മീരയാണെന്ന് പറഞ്ഞത് നന്നായി, മമ്മൂട്ടിക്ക് ശേഷം മീരയാണ് അത്ഭുതപ്പെടുത്തിയത്, 41ആയെന്ന് വിശ്വസിക്കാനാവുന്നില്ല!
മലയാള സിനിമ ഇൻഡസ്ട്രിയിൽ ഒരു കാലത്ത് അഭിനയം കൊണ്ട് വിസ്മയിപ്പിച്ച നടിയായിരുന്നു മീര ജാസ്മിൻ. കസ്തൂരിമാൻ, പാഠം ഒന്ന് ഒരു വിലാപം, പെരുമഴക്കാലം, സ്വപനക്കൂട്, അച്ചുവിന്റെ അമ്മ, ഗ്രാമഫോൺ, ഒരേ കടൽ, കൽക്കട്ട ന്യൂസ്, വിനോദയാത്ര അങ്ങനെ ഒരുപിടി നല്ല സിനിമകൾ മീര കൂടി ഭാഗമായപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചു. അന്നും ഇന്നും എന്നും മീരയെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആരാധകർ മലയാളത്തിലുണ്ട്. ഒരുപാട് കഴിവുകളുള്ള നടിയാണ് മീര ജാസ്മിൻ. കരിയറിന്റെ തുടക്കത്തിൽ തന്നെ ദേശീയ അവാർഡ് നേട്ടം, തുടരെ തുടരെ മികച്ച ചിത്രങ്ങൾ.
മമ്മൂട്ടിയും മോഹൻലാലും വിജയും അജിത്തും ഉൾപ്പെട്ട മലയാളത്തിലെയും തമിഴിലെയുമെല്ലാം മുൻനിരതാരങ്ങളുടെ നായികയായി വേഷങ്ങൾ എന്നിവയെല്ലാം മീരയ്ക്ക് ലഭിച്ചു. കഥാപാത്രങ്ങൾ എടുത്തുനോക്കിയാൽ പാഠം ഒന്ന് ഒരു വിലാപം, ഒരേ കടൽ പോലെയുള്ളവയിൽ മികച്ച സ്ത്രീകഥാപാത്രങ്ങളാണ് മീര ചെയ്തത്.

അതുപോലെ മലയാളത്തിലെ ഏറ്റവും അണ്ടറേറ്റഡായ നടിമാരുടെ ലിസ്റ്റ് എടുത്താൽ അതിൽ ആദ്യം വരുന്ന പേരുകളിൽ ഒന്ന് മീരാ ജാസ്മിന്റേതായിരിക്കും. അന്യഭാഷകളിലേക്കുള്ള ചുവടുമാറ്റം, വിവാഹം ഇവയൊക്കെ നടിയുടെ മലയാളത്തിലെ മുൻനിര നായിക എന്ന പദവിയെ ബാധിച്ചുവെന്ന് വേണം കരുതാൻ.
മലയാള നടിമാരോട് എന്തെങ്കിലും കാര്യത്തെപ്പറ്റി അഭിപ്രായം ചോദിച്ചാൽ അവിടെയും ഇവിടെയും തൊടാതെ മറുപടി പറഞ്ഞിരുന്ന കാലത്ത് എല്ലാത്തിനും കൃത്യവും വ്യക്തവുമായ മറുപടി നൽകിയിരുന്ന ഏക നടിയും മീര മാത്രമായിരുന്നു. കോമഡിയും സീരിയസ് വേഷങ്ങളും ഒരേപോലെ അനായാസമായി കൈകാര്യം ചെയ്ത നടിമാർ കുറവാണ്. അതിലൊരാൾ കൂടിയാണ് മീര. തിരുവല്ലക്കാരിയായ മീര ഏറ്റവും അവസാനം ചെയ്ത മലയാള സിനിമ മകളാണ്.
നടിയുടെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ ക്വീൻ എലിസബത്താണ്. നരേനാണ് ചിത്രത്തിൽ നായകൻ. എം.പത്മകുമാറാണ് സംവിധാനം ചെയ്ത ചിത്രത്തില്‍ മീര ജാസ്മിനും നരേനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കർക്കശക്കാരിയായ ബോസിന്‍റെയും അവരെ പ്രണയിക്കുന്ന ഒരു യുവാവിന്‍റെയും കഥയാണ് ക്വീൻ എലിസബത്ത് എന്ന ചിത്രത്തിന്‍റെ പ്രമേയം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ബ്ലൂ മൗണ്ട് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം.പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മീര കേരളത്തിലുണ്ട്.

ഇപ്പോഴിതാ മീര ജാസ്മിനും പേളി മാണിയും ഒരുമിച്ചുള്ള ഒരു റീൽ വീഡിയോയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. സിനിമയുടെ പ്രമോഷനായി മീരയും പേളി മാണിയും തമ്മിലൊരു അഭിമുഖം നടന്നിരുന്നു. ആ വീഡിയോ ക്രിസ്മസിനോട് അനുബന്ധിച്ച് പേളിയുടെ യുട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്യും.
മീരയുടെ ഹിറ്റ് ചിത്രമായ അച്ചുവിന്റെ അമ്മയിലെ വൈറൽ കോമഡി സീനാണ് പേളിയും മീരയും ചേർന്ന് റിക്രിയേറ്റ് ചെയ്തത്. വീഡിയോ അതിവേഗത്തിൽ വൈറലായി. പേളിക്കൊപ്പമുള്ള മീരയുടെ വീഡിയോ കണ്ട് പേളിയേക്കാൾ ചെറുപ്പം മീരയ്ക്ക് തോന്നുന്നുവെന്നാണ് ആരാധകർ കുറിച്ചത്. മീരയാണെന്ന് പേളി കുറിച്ചില്ലായിരുന്നുവെങ്കിൽ ശ്രദ്ധിക്കില്ലായിരുന്നുവെന്നും മീര അതീവ സുന്ദരിയായിട്ടുണ്ടെന്നും കമന്റുകളുണ്ട്.
മീരയാണെന്ന് പറഞ്ഞത് നന്നായി..., മമ്മൂട്ടിക്ക് ശേഷം മീരയാണ് അത്ഭുതപ്പെടുത്തിയത്, 41 ആയിയെന്ന് വിശ്വസിക്കാനാവുന്നില്ല എന്നെല്ലാം കമന്റുകളുണ്ട്. കറുത്ത സ്കിന്നി പാന്റും ഓവർ സൈസ്ഡ് ഷർട്ടും ബൂട്ടും ധരിച്ച് സൈലിഷ് ലുക്കിലാണ് മീര എത്തിയത്. അടുത്തിടെയായി ശരീര ഭാരം കുറച്ച് സ്റ്റൈലിഷ് ലുക്കിൽ ബോളിവുഡ് നടിമാരെ വെല്ലുന്ന തരത്തിലാണ് മീര ഫോട്ടോഷൂട്ടിലും പൊതുപരിപാടികളിലും പ്രത്യക്ഷപ്പെടാറുള്ളത്.


Click it and Unblock the Notifications











