'കഞ്ചാവെന്നും കിളിയെന്നും വിളിച്ച് ആക്ഷേപിച്ചവർ ഷെയ്ന്റെ ഈ ചിന്തയൊക്കെ കണ്ട് പഠിക്കൂ'; പ്രശംസിച്ച് പ്രേക്ഷകർ!
കഴിഞ്ഞ ദിവസമാണ് കേരളത്തെയാകെ ഞെട്ടിച്ച വലിയൊരു ദുരന്തം കൊച്ചിയിൽ ഉണ്ടായത്. കളമശ്ശേരിയിൽ യഹോവായ സാക്ഷികളുടെ കൺവെൻഷൻ നടന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. ഒന്നിലധികം തവണ നടന്ന സ്ഫോടനത്തിൽ തുടരെത്തുടരെ പൊട്ടിത്തെറിയുണ്ടായി.
സ്ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2400ലേറെപ്പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു സ്ഫോടനം എന്നത് എല്ലാവർക്കും ഞെട്ടലാണ് സമ്മാനിച്ചത്. സംഭവം നടന്ന് കുറച്ച് സമയത്തിനുള്ളിൽ പ്രതി ഡൊമിനിക് മാർട്ടിൻ പോലീസിൽ കീഴടങ്ങുകയും ചെയ്തു. കഴിഞ്ഞ ദിവസം മുതൽ കളമശ്ശേരിയിലെ സ്ഫോടനം തന്നെയാണ് വാർത്താമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വളരെ അധികം ചർച്ച ചെയ്യപ്പെടുന്നത്.

നാടിനെ നടുക്കിയ ദുരന്തവുമായി ബന്ധപ്പെട്ട് യുവതാരം ഷെയ്ൻ നിഗം സോഷ്യൽമീഡിയയിൽ ഒരു കുറിപ്പ് പങ്കിട്ടിരുന്നു. പൊതുസമൂഹത്തിൽ ഭീതിയുണ്ടാക്കുന്നതും ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നതുമായ സംഭവ വികാസങ്ങൾ ഉണ്ടാകുമ്പോൾ വിഷയത്തിൽ സെലിബ്രിറ്റികളുടെ കാഴ്ചപ്പാട് അറിയാനുള്ള ആഗ്രഹം ജനങ്ങൾക്കുണ്ടാകാറുണ്ട്.
എന്നാൽ മലയാളത്തിലെ ചുരുക്കം ചില താരങ്ങൾ മാത്രമാണ് കൃത്യമായ നിലപാടുകളും നിർദേശങ്ങളും വ്യക്തമാക്കി എത്താറുള്ളു. അതുകൊണ്ട് തന്നെ യുവതാരമായിരുന്നിട്ട് കൂടിയും സാമൂഹിക പ്രതിബദ്ധതയോടെയുള്ള ഷെയ്നിന്റെ കുറിപ്പിന് വലിയ സ്വീകാര്യത ലഭിച്ചു.
കളമശ്ശേരിയിൽ സംഘടിപ്പിച്ചതുപോലുള്ള ബഹുജനങ്ങൾ സംഘടിക്കുന്ന പരിപാടികൾ നടക്കാൻ പോകുന്നുവെന്ന് അറിയുമ്പോൾ സർക്കാരും അധികൃതരും ചില മാർഗനിർദേശങ്ങൾ പാലിച്ചാൽ അപകടങ്ങളും മരണങ്ങളും ഒരു പരിധിവരെ തടയാൻ ഗുണം ചെയ്യുമെന്നാണ് കുറിപ്പിലൂടെ ഷെയ്ൻ പറഞ്ഞത്. മനസിൽ തോന്നിയ ചില നിർദേശങ്ങൾ ഷെയ്ൻ കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്.
'വീഴ്ചകളിൽ നിന്ന് നമ്മൾ തെറ്റുകൾ മനസിലാക്കി അതിനുള്ള പരിഹാരങ്ങൾ കണ്ടെത്തണം. ഇനിയെങ്കിലും മുന്നോട്ട് നമുക്ക് തെറ്റുകൾ തിരുത്തി പോകേണ്ടതുണ്ട്. ആയതിനാൽ ഇത്തരത്തിലുള്ള ബഹുജനങ്ങൾ സംഘടിക്കുന്ന പരിപാടികൾക്ക് ചില മാർഗനിർദേശങ്ങൾ ഉണ്ടായാൽ നന്നായിരിക്കും. ചില നിർദേശങ്ങളാണ് ചുവടെ... പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ അംഗങ്ങളുടെയും പേരും വിലാസവും രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കണം.'

