്ദിനുണ്ട്. മലയാളത്തിനേക്കാൾ ജിപി തിളങ്ങിയിട്ടുള്ളത് അന്യഭാഷകളിലാണ്.
തെലുങ്ക് സിനിമകളിൽ സജീവ സാന്നിധ്യമായ ജിപിക്ക് ആന്ധ്രയിലും ആരാധകർ ഏറെയാണ്. ഇരുവരുടെയും പ്രണയ വിവാഹമാണോ എന്ന സംശയം ആരാധകർക്കുണ്ടായിരുന്നു. എന്നാൽ വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണെന്ന് ജിപിയുടെയും ഗോപികയുടെയും കുറിപ്പിൽ വ്യക്തമാണ്. കോഴിക്കോട് നടന്ന ചടങ്ങിലാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.
മനോഹരമായ വിവാഹ വസ്ത്രങ്ങളാണ് ഇരുവരും അണിഞ്ഞത്. ബെയ്ജ് നിറത്തിലെ കുര്‍ത്തയും പൈജാമയും അണിഞ്ഞ് തലയില്‍ തലപ്പാവ് വെച്ച് നോര്‍ത്തിന്ത്യന്‍ സ്‌റ്റൈലിലാണ് ജിപി എത്തിയത്. പിങ്ക് നിറത്തിലുള്ള ഹെവി വർക്കുള്ള ലെഹങ്കയായിരുന്നു ഗോപികയുടെ വേഷം.
ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയാണ് ഗോവിന്ദ് പത്മസൂര്യയെ ശ്രദ്ധേയനാക്കിയത്. പേളി മാണിയായിരുന്നു ജിപിയുടെ സഹ അവതാരക. ഇരുവരുമായിരുന്നു ഷോയുടെ പ്രധാന ആകർഷണം.


Click it and Unblock the Notifications