'കല്യാണത്തിന് മുമ്പ് ബെഡ്റൂമായിരുന്നു പ്രിയപ്പെട്ട സ്ഥലം, കോമഡി ഓവറായി, അർജുന് സൗഭാഗ്യയോട് ഇഷ്ടക്കേടുണ്ടോ?'
സോഷ്യൽ മീഡിയയിലെ വൈറൽ കപ്പിളാണ് അർജുൻ സോമശേഖറും സൗഭാഗ്യ വെങ്കിടേഷും. ജീവിതത്തിലെ ഓരോ സന്തോഷവും ദുഖവുമൊക്കെ ഇരുവരും തങ്ങളുടെ പ്രേക്ഷകരെെ അറിയിക്കാറുണ്ട്. യുട്യൂബ് വീഡിയോയിലാണ് എപ്പോഴും ഇരുവരും പ്രത്യക്ഷപ്പെടുന്നത്. സൗഭാഗ്യയാണ് വീഡിയോയുമായി യുട്യൂബിൽ സജീവമായി നിൽക്കുന്നത്. സൗഭാഗ്യയുടെ ലൈഫ് സ്റ്റൈൽ വ്ലോഗുകൾക്ക് ആരാധകർ ഏറെയുണ്ട്. ഇരുവർക്കും സുദർശന എന്ന് പേരുള്ള മൂന്ന് വയസുകാരിയായ ഒരു മകളുണ്ട്.
നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ നൃത്തത്തിലും അമ്മയെപ്പോലെ തന്നെ പ്രാവീണ്യമുള്ളയാളാണ്. താര കല്യാൺ സീരിയൽ അഭിനയവുമായി സജീവമായതോടെ സൗഭാഗ്യയാണ് താരയുടെ നൃത്ത വിദ്യാലയം നടത്തുന്നത്. അർജുനും നൃത്തത്തിൽ കമ്പമുള്ളയാളാണ്. ഏറെക്കാലം താര കല്യാണിന്റെ ശിഷ്യനുമായിരുന്നു. അതുകൊണ്ട് തന്നെ ചെറിയ പ്രായം മുതൽ സൗഭാഗ്യയെ അർജുന് അറിയാം.

നാല് വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ചക്കപ്പഴം എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്ക് ചുവടുവെച്ച അർജുന് നിരവധി ആരാധകരുണ്ട്. ഡിഗ്രി കഴിഞ്ഞ് ടെക്നോപാർക്കിലെ ജോലിയുണ്ടായിരുന്നതും ഉപേക്ഷിച്ചാണ് ടാറ്റൂ ആർട്ടിസ്റ്റായും നർത്തകനായും അർജുൻ മാറിയത്. മകളുടെ വരവിനുശേഷം അർജുന്റെയും സൗഭാഗ്യയുടേയും ലോകം അവൾക്ക് ചുറ്റുമാണ്.
അർജുനേയും സൗഭാഗ്യയേയും പോലെ തന്നെ ജനിച്ചപ്പോൾ മുതൽ ഒരു കുട്ടി സെലിബ്രിറ്റിയാണ് സുദർശനയും. ഇപ്പോഴിതാ അടുത്തിടെ മാറ്റിനി ലൈവ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇരുവരും പറഞ്ഞ ചില രസകരമായ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. സൗഭാഗ്യ എന്ത് തന്നെ പറഞ്ഞാലും അതിനെയെല്ലാം കൗണ്ടറുകൾകൊണ്ട് വെട്ടാനുള്ള കഴിവ് അർജുനുണ്ട്. ഇതേ സരസമായ സംസാരം തന്നെയായിരുന്നു ചക്കപ്പഴത്തിൽ അർജുന്.
അതുകൊണ്ട് കൂടിയാണ് ചക്കപ്പഴത്തിലെ പി.സി ശിവൻ എന്ന കഥാപാത്രം ക്ലിക്കായതും. അർജുന് വീട്ടിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമേതാണെന്നായിരുന്നു അഭിമുഖത്തിലെ ഒരു സെഗ്മെന്റിൽ അവതാരക സൗഭാഗ്യയോട് ചോദിച്ചത്. ബെഡ്റൂം എന്നായിരുന്നു സൗഭാഗ്യയുടെ മറുപടി. ഉടനടി അർജുന്റെ കൗണ്ടറെത്തി... പണ്ടായിരുന്നുവെങ്കിൽ ശരിയായിരുന്നു. കാരണം സൗഭാഗ്യയെ കല്യാണം കഴിക്കുന്നതിന് മുമ്പ് വരെ എനിക്ക് ഇഷ്ടപ്പെട്ട സ്പേസ് ബെഡ്റൂമായിരുന്നു.
ഇപ്പോൾ ബെഡ്റൂം കാണുന്നത് തന്നെ എനിക്കിഷ്ടമല്ലെന്നാണ് അർജുൻ പറഞ്ഞത്. ഭർത്താവിന്റെ കൗണ്ടർ കേട്ട് സൗഭാഗ്യ മിണ്ടാതിരുന്നില്ല. അതുകൊണ്ടാണ് താൻ സെപ്പറേറ്റ് റൂം എടുത്ത് വെച്ചിരിക്കുന്നതെന്നാണ് സൗഭാഗ്യ പറഞ്ഞത്. ഞങ്ങൾക്ക് രണ്ടുപേർക്കും സെപ്പറേറ്റ് റൂമുകളുണ്ട്. ചേട്ടന് ചേട്ടന്റേതായതും എനിക്ക് എന്റേതുമായ റൂമുണ്ട്.