'വ്യത്യസ്ത ഭാഗങ്ങളിൽ സിസിടിവി നിർബന്ധമായും ഘടിപ്പിക്കണം, സുരക്ഷാ മാനദണ്ഡത്തിന്റെ ഭാഗമായി ഗേറ്റ് മുതൽ സെക്യൂരിറ്റിയും മറ്റ് സുരക്ഷാ പരിശോധനകളും ഏർപ്പെടുത്തണം, കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികളിൽ ഒരു ഡോക്ടർ, നഴ്സ്, ആംബുലൻസ് മറ്റ് ജീവൻരക്ഷാ മാർഗങ്ങൾ ഏർപ്പെടുത്തുക... സന്തോഷവും സാഹോദര്യവും നന്മയും നിറഞ്ഞ നാളെകൾ ഉണ്ടാവട്ടെ', എന്നായിരുന്നു ഷെയ്ന്റെ കുറിപ്പ്.
കുറിപ്പിനൊപ്പം വൺ ലവ് എന്ന ഹാഷ്ടാഗും ഷെയ്ൻ ചേർത്തിരുന്നു. കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ സൂപ്പർ താരങ്ങൾ പോലും കാണിക്കാത്ത സാമൂഹിക പ്രതിബദ്ധത കാണിച്ചതിന് ഷെയ്നിനെ പ്രേക്ഷകർ അടക്കം അഭിനന്ദിച്ചു. മണിക്കൂറുകൾക്കുള്ളിൽ മുന്നൂറിലധികം പേർ പോസ്റ്റ് ഷെയർ ചെയ്തു.
കഞ്ചാവെന്നും കിളിയെന്നും വിളിച്ച് ആക്ഷേപിച്ചർ ഷെയ്ന്റെ ഈ ചിന്തയൊക്കെ കണ്ട് പഠിക്കൂ, ആദ്യമായി ഈ പേജ് തപ്പിപ്പിടിച്ച് ഫോളോ ചെയ്യുന്നു. നൂറുകണക്കിന് സിനിമാ സ്റ്റാറുകൾ ഉണ്ടായിട്ട് നിങ്ങൾക്കൊരാൾക്കാണ് ഇന്ന് ഇങ്ങനെയൊരു പോസ്റ്റ് ഇടാൻ തോന്നിയത്... നന്ദി, ഈ ചെറുപ്പക്കാരന് വിവരമുണ്ട് തുടങ്ങി ഷെയ്നിന്റെ ചിന്തയേയും കാഴ്ചപ്പാടുകളെയും അഭിനന്ദിച്ച് നിരവധി കമന്റുകളാണ് വന്നത്.
സിനിമയിൽ വിലക്ക് അടക്കമുള്ള നടപടികൾ അടുത്ത കാലത്ത് ഷെയ്ൻ നേരിട്ടപ്പോൾ കളിയാക്കിവർ പോലും താരത്തിന്റെ പുതിയ പോസ്റ്റിനെ അഭിനന്ദിച്ച് എത്തി. തങ്ങളുടെ രാഷ്ട്രീയം വെളിപ്പെടുമോ നിലപാടുകൾ പറഞ്ഞാൽ ആർക്കെങ്കിലും അനിഷ്ടം തോന്നുമോ എന്നും കരുതി പൊതുവെ സൂപ്പർ സ്റ്റാറുകൾ പോലും കാഴ്ചപ്പാടുകൾ വ്യക്തമാക്കാൻ തയ്യാറാവാറില്ലാത്ത സാഹചര്യത്തിലാണ് ഷെയ്നിന്റെ കുറിപ്പുകൾക്ക് പ്രസക്തി ഏറുന്നത്.


Click it and Unblock the Notifications