'ഗോസിപ്പുകൾ പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടി ഇങ്ങനേയും'; ദീപാവലി ദിനത്തിൽ കുടുംബചിത്രവുമായി ശിവകാർത്തികേയൻ!
തമിഴ് താരം ശിവകാർത്തികേയനെതിരെ സംഗീത സംവിധായകൻ ഡി ഇമ്മൻ അടുത്തിടെ ചില ആരോപണങ്ങൾ ഉന്നയിച്ചത് വലിയ രീതിയിൽ ചർച്ചയായിരുന്നു. ശിവകാർത്തികേയനൊപ്പം താൻ ഇനി പ്രവർത്തിക്കില്ലയെന്നും തമിഴ് നടൻ തന്നെ ചതിച്ചുയെന്നുമാണ് അടുത്തിടെ ഡി ഇമ്മൻ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ശിവകാർത്തികേയന്റെ കരിയറിന്റെ തുടക്കത്തിലെ ചിത്രങ്ങളായ വരത്തപ്പെടാത്ത വാലിബർ സംഘം, രജിനി മുരുകൻ, നമ്മ വീട്ടു പിള്ളയ് എന്ന് സിനിമകൾക്ക് സംഗീതം ഒരുക്കിയിരുന്നത് ഡി ഇമ്മനായിരുന്നു.
ശിവകാർത്തികേയനൊപ്പം വീണ്ടും ഒരുമിച്ച് പ്രവർത്തിക്കുമോ എന്ന ചോദ്യത്തിനാണ് ഡി ഇമ്മൻ ശിവകാർത്തികേയനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. ശിവകാർത്തികേയൻ തന്നോട് വഞ്ചന കാട്ടിയെന്നും ഈ ജന്മത്തിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കില്ലെന്നും അക്കാര്യം തുറന്ന് പറഞ്ഞാൽ വരും തലമുറയിലെ കുട്ടികളുടെ ഭാവിയെ വരെ ബാധിക്കുമെന്നും ഡി ഇമ്മാൻ അഭിമുഖത്തിൽ പറഞ്ഞു.

ശിവകാർത്തികേയനും ഡി ഇമ്മന്റെ മുൻ ഭാര്യ മോണിക്ക റിച്ചാർഡും തമ്മിലുള്ള വിവാഹേതര ബന്ധത്തെ കുറിച്ചുള്ള ഗോസിപ്പുകളും ഡി ഇമ്മന്റെ വെളിപ്പെടുത്തലിന് ശേഷം വലിയ രീതിയിൽ ചർച്ചയായിരുന്നു. 2021ലാണ് ആദ്യ ഭാര്യ മോണിക്കയും ഇമ്മനും വിവാഹമോചിതരായത്. ഡി ഇമ്മന്റെ വെളിപ്പെടുത്തലുകൾ ചർച്ചയായതോടെ മോണിക്കയും പ്രതികരിച്ച് എത്തിയിരുന്നു.
ശിവകാർത്തികേയനെതിരെ സംഗീത സംവിധായകൻ ഡി ഇമ്മൻ നടത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നാണ് ഇമ്മാന്റെ മുൻഭാര്യ മോണിക്ക റിച്ചാർഡ് പറഞ്ഞത്. അദ്ദേഹത്തിന് ഇപ്പോൾ പറയാൻ പ്രോജക്ടുകൾ ഒന്നുമില്ല അതുകൊണ്ട് വെറും പബ്ലിസിറ്റിക്ക് വേണ്ടി ശിവകാർത്തികേയനെ ഇരയാക്കുകയാണെന്നാണ് മോണിക്ക പറഞ്ഞത്.
ഇത്തരം വിവാദങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് ചിന്തിക്കാതെയാണ് ഇമ്മാൻ ആരോപിക്കുന്നതെന്നും മോണിക്ക ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത്രയേറെ ഭൂകമ്പം തന്റെ പേരിലുണ്ടായപ്പോഴും ശിവകാർത്തികേയൻ ഒന്നിനോടും പ്രതികരിക്കാതെ മൗനം പാലിക്കുകയായിരുന്നു. ഇപ്പോഴിതാ തന്നെ കുറിച്ച് വന്ന ഗോസിപ്പുകൾക്കുള്ള പ്രതികരണമെന്നോണം ദീപാവലി ദിനത്തിൽ കുടുംബചിത്രം പങ്കുവെച്ചിരിക്കുകയാണ് ശിവകാർത്തികേയൻ.
ചിത്രത്തിൽ മകൻ ഗുഗൻ ദാസ്, മകൾ ആരാധന, ഭാര്യ ആരതി എന്നിവരോടൊപ്പം ശിവകാർത്തികേയൻ തന്റെ വീട്ടിൽ നിന്ന് പോസ് ചെയ്യുന്നത് കാണാം. എസ്കെയുടെയും കുടുംബത്തിന്റെയും വക എല്ലാവർക്കും ദീപാവലി ആശംസകൾ എന്നാണ് അദ്ദേഹം ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്. ഇത് ചിലരെ പ്രകോപിപ്പിച്ചിട്ടുണ്ട്.

ശിവകാർത്തികേയനെ ഒന്നുമല്ലാതാക്കാൻ ഒരു ടീമായി പ്രവർത്തിച്ചവർക്ക് തിരിച്ചടിയാണ് ശിവകാർത്തികേയന്റെ കുടുംബചിത്രമെന്നാണ് ആരാധകർ കമന്റായി കുറിച്ചത്. അനുകൂലിച്ചുള്ള കമന്റുകൾ പോലെ തന്നെ പ്രതികൂലിച്ചും കമന്റുകൾ ശിവകാർത്തികേയന്റെ കുടുംബചിത്രത്തിന് ലഭിച്ചിട്ടുണ്ട്. അയാളൻ എന്ന ചിത്രമാണ് ശിവകാർത്തികേയന്റേതായി തിയറ്ററുകളിൽ വരാൻ പോകുന്നത്.
ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്ത് വിട്ടിരുന്നു. നിലവിൽ താരം തന്റെ കരിയറിലെ 21-ാം ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ്. രാജ്കുമാർ പെരിയസ്വാമിയാണ് ചിത്രത്തിന്റെ സംവിധായകൻ. കശ്മീരിലെ ചിത്രീകരണത്തിന്റെ ശേഷം എസ്കെ 21 ഷൂട്ടിങ് നിലവിൽ ചെന്നൈയിൽ പുരോഗമിക്കുകയാണ്.


Click it and Unblock the Notifications