സ്വന്തം സഹോദരനെ പോലെ എല്ലാം ചെയ്യുന്നു, കുറ്റപ്പെടുത്തലുകൾ കേട്ടിട്ടും മാറ്റമില്ല; മോഹൻലാലിന്റെ കവചം
അമ്മ ശാന്തകുമാരിയുടെ വിയോഗം നടൻ മോഹൻലാലിനെയും കുടുംബത്തിനും വലിയ മനോവേദനയാണ്. സിനിമകളിലല്ലാതെ മോഹൻലാലിനെ ജനം കണ്ണ് നിറഞ്ഞ് കണ്ടിട്ടുണ്ടെങ്കിൽ അത് അമ്മയെക്കുറിച്ച് സംസാരിക്കുമ്പോഴാണ്. അമ്മയുടെ സ്നേഹവാത്സല്യം അത്രത്തോളം മോഹൻലാലിനെ സ്വാധീനിച്ചിട്ടുണ്ട്. ഏറെക്കാലമായി കിടപ്പിലായിരുന്നു ശാന്തകുമാരി. മോഹൻലാലിനെ ആശ്വസിപ്പിക്കാൻ സഹപ്രവർത്തകരായ നിരവധി പേർ എത്തി. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഒപ്പമുണ്ടായിരുന്നു.
നിർമാതാവ് ആന്റണി പെരുമ്പാവൂർ അന്ത്യകർമ്മങ്ങൾ നടത്തുമ്പോഴും മറ്റുമെല്ലാം എല്ലാത്തിലും മുന്നിൽ തന്നെയുണ്ട്. മനസ് തകർന്നിരിക്കുന്ന മോഹൻലാലിനെ സംബന്ധിച്ച് ആന്റണി പെരുമ്പാവൂരിന്റെ സാന്നിധ്യം വലിയ ആശ്രയമാണ്.മോഹൻലാലിനും കുടുംബത്തിനും അസൗകര്യങ്ങളുണ്ടാകതാരിക്കാൻ സംസ്കാര ചടങ്ങിൽ ആന്റണി പെരുമ്പാവൂർ ശ്രദ്ധിക്കുന്നുണ്ട്.

ഏതൊരു വ്യക്തിയും ആന്റണി പെരുമ്പാവൂരിനെ പോലെ ഒരു സുഹൃത്തിനെ അർഹിക്കുന്നുണ്ടെന്ന് ആരാധകർ പറയുന്നു. മോഹൻലാലിന്റെ സുഖ ദുഖങ്ങളിലെല്ലാം ഒപ്പം ആന്റണി പെരുമ്പാവൂരുണ്ട്. ഒരു സൂപ്പർതാരത്തെ സംബന്ധിച്ച് ചുറ്റും കൂടുന്ന പലരെയും പൂർണമായും വിശ്വസിക്കാൻ പറ്റില്ല. കാരണം നാളെ പരാജയങ്ങൾ വന്നാൽ ഇവർ അകന്ന് പോകും. എന്നാൽ ആന്റണി പെരുമ്പാവൂർ അന്നും ഇന്നും മോഹൻലാലിനൊപ്പമാണ്. മോഹൻലാലിന്റെ ഡ്രെെവർ ജോലിയിൽ നിന്നും കേരളത്തിലെ അറിയപ്പെടുന്ന സിനിമാ നിർമാതാവായിട്ടും ആന്റണി പെരുമ്പാവൂരിന് മോഹൻലാലിനോടുള്ള സ്നേഹാരാധനയ്ക്ക് ഒട്ടും കുറവ് വന്നിട്ടില്ല.
പൊതുവെ ഉൾവലിഞ്ഞ പ്രകൃതക്കാരനാണ് മോഹൻലാൽ. തുറന്നടിച്ച് സംസാരിക്കാൻ ഇഷ്ടമില്ലാത്തയാൾ. മോഹൻലാലിന്റെ സ്വഭാവ രീതിക്ക് ഒരു കവചമാണ് പലപ്പോഴും ആന്റണി പെരുമ്പാവൂരെന്ന് ആരാധകർ പറയാറുണ്ട്. എളുപ്പത്തിൽ മോഹൻലാലിലേക്കെത്താൻ ഒരു ഫിലിം മേക്കർക്ക് കഴിയില്ല. ആന്റണി പെരുമ്പാവൂർ മുഖേനയേ സാധിക്കൂ എന്നാണ് സിനിമാ ലോകത്തെ സംസാരം.ഇതിന്റെ പേരിൽ വിമർശനവും വന്നിട്ടുണ്ട്. മോഹൻലാലിന്റെ കരിയർ നശിപ്പിക്കുന്നത് ആന്റണി പെരുമ്പാവൂരാണെന്നായിരുന്നു വിമർശനം.
മോഹൻലാലിനെ സംബന്ധിച്ച് ആന്റണി പെരുമ്പാവൂർ തനിക്ക് രക്ഷയായി നിൽക്കാൻ പറ്റുന്നയാളാണ്. കരിയറിലെ ഒരു ഘട്ടത്തിലാണ് ആന്റണി പെരുമ്പാവൂരിന് മോഹൻലാലിന് വേണ്ടപ്പെട്ടയാളാകുന്നത്. ഒരിക്കൽ ഇതേക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് സംസാരിച്ചിട്ടുണ്ട്.
മോഹൻലാൽ ആന്റണി പെരുമ്പാവൂരിന് അമിതമായി സ്വാതന്ത്ര്യം കൊടുത്തത് വെറുതെയല്ല. മോഹൻലാലിനെ ഒരുപാട് പേർ മിസ്യൂസ് ചെയ്തു. ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ഉണ്ണികളെ ഒരു കഥ പറയാം തുടങ്ങി അദ്ദേഹം ആദ്യം പ്രൊഡ്യസ് ചെയ്ത സിനിമകൾ സാമ്പത്തികമായി നഷ്ടമാണ്. എല്ലാ പൈസയും കണ്ടവൻ കൊണ്ട് പോയി.
കോടികളുടെ കടത്തിൽ നിൽക്കുമ്പോൾ മോഹൻലാലിന് സാമ്പത്തിക അച്ചടക്കം ഉണ്ടാക്കിക്കൊടുത്ത് മോഹൻലാലിനെ വിറ്റെടുത്തവനാണ് ആന്റണി. അപ്പോൾ അയാൾ ആന്റണിയെ ആശ്രയിക്കും. അതിൽ തെറ്റ് പറയാനാകില്ലെന്നാണ് ശാന്തിവിള ദിനേശ് ഒരിക്കൽ പറഞ്ഞത്.
മോഹൻലാൽ വിട്ടുവീഴ്ച ചെയ്യും. മോഹൻലാലിനെ പാട്ടിലാക്കാൻ എളുപ്പമാണ്. പക്ഷെ ആന്റണിയെ പറ്റില്ല. ആന്റണി വന്ന ശേഷമാണ് മോഹൻലാൽ സാമ്പത്തികമായി സുരക്ഷിതനായത്. പടം ഇറങ്ങും മുമ്പ് കാശ് മേടിച്ചില്ലെങ്കിൽ മോഹൻലാലിന് ചോദിച്ച് മേടിക്കാൻ അറിയില്ലായിരുന്നെന്ന് ബദറുദീൻ എന്ന പ്രൊഡക്ഷൻ കൺട്രോളറും ഒരിക്കൽ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