കൂടാതെ ഞങ്ങൾക്ക് രണ്ടുപേർക്കും കൂടി ഒരു റൂമുമുണ്ട്. അർജുൻ ചേട്ടന്റെ ഇത്തരം വർത്തമാനം കേൾക്കുമ്പോൾ അപ്പോൾ തന്നെ ഞാൻ എന്റെ റൂമിൽ പോകുമെന്നും സൗഭാഗ്യ തമാശയായി പറഞ്ഞു. ഇരുവരുടെയും സരസമായ സംസാരമായും ടോം ആന്റ് ജെറി കോമ്പോയും ആരാധകർക്ക് ഇഷ്ടമാണെങ്കിലും ഈ അഭിമുഖം പുറത്ത് വന്നശേഷം അർജുനെ വിമർശിച്ച് ചിലർ എത്തി.
സൗഭാഗ്യ വളരെ പാവമാണെന്നും എന്നാൽ അർജുന്റെ സംസാരത്തിൽ അഹങ്കാരം തോന്നുന്നുവെന്നാണ് ഒരാൾ കമന്റ് ചെയ്തത്. അർജുന്റെ മറുപടി കേട്ട് സൗഭാഗ്യയുടെ മുഖം വാടി. കോമഡി ഓവറായി പോയോന്ന് ഒരു സംശയം, അപമാനിക്കുന്ന തരത്തിലുള്ളതാണ് അർജുൻ പറഞ്ഞ മറുപടി. ഒരിക്കലും നിങ്ങളുടെ ഭാര്യയെ ഇങ്ങനെ അപമാനിക്കരുത്, മുമ്പും ഇവരുടെ രണ്ട് പേരുടെയും ഇന്റർവ്യു കണ്ടിട്ടുള്ളതാണ്.
അർജുന് ഇപ്പോൾ സൗഭാഗ്യയോട് എന്തോ ഇഷ്ടക്കേട് ഉള്ളതുപോലെ. മുമ്പ് അർജുൻ കോമഡി പറയുമെങ്കിലും സൗഭാഗ്യയെ അപമാനിക്കുന്ന തരത്തിൽ പറയാറില്ലായിരുന്നുവെന്നെല്ലാം കമന്റുകളുണ്ട്. കൊറോണ കാലത്ത് അർജുന് അച്ഛനേയും അമ്മയേയും ചേട്ടത്തിയമ്മയേയും നഷ്ടപ്പെട്ടിരുന്നു. അർജുന്റെ ചേട്ടനും കുട്ടികളും ഇവർക്കൊപ്പം തന്നെയാണ് താമസം.


Click it and Unblock the Notifications