'മറിയം ദുൽഖറിനെപ്പോലെ...'; വളരെ നാളുകൾക്ക് ശേഷം ദുൽഖറിനൊപ്പം താരമായി കുഞ്ഞിക്കയുടെ രാജകുമാരി!
മലയാളത്തിൽ നിന്നും അന്യഭാഷയിലേക്ക് പോയി അവിടേയും ആരാധകരെ സൃഷ്ടിച്ചെടുക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. മലയാളത്തിൽ മമ്മൂട്ടി അടക്കമുള്ള താരങ്ങൾ തമിഴ്, തെലുങ്ക് അടക്കമുള്ള അന്യഭാഷകളിൽ സിനിമ ചെയ്തിട്ടുണ്ടെങ്കിലും അന്തമായ ആരാധനയുമായി സിനിമാ പ്രേമികൾ ഇവർക്ക് പിന്നാലെ എത്താറില്ല. എന്നാൽ മലയാളത്തിൽ നിന്നും തമിഴിലേക്കും തെലുങ്കിലേക്കും അവിടെ നിന്ന് ബോളിവുഡിലേക്കും പോയി ലക്ഷക്കണക്കിന് ആരാധകരെ സമ്പാദിച്ച് ക്രൗഡ് പുള്ളറായി മാറിയ നടനാണ് ദുൽഖർ സൽമാൻ.
മമ്മൂട്ടിയുടെ മകൻ എന്ന ടാഗുണ്ടെങ്കിൽ കൂടിയും ഇന്ന് ദുൽഖർ അനുഭവിക്കുന്ന സ്റ്റാർഡം അദ്ദേഹം സ്വന്തമായി നേടിയെടുത്ത ഒന്ന് തന്നെയാണ് എന്നതിൽ തർക്കമില്ല. മകൻ വന്ന് അഭിനയിച്ച് നശിപ്പിച്ച് മമ്മൂക്കയ്ക്ക് ചീത്തപ്പേരുണ്ടാക്കുമെന്ന കളിയാക്കലുകൾ കേട്ടുകൊണ്ടാണ് ദുൽഖർ അഭിനയത്തിൽ വളർന്ന് വന്നത്.

മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ മാർക്കറ്റ് വാല്യുവുള്ള നടനാണ് ദുൽഖർ സൽമാൻ. എത്ര വലിയ താരമാണെങ്കിലും പിതാവ് മമ്മൂട്ടിയെപ്പോലെ തന്നെ ഒരു ഫാമിലി മാനാണ് ദുൽഖറും. എവിടെ ഷൂട്ടുണ്ടെങ്കിലും അത് വേഗം പൂർത്തിയാക്കി കുടുംബത്തിലേക്ക് തിരികെ വരുന്നതിലാണ് ദുൽഖറിന്റെ സന്തോഷം. മമ്മൂട്ടി ദുൽഖറിനെപ്പോലെ ഒരു ഫാമിലി മാനാണെന്ന കാര്യം അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ദുൽഖറുമെല്ലാം പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ദുൽഖറിനെപ്പോലെ തന്നെ വളരെ ചെറുപ്പം മുതൽ ഏക മകൾ മറിയം അമീറ സൽമാനും താരമാണ്. താര കുടുംബത്തിൽ പിറന്നതുകൊണ്ട് തന്നെ മറിയത്തിന് നിരവധി ആരാധകരുണ്ട്. മറിയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുമ്പോൾ തന്നെ വൈറലായി മാറാറുണ്ട്. വളരെ വിരളമായി മാത്രമാണ് ദുൽഖർ കുടുംബ സമേതം കാമറയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാറുള്ളു. ഒട്ടുമിക്ക പരിപാടികൾക്കും ദുൽഖർ വരുമ്പോൾ ഭാര്യ അമാൽ മാത്രമെ ഒപ്പമുണ്ടാകാറുള്ളു.
അടുത്തിടെ റോഷാക്കിന്റെ സക്സസ് സെലിബ്രേഷൻ പരിപാടിയിൽ മമ്മൂട്ടി കുടുംബസമേതം പങ്കെടുത്തുവെങ്കിലും മറിയം മാത്രം ഉണ്ടായിരുന്നില്ല. ഇപ്പോഴിത ഒരു വിവാഹത്തിൽ പങ്കെടുക്കാൻ സകുടുംബം മമ്മൂട്ടി എത്തിയതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
മൂത്തമകൾ സുറുമിയും ഭർത്താവും മക്കളും ദുൽഖറിനും അമാലിനും മകൾ മറിയത്തുനൊപ്പമുണ്ടായിരുന്നു. കുടുംബം ഒന്നാകെ വധൂവരന്മാർക്കൊപ്പം നിന്ന് ഫോട്ടോ പകർത്തുന്നതിന്റെ ദൃശ്യങ്ങളും വൈറലാണ്. മെഗാസ്റ്റാറിന്റെ ഫാമിലി വളരെ നാളുകൾക്ക് ശേഷം കാമറയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ താരമായത് ദുൽഖറിന്റെ മകൾ മറിയമാണ്.

