'നീ ചെയ്തത് സാധാരണ കാര്യമല്ല... വലിയൊരു മനസ് വേണം, നീ ഹൃദയം നേടി കഴിഞ്ഞു'; റിയാസ് ഖാന്റെ മകന് പ്രശംസ പ്രവാഹം!
അമ്പത്തിരണ്ടുകാരനായ റിയാസ് ഖാൻ വില്ലനായും സഹനടനായും നായകനായുമെല്ലാം മലയാളത്തിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന അഭിനേതാവാണ്. മലയാള സിനിമയിൽ മാറ്റങ്ങൾ വന്നശേഷം റിയാസ് ഖാനും കഥാപാത്രങ്ങളുടെ കാര്യത്തിൽ ചൂസിയായി. ഫോർട്ട് കൊച്ചിയിൽ ജനിച്ച് വളർന്ന റിയാസ് ഖാൻ തമിഴിലും സജീവമായതോടെ ചെന്നൈയിലാണ് കുടുംബസമേതം താമസം. താരത്തിന്റെ ഭാര്യ ഉമ റിയാസും അഭിനയവും ആങ്കറിങ്ങും യുട്യൂബ് വ്ലോഗിങ്ങുമെല്ലാമായി സജീവമാണ്.
രണ്ട് ആൺമക്കളാണ് റിയാസിന്. മൂത്ത മകൻ ഷാരിഖ് ഹസൻ അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ അരങ്ങേറി കഴിഞ്ഞു. അടുത്തിടെയായിരുന്നു ഷാരിഖിന്റെ വിവാഹം. ബിഗ് ബോസ് തമിഴിലും പങ്കെടുത്തിട്ടുള്ള ഷാരിഖ് മരിയ ജെന്നിഫർ എന്ന പെൺകുട്ടിയെയാണ് വിവാഹം ചെയ്തത്.

ഒരാഴ്ചയോളം നീണ്ടുനിന്ന ആഘോഷമായിരുന്നു ഇരുവരുടേയും വിവാഹം. മരിയയുമായി ഷാരിഖ് ഏറെ കാലമായി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതം കൂടി ലഭിച്ചതോടെ വിവാഹിതരാവുകയായിരുന്നു. ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരം ആഘോഷമായാണ് ഷാരിഖ്-മരിയ വിവാഹം നടന്നത്. മരിയയുടെ രണ്ടാം വിവാഹമാണ് ഷാരിഖുമായി നടന്നത്.
അടുത്തിടെയാണ് ഒരു അഭിമുഖത്തിലാണ് ഷാരിഖുമായി നടന്നത് രണ്ടാം വിവാഹമാണെന്നും ആദ്യ വിവാഹത്തിൽ പത്ത് വയസുള്ള ഒരു മകളുണ്ടെന്നും മരിയ വെളിപ്പെടുത്തിയത്. ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നപ്പോഴുമെല്ലാം റിയാസ് ഖാൻ കൊച്ചുമകളെ പോലെ കൊണ്ടുനടക്കുന്ന പെൺകുട്ടിയാരാണെന്ന സംശയം സോഷ്യൽമീഡിയയ്ക്കുണ്ടായിരുന്നു.
പലരും ഷാരിഖിന്റെ ഏറ്റവും ഇളയ സഹോദരിയാകും ആ കൊച്ചു പെൺകുട്ടിയെന്ന് വരെ കരുതിയിരുന്നു. കാരണം വിവാഹ ചടങ്ങിനുശേഷം മരിയയുടെ മകൾക്ക് ഭക്ഷണം വാരി കൊടുത്തതും ടേക്ക് കെയർ ചെയ്തതുമെല്ലാം റിയാസും ഭാര്യ ഉമയുമായിരുന്നു. ഇപ്പോഴിതാ ദീപാവലി ആശംസിച്ച് ഷാരിഖ് സോഷ്യൽമീഡിയയിൽ പങ്കിട്ട പോസ്റ്റും അതിന് വന്ന കമന്റുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
മാതാപിതാക്കൾക്കും സഹോദരനും ഭാര്യയ്ക്കും അവരുടെ മകൾക്കുമൊപ്പമുള്ള ഒരു കുടുംബ ചിത്രമാണ് ഷാരിഖ് പങ്കിട്ടത്. ഒപ്പം ദീപാവലി ആശംസകൾ എന്നും ഷാരിഖ് കുറിച്ചിരുന്നു. വിവാഹം കഴിഞ്ഞ ശേഷം വരുന്ന ആദ്യ ദീപാവലിയായതുകൊണ്ട് തന്നെ ഷാരിഖിനും മരിയയ്ക്കും ഇത് തല ദീപാവലിയാണ്. ഷാരിഖിന്റെ കുടുംബ ചിത്രം പ്രത്യക്ഷപ്പെട്ടതോടെ താരപുത്രനോട് അതിയായ ബഹുമാനം തോന്നുന്നുവെന്നാണ് കമന്റുകൾ.

ഷാരിഖ് നീ ചെയ്തത് സാധാരണ കാര്യമല്ല... വലിയൊരു മനസ് വേണം. നീ ഞങ്ങളുടെ ഹൃദയം നേടി കഴിഞ്ഞു, വില്ലനല്ല ജീവിതത്തിലെ യഥാർത്ഥ ഹീറോ, നല്ല കുടുംബം എപ്പോഴും സന്തുഷ്ടരായിരിക്കട്ടെ എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. മരിയയും ഷാരിഖും തമ്മിൽ മൂന്ന് വയസ് പ്രായ വ്യത്യസവുമുണ്ട്. രണ്ടാമതൊരു വിവാഹത്തെ കുറിച്ച് ചിന്തിച്ചപ്പോള്‍ തന്നെ എന്റെ മകളെ അംഗീകരിക്കുന്ന ആളായിരിക്കണമെന്ന് മാത്രമെ ഉണ്ടായിരുന്നുള്ളൂ.
എന്നാല്‍ ഷാരിഖ് എന്നെക്കാള്‍ മകളെ കെയര്‍ ചെയ്യുന്നത് കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. ഷാരിഖിന്റെ പാരന്റ്‌സാണെങ്കിലും സ്വന്തം കൊച്ചുമകളെ പോലെയാണ് എന്റെ കുഞ്ഞിനെ കാണുന്നത് എന്നാണ് മരിയ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. അച്ഛൻ എതിർക്കുമോ എന്നായിരുന്നു ഭയം. എന്നാൽ അദ്ദേഹവും സമ്മതിച്ചു എന്നാണ് വിവാഹം കാര്യം വീട്ടിൽ അവതരിപ്പിച്ചപ്പോഴുള്ള പ്രതികരണം വെളിപ്പെടുത്തി ഷാരിഖ് പറഞ്ഞത്.
പെന്‍സില്‍, ഡോണ്‍, ജിഗിരി ദോസ്ത്, നേട്ര് ഇന്ത നേരം തുടങ്ങിയവയാണ് ഷാരിഖ് ഹസന്‍ അഭിനയിച്ച സിനിമകൾ. റിസോര്‍ട്ട് എന്ന സിനിമയിലാണ് ഇപ്പോൾ ഷാരിഖ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 1992ലായിരുന്നു റിയാസ് ഖാനും ഉമയും വിവാഹിതരായത്. ഷാരിഖിനെ കൂടാതെ സമർഥ് എന്ന മകനും ദമ്പതികൾക്കുണ്ട്.


Click it and Unblock the Notifications











