ശശി മാറ്റി സോമനാക്കിയത് പോലെ, വളരെ മോശം തീരുമാനം, ജയം രവിയാണ് എന്നും മികച്ചത്; എതിർപ്പ് അറിയിച്ച് ആരാധകർ
സിനിമയിൽ എത്തിയശേഷം പുതിയ പേര് സ്വീകരിക്കുന്നതും പേരിൽ ന്യൂമറോളജി അനുസരിച്ച് മാറ്റം വരുത്തുന്നതുമെല്ലാം സെലിബ്രിറ്റികൾക്കിടയിൽ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. ലെന, ദിലീപ് അടക്കം തെന്നിന്ത്യയിലേയും മലയാളത്തിലേയും നിരവധി താരങ്ങൾ ഭാഗ്യം വരാൻ വേണ്ടി പേരിൽ പുതിയ ലെറ്ററുകൾ ചേർക്കുകയും മാറ്റം വരുത്തുകയുമെല്ലാം ചെയ്തിട്ടുണ്ട്. നടിമാർ പൊതുവെ നായിക വേഷങ്ങൾ ചെയ്ത് തുടങ്ങുമ്പോൾ അട്രാക്ടീവും വ്യത്യസ്തവുമായ പുതിയ പേരുകൾ സ്വീകരിക്കുകയും ചെയ്യും.
ഭാവന, ഗോപിക, നയൻതാര തുടങ്ങിയവരെല്ലാം സിനിമയിലെത്തിയശേഷം പുതിയ പേര് സ്വീകരിച്ചവരാണ്. അതുപോലെ തന്നെ സ്ക്രീനിൽ ചെയ്ത ചില കഥാപാത്രങ്ങളുടെ പേര് കൂടി ചേർത്ത് അറിയപ്പെടുന്ന താരങ്ങളും ഇന്ത്യൻ സിനിമയിലുണ്ട്. മണിയൻപിള്ള രാജു, ഇടുവേള ബാബു, അപ്പാനി ശരത്ത്, ചിയാൻ വിക്രം തുടങ്ങിയവർ അക്കൂട്ടത്തിൽ ചിലരാണ്.

അത്തരത്തിൽ ആദ്യമായി നായക വേഷം ചെയ്ത സിനിമയുടെ പേര് സ്വന്തം പേരിനൊപ്പം ചേർക്കപ്പെട്ട നടനാണ് ജയം രവി. ജയം ആയിരുന്നു നടന്റെ ആദ്യ സിനിമ. ആ സിനിമയുടെ റിലീസിനുശേഷമാണ് താരം ജയം രവി എന്ന് അറിയപ്പെട്ട് തുടങ്ങിയത്. രവി എന്ന് തന്നെയായിരുന്നു ചിത്രത്തിലെ നടന്റെ കഥാപാത്രത്തിന്റെ പേരും. ലോക സിനിമയിൽ തന്നെ ഒരു ജയം രവി മാത്രമെയുള്ളു. ആളുകളുടെ മനസിൽ പതിഞ്ഞുപോയ പേര് ഇപ്പോൾ മാറ്റിയിരിക്കുകയാണ് നടൻ.
തന്നെ ഇനി മുതൽ ജയം രവിയെന്ന് വിളിക്കരുതെന്ന് പുതിയ സോഷ്യൽമീഡിയ പോസ്റ്റിലൂടെ നടൻ അറിയിച്ചു. നടന്‍ ജയം രവി പേര് മാറ്റി രവി മോഹന്‍ എന്നാക്കി. എക്സിലൂടെയാണ് ഇക്കാര്യം നടൻ ആരാധകരെ അറിയിച്ചത്. പ്രിയപ്പെട്ട ആരാധകരേ, സുഹൃത്തുക്കളേ, മാധ്യമ പ്രവര്‍ത്തകരേ, പൊതുജനങ്ങളേ, പ്രതീക്ഷയും അനന്തമായ സാധ്യതകളും നിറഞ്ഞ ഒരു പുതുവര്‍ഷത്തിലേക്ക് നാം ചുവടുവെക്കുമ്പോള്‍... എന്റെ യാത്രയിലെ ഒരു പുതിയ അധ്യായത്തെ അടയാളപ്പെടുത്തുന്ന ഒരു തീരുമാനം ഞാന്‍ ആവേശത്തോടെ പങ്കുവെക്കുകയാണ്.
സിനിമ എല്ലായ്‌പ്പോഴും എന്റെ ഏറ്റവും വലിയ അഭിനിവേശവും എന്റെ കരിയറിന്റെ അടിത്തറയുമാണ്. ഇന്ന് ഞാന്‍ ആരാണെന്നത് രൂപപ്പെടുത്തിയ ലോകമാണ് സിനിമ. എന്റെ യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ സിനിമയും നിങ്ങളും എനിക്ക് നല്‍കിയ അവസരങ്ങള്‍ക്കും സ്‌നേഹത്തിനും പിന്തുണയ്ക്കും ഞാന്‍ വളരെയധികം നന്ദിയുള്ളവനാണ്. എനിക്ക് ജീവിതവും സ്‌നേഹവും ലക്ഷ്യവും നല്‍കിയ വ്യവസായത്തിന് എന്റെ പിന്തുണ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഈ ദിവസം മുതല്‍ എന്റെ വ്യക്തിപരവും തൊഴില്‍പരവുമായ ലക്ഷ്യങ്ങളുമായി ആഴത്തില്‍ പ്രതിധ്വനിക്കുന്ന രവി/രവി മോഹന്‍ എന്ന പേരിലാണ് ഞാന്‍ അറിയപ്പെടുക. ഈ പുതിയ അധ്യായത്തിലേക്ക് ഞാന്‍ നീങ്ങുമ്പോള്‍ എന്റെ വ്യക്തിത്വത്തെ എന്റെ കാഴ്ചപ്പാടുകളുമായും മൂല്യങ്ങളുമായും സംയോജിപ്പിച്ച് എന്നെ ഈ പേരില്‍ അഭിസംബോധന ചെയ്യാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

