'വർഷങ്ങൾക്കുശേഷം സമാധാനത്തിലും ദൈവസ്നേഹത്തിലും ജീവിക്കുന്നു'; വിവാഹനിശ്ചയം കഴിഞ്ഞോയെന്ന് ബാലയോട് ആരാധകർ!
നടൻ ബാലയെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. തമിഴ് സിനിമാ കുടുംബത്തിലാണ് ജനിച്ചതെങ്കിലും തമിഴ് സിനിമകൾ നിരവധി ചെയ്തിട്ടുണ്ടെങ്കിലും ബാലയിലെ നടനെ പ്രേക്ഷകർ അംഗീകരിച്ച് തുടങ്ങിയത് മലയാളത്തിൽ സിനിമകൾ ചെയ്ത് തുടങ്ങിയശേഷമാണ്. ഒരു കാലത്ത് പ്രണയ നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങിയിരുന്ന ബാല കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം ഏറെക്കാലം വിശ്രമത്തിലായിരുന്നു. അടുത്തിടെയാണ് വീണ്ടും സിനിമകളിൽ അഭിനയിച്ച് തുടങ്ങിയത്.
കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകും മുമ്പ് ഷെഫീക്കിന്റെ സന്തോഷം എന്നൊരു സിനിമയിൽ ശ്രദ്ധേയ വേഷം ബാല ചെയ്തിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും ബാലയെ എപ്പോഴും വാർത്തകളിൽ നിറയുന്ന സെലിബ്രിറ്റിയാണ്. കൂടാതെ സന്നദ്ധ സഹായപ്രവർത്തനങ്ങളും ബാല തന്നാൽ കഴിയും വിധം ചെയ്യുന്നുണ്ട്.

നിർധനരായ രോഗികളും സ്വന്തമായി വീടില്ലാത്തവരുമെല്ലാം സഹായം അഭ്യർത്ഥിച്ച് താരത്തിന്റെ അടുത്ത് എത്താറുണ്ട്. എല്ലാവർക്കും തന്നാൽ കഴിയും വിധം സഹായം നൽകാൻ ബാലയും ശ്രമിക്കാറുണ്ട്. സോഷ്യൽമീഡിയയിൽ ബാല എപ്പോഴും സജീവമാണ്. അതുകൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങൾ അതിവേഗത്തിൽ അറിയാൻ ആരാധകർക്ക് കഴിയാറുണ്ട്. കൊച്ചിയിൽ സെറ്റിൽഡായ ബാല പങ്കിട്ട പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്.
കഴിഞ്ഞ ദിവസം അമ്മാവന്റെ മകളും മുറപ്പെണ്ണുമായ കോകില ഉണ്ടാക്കി തന്ന ഭക്ഷണത്തിന്റെ വിശേഷങ്ങൾ ബാല പങ്കിട്ട് എത്തിയിരുന്നു. ഇപ്പോഴിതാ കോകിലയെ ചേർത്ത് നിർത്തിയുള്ള ഫോട്ടോയ്ക്ക് ബാല കുറിച്ച വാക്കുകളും അതിന് വന്ന ആരാധകരുടെ കമന്റുകളുമാണ് ചർച്ചയാകുന്നത്.
എൻ്റെ ത്യാഗങ്ങൾ ഭീരുത്വമല്ല. എൻ്റെ കൃതജ്ഞതയായി പരിഗണിക്കുക. 16 വർഷത്തിനുശേഷം ഞാൻ സമാധാനത്തിലും ദൈവസ്നേഹത്തിലും ജീവിക്കുന്നു. അതിൻ്റെ അർത്ഥം ഞാൻ എൻ്റെ ഭൂതകാലത്തെ മറക്കുന്നുവെന്നല്ല എന്നായിരുന്നു ബാലയുടെ കുറിപ്പ്. നടന്റെ പോസ്റ്റ് വൈറലായതോടെ കോകിലയുമായി വിവാഹനിശ്ചയം കഴിഞ്ഞോയെന്ന് തിരക്കി ആരാധകർ എത്തി. എന്നാൽ താരം ഒന്നിനും കൃത്യമായ മറുപടി നൽകിയിട്ടില്ല.
മുന്നോട്ട് സന്തോഷത്തിലും സമാധാനത്തിലും ജീവിക്കാൻ ബാലയ്ക്ക് ആശംസകൾ നേർന്നും ചിലർ എത്തിയിട്ടുണ്ട്. വളരെ വിരളമായി മാത്രമാണ് സ്വന്തം നാടായ ചെന്നൈയിലേക്ക് ബാല പോകാറുള്ളു. കുറച്ചുനാൾ മുമ്പ് വരെ അമ്മ ബാലയ്ക്കൊപ്പം കൊച്ചിയിൽ ഉണ്ടായിരുന്നു. ശാരീരികമായ ബുദ്ധിമുട്ടുകൾ മൂലം അമ്മ ചെന്നൈയിലേക്ക് തിരികെ പോവുകയായിരുന്നു.

ബാലയുടെ ആദ്യ വിവാഹം ഗായിക അമൃത സുരേഷുമായിട്ടായിരുന്നു. ആ വിവാഹത്തിൽ അവന്തിക എന്നൊരു മകളും ബാലയ്ക്കുണ്ട്. ശേഷം ഇരുവരും ബന്ധം വേർപ്പെടുത്തി. ബാല വിവാഹമോചനത്തിനുശേഷം ഡോക്ടറായ തൃശൂർക്കാരി എലിസബത്തിനെ വിവാഹം ചെയ്തു. ബാലയുടെ രണ്ടാം വിവാഹം ഏറെ ചർച്ചയായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി എലിസബത്തും ബാലയും ഒരുമിച്ചല്ല താമസം. എലിസബത്ത് ഇപ്പോൾ വിദേശത്താണ്.
ഇരുവരും തങ്ങളുടെ വിവാഹ ജീവിതത്തിന് എന്ത് സംഭവിച്ചുവെന്നതിനെ പറ്റി തുറന്ന് പറയാൻ തയ്യാറായിട്ടില്ല. കരൾ രോഗം മൂർച്ഛിച്ച് ആശുപത്രിയിലായിരുന്നപ്പോൾ ബാലയ്ക്ക് തുണയും സഹായവും എലിസബത്തായിരുന്നു. അതുകൊണ്ട് തന്നെ ബാലയോടുള്ള അതേ സ്നേഹം എലിസബത്തിനോടും മലയാളികൾക്കുണ്ട്.


Click it and Unblock the Notifications