എല്ലാവരും ശ്രദ്ധിച്ചതും ദുൽഖറിന്റെ രാജകുമാരിയെയാണ്. നേവി ബ്ലു നിറത്തിലുള്ള ഉടുപ്പം പിങ്ക് കളർ കണ്ണടയും ധരിച്ച് ക്യൂട്ടായാണ് മറിയം എത്തിയത്. കൊച്ചുമകളുടെ വസ്ത്രത്തോട് ചേരുന്നത് പോലെ നേവി ബ്ലു ഷർട്ടും പാന്റുമായിരുന്നു മമ്മൂട്ടിയുടെ വേഷം. ആറ് വയസുകാരി മറിയത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി.
വലുതാകുന്തോറും മറിയത്തിന് ദുൽഖറിന്റെ ഛായ വരുന്നുവെന്ന് ചിലർ കുറിച്ചപ്പോൾ മറിയത്തെ കാണാൻ മമ്മൂക്കയെപ്പോലെയാണെന്നാണ് മറ്റ് ചില ആരാധകർ കുറിച്ചത്. 2017ലാണ് ദുൽഖറിനും അമാലിനും മകൾ മറിയം പിറന്നത്. മമ്മൂട്ടിക്ക് ഏറെ പ്രിയപ്പെട്ട കൊച്ചുമകളാണ് മറിയം.
മകന് പിറന്നാൾ ആശംസകൾ നേർന്ന് പോസ്റ്റിട്ടില്ലെങ്കിലും കൊച്ചുമകളുടെ പിറന്നാൾ മമ്മൂട്ടി മറക്കാറില്ല. എന്റെ രാജകുമാരിയ്ക്ക് പിറന്നാൾ ആശംസകൾ. നീ അത്ഭുതമാണ്, സന്തോഷമാണ്, സ്നേഹമാണ്. രണ്ട് കാലുകളിൽ നടക്കുന്ന എന്റെ ഹൃദയമാണ് നീ. നിന്റെ സ്വപ്നങ്ങളെല്ലാം യാഥാർത്ഥ്യമാകട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കാറുണ്ട്.
നക്ഷത്രങ്ങളെ നിനക്ക് തൊടാൻ സാധിക്കുന്നത് വരെ ഞാൻ നിന്നെ ഉയർത്തും. പക്ഷെ നിന്നെ നല്ലവണ്ണം അറിയാവുന്നതുകൊണ്ട് തന്നെ എനിക്കറിയാം അത് ഒറ്റയ്ക്ക് ചെയ്യാനായിരിക്കും നീ ആഗ്രഹിക്കുക. നിന്റേതായ രീതിയിൽ കൃത്യതയോടെ..... എന്റെ കുഞ്ഞിന് പിറന്നാൾ ആശംസകൾ. ഞങ്ങൾ നിന്നെ ഒരുപാട് സ്നേഹിക്കുന്നു എന്നാണ് മകൾക്ക് പിറന്നാൾ ആശംസിച്ച് അടുത്തിടെ ദുൽഖർ കുറിച്ചത്.


Click it and Unblock the Notifications