ഇന്ന് മുതല്‍ ജയം രവി എന്ന് ഞാന്‍ അറിയപ്പെടില്ല. ഇത് എന്റെ വ്യക്തിപരമായ കുറിപ്പും വിനീതമായ അഭ്യര്‍ത്ഥനയുമാണ്. സിനിമയോടുള്ള എന്റെ അചഞ്ചലമായ അഭിനിവേശം പിന്തുടരുന്നതിനായി ലോകമെമ്പാടുമുള്ള പ്രേക്ഷകരെ പ്രചോദിപ്പിക്കുകയും ആകര്‍ഷിക്കുകയും പ്രതിധ്വനിപ്പിക്കുകയും ചെയ്യുന്ന ആകര്‍ഷകമായ ആഖ്യാനങ്ങള്‍ കണ്ടെത്തുന്നതിനും വിജയിക്കുന്നതിനുമായി സമര്‍പ്പിച്ചിരിക്കുന്ന രവി മോഹന്‍ സ്റ്റുഡിയോസ് എന്ന നിര്‍മാണ സ്ഥാപനത്തിന്റെ സമാരംഭം പ്രഖ്യാപിക്കുന്നതിലും ഞാന്‍ സന്തുഷ്ടനാണ്.
വളര്‍ന്നുവരുന്ന പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും ആഴമേറിയതും അര്‍ത്ഥവത്തായതുമായ കഥകള്‍ സിനിമയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള എന്റെ പ്രതിബദ്ധതയെ ഈ സംരംഭം പ്രതിനിധീകരിക്കുന്നു എന്നായിരുന്നു നടന്റെ കുറിപ്പ്. പക്ഷെ താരം പേര് മാറ്റിയതിനോട് ആരാധകർക്ക് വിയോജിപ്പാണ്. ജയം രവിക്കുള്ള ഭംഗി രവി മോഹനില്ലെന്നാണ് ആരാധകരുടെ പക്ഷം.
ചില രസകരമായ കമന്റുകളും നടന്റെ പുതിയ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശശി എന്ന പേര് ഗസറ്റിൽ കൊടുത്ത് മാറ്റി സോമനാക്കിയത് പോലെ, വളരെ മോശം തീരുമാനം, ജയം രവിയാണ് എന്നും മികച്ചത് എന്നിങ്ങനെയാണ് ആരാധകരിൽ ഒരു വിഭാഗത്തിന്റെ കമന്റുകൾ. എന്നാൽ മറ്റൊരു വിഭാഗം പ്രേക്ഷകർക്ക് നടന്റെ തീരുമാനം ഇഷ്ടപ്പെടുകയും ചെയ്തു.


Click it and Unblock the Notifications